ന്യൂഡൽഹി∙ ഏറെ കോളിളക്കം സൃഷ്ടിച്ച ഐപിഎൽ ഒത്തുകളിക്കേസിൽ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് മേൽ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (മക്കോക്ക) വകുപ്പുകൾ ചുമത്തിയ ഡൽഹി പൊലീസിന്റെ നടപടി പട്യാല ഹൗസ് കോടതി റദ്ദാക്കി. ഇതുൾപ്പെടെ ശ്രീശാന്തിന് മേൽ ചാർത്തപ്പെട്ട വിവിധ വകുപ്പുകളുൾപ്പെട്ട കുറ്റപത്രവും കോടതി റദ്ദാക്കിയിട്ടുണ്ട്. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നീന ബന്‍സാല്‍ കൃഷ്ണയാണ് ശ്രീശാന്തിന് ഏറെ ആശ്വാസം പകരുന്ന ഈ വിധി പ്രഖ്യാപിച്ചത്. ശ്രീശാന്തിനൊപ്പം പ്രതി ചേർക്കപ്പെട്ട എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. തുടരന്വേഷണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. വിധിക്കെതിരെ അപ്പീൽ പോകാൻ ഡൽഹി പൊലീസിന് അവസരമുണ്ട്.

പലതവണ മാറ്റിവച്ചശേഷമാണ് ഐപിഎല്‍ ഒത്തുകളിക്കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നീന ബന്‍സാല്‍ കൃഷ്ണ ഇന്ന് വിധി പ്രഖ്യാപിച്ചത്. മക്കോക്ക റദ്ദാക്കിയതോടെ ശ്രീശാന്തിന് കേസില്‍ നിന്ന് എളുപ്പത്തില്‍ മോചിതനാകാന്‍ കഴിയുമെന്നാണ് അഭിഭാഷകരുടെ വിലയിരുത്തല്‍. ഇതോടെ, ഏറെ നാളുകൾക്കുശേഷം ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ചുവരവിനും വിധി വഴിയൊരുക്കുയേക്കും. വിധി അനുകൂലമായാല്‍ ശ്രീശാന്തിനെ പിന്തുണയ്ക്കുമെന്ന് കെസിഎ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

നേരത്തെ, രണ്ടു മണിയോടെ വിധി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും അവസാന നിമിഷം കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയിൽ നടത്തിയ നാടകീയ നീക്കത്തെ തുടർന്ന് വിധി പറയുന്നത് നാലു മണിയിലേക്ക് മാറ്റുകയായിരുന്നു. ഐപിഎൽ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് കേരളം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഇവരെ ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനുമായി കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതിനെ തുടർന്നാണ് ഇക്കാര്യംകൂടി പരിഗണിച്ച് വിധി പറയുന്നത് നാലു മണിയിലേക്ക് മാറ്റിയത്. എന്നാൽ, കേസ് മനഃപൂർവം താമസിപ്പിക്കാനുള്ള ശ്രമമാണ് ഡൽഹി പൊലീസ് നടത്തുന്നതെന്നാണ് ശ്രീശാന്തിന്റെ അഭിഭാഷകർ വാദിക്കുന്നത്.

2013 മേയ് ഒന്‍പതിന് മൊഹാലിയില്‍ കിങ്സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം തന്‍റെ രണ്ടാം ഓവറില്‍ പതിനാല് റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നായിരുന്നു ഡല്‍ഹി പൊലീസിന്‍റെ ആരോപണം. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക സംഘാംഗങ്ങളാണ് വാതുവയ്പ് നിയന്ത്രിച്ചിരുന്നതെന്നും ആറായിരം പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസിലെ 42 പ്രതികളില്‍ 36 പേരെ മാത്രമാണ് പിടികൂടാനായത്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here