ന്യൂഡൽഹി ∙ ‘ഹോക്കി പരിശീലകനെ ആവശ്യമുണ്ട്. പ്രത്യേക ശ്രദ്ധയ്ക്ക്: ഹോക്കി മേലാളന്മാരെ സുഖിപ്പിച്ചു നിർത്താൻ അറിയുന്നവർ മാത്രം അപേക്ഷിച്ചാൽ മതി’

ഇന്ത്യൻ ഹോക്കി ടീമിനു പുതിയ പരിശീലകനെ തേടി പരസ്യം നൽകുമ്പോൾ ഈ വാചകം കൂടി ചേർക്കുന്നതു നന്നായിരിക്കും. 1994 മുതൽ 2015 വരെയുള്ള 21 വർഷത്തിനിടെ ഇന്ത്യൻ ഹോക്കി അടക്കി വാണതു രണ്ടു പേരാണ്. കെ.പി.എസ്. ഗില്ലും തുടർന്ന് നരീന്ദർ ബത്രയും. ഇതിനിടെ, സ്വദേശികളും വിദേശികളുമായി 22 പരിശീലകർ വന്നുപോയി. കളത്തിനു പുറത്തെ കളികളാണു പലരുടേയും കസേര തെറിപ്പിച്ചത്. ഹോളണ്ടുകാരൻ പോൾ വാനസാണ് ഈ നാടകത്തിന്റെ അവസാന ഇര.

അടുത്ത വർഷം നടക്കുന്ന ഒളിംപിക്സിൽ ഇന്ത്യയെ മെഡൽ തിളക്കത്തിലേക്കു നയിക്കാൻ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പോൾ വാനസിനെ അഞ്ചു മാസത്തിനകം മടക്കി അയച്ചിരിക്കുന്നു. അദ്ദേഹത്തിനു കീഴിൽ ടീം കളിച്ചതു രണ്ടു ടൂർണമെന്റ് മാത്രം. ഇതിൽ അസ്‌ലം ഷാ കപ്പിൽ വെങ്കലവും ലോക ‌ഹോക്കി ലീഗ് സെമിഫൈനലിൽ നാലാം സ്ഥാനവും നേടി. പുതിയ പരിശീലകനു കീഴിൽ മോശമല്ലാത്ത പ്രകടനം. എന്നാൽ, നരീന്ദർ ബത്രയെന്ന അധികാരിയോടു വഴക്കിട്ട് വാനസും പാതിവഴിയിൽ ഇന്ത്യയിൽനിന്നു മടങ്ങുകയാണ്.

1994 മുതൽ 2008 വരെ കെ.പി.എസ്. ഗിൽ ഹോക്കി ഭരിച്ച കാലയളവിൽ ടീമിനെ കളി പഠിപ്പിക്കാനെത്തിയത് 17 പരിശീലകർ. ബത്ര സ്ഥാനമേറ്റ് അഞ്ചു വർഷത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന നാലാമത്തെ കോച്ചാണു പോൾ വാനസ്. പതിനാറു വർഷത്തിനു ശേഷം ഇ‌‌ന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് സ്വർണം നേടിത്തന്ന ടെറി വാൽഷ് എന്ന ഓസ്ട്രേലിയക്കാരൻ പുറത്തുപോകാനുള്ള കാരണവും ബത്രയുമായുള്ള ഉടക്ക്തന്നെ.

2001 മുതൽ ഇന്ത്യൻ ഹോക്കി ടീം പരിശീലകന്റെ കസേരയിൽ ഇരിപ്പുറയ്ക്കാതെ ‌പുറത്തുപോകേണ്ടിവന്നവർ

സെഡറിക് ഡിസൂസ (ഫെബ്രുവരി 2001-മാർച്ച് 2002)

രജീന്ദർ സിങ് സീനിയർ (ഏപ്രിൽ 2002-ജൂലൈ 2004)

ഗെർഹാഡ് റാഷ് -ജർമനി (ഓഗസ്റ്റ് 2004- ജനുവരി 2005)

രജീന്ദർ സിങ് ( ഏപ്രിൽ 2005- മാർച്ച് 2006)

വാസുദേവൻ ഭാസ്കരൻ (ഏപ്രിൽ 2006- മാർച്ച് 2007)

ജോക്വിം കർവാലോ ( മാർച്ച് 2007- മാർച്ച് 2008)

ജോസ് ബ്രാസ -സ്പെയിൻ ( മേയ് 2009- നവംബർ 2010)

മൈക്കൽ നോബ്സ് -ഓസ്ട്രേലിയ (ജൂലൈ 2001- ജൂലൈ 2013)

ടെറി വാൽഷ് –ഓസ്ട്രേലിയ (ഒക്ടോബർ 2013- ഒക്ടോബർ 2014)

പോൾ വാനസ് –ഹോളണ്ട് ജനുവരി 2015- ജൂലൈ 2015

LEAVE A REPLY

Please enter your comment!
Please enter your name here