ആലുവ: കൊച്ചിയുടെ സ്വപ്നപദ്ധതിയായ മെട്രോ റെയിലില്‍ വനിതകൾക്കും അഭിമാനിക്കാന്‍ വകയേറെ. വിവിധ മേഖലകളില്‍ വനിതകൾക്ക് പ്രാതിനിധ്യം നല്‍കിയ അധികാരികള്‍ മെട്രോ ട്രെയിന്‍ ഓടിക്കാനും ഇവർക്ക് അവസരം നല്‍കിയിട്ടുണ്ട്. മെട്രോയില്‍ ലോക്കോ പൈലറ്റുമാരായി 39 പേരാണുള്ളത്. ഇതില്‍ ഏഴുപേര്‍ വനിതകളാണ്. 

ട്രെയിന്‍ പൂര്‍ണമായും ഓട്ടോമാറ്റിക്കായാണ് പ്രവര്‍ത്തിക്കുക. എന്നാല്‍, തുടക്കത്തില്‍ കുറച്ചുനാള്‍ ലോക്കോ പൈലറ്റുമാരെ  ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം. ഇതിനാണ് 39 പേരെ  തെരഞ്ഞെടുത്തിട്ടുള്ളത്. സ്‌റ്റേഷന്‍ കണ്‍ട്രോളര്‍ കം ട്രെയിന്‍ ഓപറേറ്റര്‍ എന്നാണ് തസ്തികയുടെ പേര്. മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവരെ മാത്രമെ പരിഗണിച്ചിട്ടുള്ളൂ. ഇലക്ട്രിക്കൽ,  ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ വിഷയങ്ങളില്‍ എൻജിനീയറിങ് ഡിപ്ലോമയുള്ളവരെയാണ് ഈ തസ്തികയില്‍ നിയമിച്ചിട്ടുള്ളത്. 

2016 മാര്‍ച്ച് 15 മുതല്‍ മൂന്നുമാസം ബംഗളൂരു മെട്രോയിലായിരുന്നു ഇവര്‍ക്ക് പരിശീലനം. തുടർന്ന്, കൊച്ചി മെട്രോയിലാണ് പരിശീലനം നല്‍കുന്നത്. ആദ്യ 40 കി.മീ. യാർഡിനകത്തായിരുന്നു പരിശീലനം. പിന്നീടാണ് ലൈനില്‍ ഇറങ്ങിയത്. 

400 കി.മീ. പരിശീലനം പൂര്‍ത്തിയാക്കുമ്പോഴാണ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. മണിക്കൂറില്‍ 75 കി.മീ. വേഗത്തില്‍ വരെയാണ് ഇതുവരെ ട്രെയിന്‍  ഓടിച്ചതെന്ന് ലോക്കോ ൈപലറ്റുമാരായ ഗോപിക സന്തോഷ്, വി.എസ്. വന്ദന എന്നിവര്‍ പറഞ്ഞു. എല്ലാവിധ സുരക്ഷസംവിധാനങ്ങളോടെയാണ് മെട്രോ ട്രെയിന്‍ തയാറാക്കിയിട്ടുള്ളത്. 

അതിനാല്‍ ഒരുഅപകടത്തിനും സാധ്യതയില്ലെന്ന് ഇരുവരും പറയുന്നു. വനിതകളടക്കമുള്ള ലോക്കോ പൈലറ്റുമാര്‍ക്ക് മുട്ടത്തെ യാർഡിനകത്ത് താമസ സൗകര്യം നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവില്‍ ഈ സൗകര്യം ആയിട്ടില്ല.

ki20metro

LEAVE A REPLY

Please enter your comment!
Please enter your name here