ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരിയായി റവ. ബിജി മാത്യു ചാര്‍ജെടുത്തു.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മാര്‍ത്തോമാ സഭയിലെ ഒരു പട്ടക്കാരനായി സേവനം അനുഷ്ഠിക്കുന്ന അച്ചന്റെ സ്വദേശം കുലശേഖരമാണ്. എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, മേഴക്കോടിലെ അംഗമായ അച്ചന്‍ കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ഭദ്രാസനങ്ങളില്‍ സേവനം അനുഷ്ഠിച്ചു. റാന്നി- നിലയ്ക്കല്‍ ഭദ്രാസനത്തില്‍ ആറു വര്‍ഷവും, ചെന്നൈ- ബാംഗ്ലൂര്‍ ഭദ്രാസനത്തിലും, യുവജനസഖ്യം കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. തുമ്പമണ്‍ -സെഹിയോന്‍ ഇടവകയില്‍ നിന്നും ന്യൂയോര്‍ക്കിലെ എബനേസര്‍ ഇടവകയിലേക്ക് സ്ഥലംമാറിവന്ന അച്ചനും കുടുംബത്തിനും ഇടവകയുടെ വകയായി ഊഷ്മളമായ വരവേല്പ് നല്‍കി.

മെയ് മാസം ഏഴാംതീയതി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൂടിയ മീറ്റിംഗില്‍ വച്ച് അച്ചനേയും കുടുംബത്തേയും ഇടവക സെക്രട്ടറി സി.എസ് ചാക്കോ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. പുതിയ സംസ്കാരവും ജീവിത രീതികളും കാലാവസ്ഥയിലെ വ്യതിയാനവുമുള്ള ഈ നാട്ടിലേക്ക് കടന്നുവരുന്ന അച്ചനും കുടുംബത്തിനും ഇടവക ജനങ്ങള്‍ താങ്ങും തണലുമാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയതോടൊപ്പം അച്ചന്റെ വരുംകാല സേവനം ഇടവകയുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകട്ടെ എന്നും ആശംസിച്ചു.

അച്ചനേയും കൊച്ചമ്മേയേയും മക്കളേയും ഇവകയ്ക്ക് പരിചയപ്പെടുത്തിയ സെക്രട്ടറി, സണ്‍ഡേ സ്കൂള്‍ കൂട്ടികള്‍ എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.

കുമ്പനാട് ശാലോം മാര്‍ത്തോമാ ഇടവകാംഗമായ ഷെറിന്‍ കൊച്ചമ്മ (ഷെറിന്‍ ബിജി മാത്യു), മക്കളായ ശ്രേയ ബിജി മാത്യു, അഭിഷേക് ബിജി മാത്യു എന്നിവരേയും ഇടവക പ്രത്യേകം ആദരിച്ചു.

അച്ചന്‍, റവ. ബിജി മാത്യു തന്റെ മറുപടി പ്രസംഗത്തില്‍ എബനേസര്‍ ഇടവകയില്‍ നിന്നും ലഭിച്ച സ്‌നേഹനിര്‍ഭരമായ വരവേല്‍പിന് പ്രത്യേക നന്ദിയും സ്‌നഹവും അറിയിച്ചതിനൊപ്പം സഭാ- ഭദ്രാസന ചരിത്രത്തില്‍ ഒരു പ്രത്യേക സ്ഥാനം പിടിച്ച ഈ ഇടവകയില്‍ സേവനം അനുഷ്ഠിക്കാന്‍ ലഭിച്ച അവസരത്തെയോര്‍ത്ത് പ്രത്യേക സ്‌തോത്ര സ്തുതികള്‍ അര്‍പ്പിക്കുന്നതായും അറിയിച്ചു. വൈവിധ്യമാര്‍ന്ന ഭാഷാ-സംസ്കാര-ശൈലികള്‍ ഉള്‍ക്കൊള്ളുന്ന ഈ രാജ്യത്ത് എല്ലാം പുതുമയുടേയും, അപരിചിതത്വത്തിന്റേയും നടുവിലാണ് തങ്ങള്‍ എത്തപ്പെട്ടതെന്നും, ഇടവകയിലെ ഓരോ വ്യക്തികളുടേയും കുടുംബങ്ങളുടേയും കരുതലും സഹായവും തങ്ങള്‍ക്കുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. ഇടവകയുടെ വളര്‍ച്ചയ്ക്ക് നിദാനമായ കാര്യങ്ങളെ പരാമര്‍ശിച്ച അച്ചന്‍ സംഘടനകളുടെ വളര്‍ച്ചയും ഒന്നിച്ചുള്ള സ്‌നേഹ കൂട്ടായ്മയും വളരെയേറെ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.

ഇടവക ക്വയറിന്റെ നേതൃത്വത്തിലുള്ള ഗാനാലാപനത്തിനും, വികാരി റവ. ബിജി മാത്യുവിന്റെ പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം സ്വീകരണ യോഗം പര്യവസാനിച്ചു.കടന്നുവന്ന എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. സി.എസ്. ചാക്കോ (ഇടവക സെക്രട്ടറി അറിയിച്ചതാണിത്).

revbijimathew_pic5 revbijimathew_pic6 revbijimathew_pic7 revbijimathew_pic1revbijimathew_pic1a  revbijimathew_pic2 revbijimathew_pic3 revbijimathew_pic4

LEAVE A REPLY

Please enter your comment!
Please enter your name here