ത്ത് വര്‍ഷം നീണ്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒരു ഘട്ടത്തിന് ഇത്തവണത്തെ പോരാട്ടത്തോടെ തിരശ്ശീല വീണു. അടുത്ത സീസണില്‍ മൊത്തം ടീമുകളും അഴിച്ചുപണിത് മുഖം മിനുക്കി വരും. നാടകീയമായി മാറിയ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റിനെ കീഴടക്കി പത്താം സീസണിലെ ചാംപ്യന്‍മാരായി. ഏറ്റവും കൂടുതല്‍ തവണ ഐ.പി.എല്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന പെരുമയും അവര്‍ സ്വന്തമാക്കി. നാല് ഫൈനലുകള്‍ കളിച്ച അവര്‍ മൂന്നാം തവണയാണ് കിരീടത്തില്‍ മുത്തമിടുന്നത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവര്‍ക്കൊപ്പം രണ്ട് ചാംപ്യന്‍പട്ടം സ്വന്തമാക്കിയ ടീമായിരുന്നു മുംബൈയും.
കിരീടം അര്‍ഹിച്ച രണ്ട് ടീമുകള്‍ തന്നെ ഫൈനലില്‍ ഏറ്റുമുട്ടി എന്നതാണ് പത്താം സീസണിന്റെ പ്രത്യേകത. ലീഗ് റൗണ്ടിലും ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തിലും മുംബൈയെ വീഴ്ത്തിയ പൂനെയ്ക്ക് നിര്‍ണായക ഘട്ടത്തില്‍ അവരെ പരാജയപ്പെടുത്താന്‍ സാധിക്കാതെ പോയി. വിജയിക്കാനുള്ള ആഗ്രഹം മുംബൈ ഇന്ത്യന്‍സിന്റെ ഓരോ താരത്തിലും വ്യക്തമായിരുന്നു. ഫൈനലില്‍ മിച്ചല്‍ ജോണ്‍സന്റെ അന്താരാഷ്ട്ര വേദികളില്‍ തിളങ്ങിയ പരിചയ സമ്പത്ത് മുംബൈയ്ക്ക് തുണയായി മാറി. ഈ സീസണില്‍ ടീമിലേക്ക് തിരികെ വിളിക്കപ്പെട്ട ജോണ്‍സന്‍ തന്റെ മൂല്യം തെളിയിക്കുകയും ചെയ്തു. അവസാന ഓവറില്‍ പത്ത് റണ്‍സ് വേണമായിരുന്നു പൂനെയ്ക്ക്. മികച്ച ഫോമില്‍ നില്‍ക്കുന്ന പൂനെ നായകന്‍ സ്മിത്തും മനോജ് തിവാരിയും ക്രീസില്‍. ഒരു ഫോര്‍ വഴങ്ങിയെങ്കിലും പിന്നീട് സ്മിത്തിനേയും തിവാരിയേയും മടക്കി ജോണ്‍സന്‍ മുംബൈയ്ക്ക് നാടകീയ വിജയമൊരുക്കുകയായിരുന്നു.
സംഘ ബലത്തിന്റെ മികവാണ് മുംബൈയുടെ മൂന്നാം കിരീട നേട്ടത്തിന്റെ ആണിക്കല്ല്. ഒരാളില്ലെങ്കില്‍ മറ്റൊരാള്‍ എന്ന നിലയില്‍ അവരുടെ ഓരോ താരങ്ങളും തിളങ്ങി. മുന്നില്‍ നിന്ന് നയിക്കാനുള്ള കെല്‍പ്പ് തനിക്കുണ്ടെന്ന് രോഹിത് ശര്‍മ ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു. ഐ.പി.എല്ലിലെ ഏറ്റവും മികച്ച നായകനെന്ന പെരുമയിലേക്ക് വളരാനും രോഹിതിനായി. ഓപണിങില്‍ പാര്‍ഥിവ് പട്ടേല്‍ പുലര്‍ത്തിയ സ്ഥിരത, ക്രുണല്‍, ഹര്‍ദിക് പാണ്ഡ്യ സഹോദരന്‍മാരുടെ ഓള്‍റൗണ്ട് മികവ്, പൊള്ളാര്‍ഡിന്റെ കൂറ്റനടികള്‍, നിതീഷ് റാണയെന്ന അപ്രശസ്തനായ ഒരു താരത്തിന്റെ ബാറ്റിങ് മികവ്, ജസ്പ്രിത് ബുമ്‌റയും മക്ലനാഗനും മിച്ചല്‍ ജോണ്‍സനും ലസിത് മലിംഗയും ഉള്‍പ്പെട്ട പേസ് ബൗളര്‍മാരുടെ കണിശമാര്‍ന്ന പന്തുകള്‍ തുടങ്ങിയ മുംബൈ നിരയുടെ പ്രകടന മികവിന് അടിത്തറ പാകിയ താരങ്ങള്‍ നിരവധി. വ്യക്തികത പ്രകടനങ്ങള്‍ മത്സരം ജയിപ്പിച്ചേക്കാം എന്നാല്‍ കിരീട വിജയത്തിന് ടീമിന്റെ മൊത്തം സംഭാവന അനിവാര്യമാണെന്ന് രോഹിത് ശര്‍മ പറഞ്ഞതും ഈ മികവുകള്‍ മുന്‍നിര്‍ത്തിയാണ്. ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ മുന്നേറിയ മുംബൈ ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ കാലിടറി വീണെങ്കിലും നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് കടക്കുകയായിരുന്നു. ഫൈനലില്‍ 129 റണ്‍സ് മാത്രം കണ്ടെത്തിയിട്ടും അത് പ്രതിരോധിക്കാന്‍ അവര്‍ മൈതാനത്ത് നടപ്പാക്കിയ ജാഗ്രതയും ശ്രദ്ധയും പൂനെയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ പര്യാപ്തമായി എന്നതാണ് മുംബൈ ടീമിന്റെ കിരീട വിജയത്തില്‍ ജ്വലിച്ചുനില്‍ക്കുന്നത്.
പൂനെയും കിരീടം അര്‍ഹിച്ചവര്‍ തന്നെ. ആദ്യ മത്സരം വിജയിച്ച് തുടങ്ങിയ അവര്‍ക്ക് പിന്നീട് തുടര്‍ തോല്‍വികള്‍ നേരിടേണ്ടി വന്നെങ്കിലും വേണ്ട സമയത്ത് മികവിലേക്ക് ഉയര്‍ന്ന് തുടരെ മത്സരങ്ങള്‍ വിജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് അവര്‍ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. ഐ.പി.എല്ലിന് തൊട്ട് മുന്‍പ് ധോണിയെ നായക സ്ഥാനത്ത് നിന്ന് മാറ്റി സ്മിത്തിനെ ക്യാപ്റ്റനാക്കുകയും അതിന്റെ പേരിലുണ്ടായ വിവാദങ്ങളും മറ്റും പൂനെയുടെ സാധ്യതകളെ ചോദ്യ ചിഹ്നത്തില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ മൈതാനത്ത് പൂനെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. 14 കോടിക്ക് ടീമിലെത്തിച്ച ബെന്‍ സ്റ്റോക്‌സടക്കമുള്ള താരങ്ങള്‍ ഉജ്ജ്വല പ്രകടനങ്ങളുമായി കളം നിറഞ്ഞതോടെ അവര്‍ ഹോട്ട് ഫേവറിറ്റുകളായി മാറി. സ്മിത്തിന്റെ മുന്നില്‍ നിന്ന് നയിക്കാനുള്ള മികവും ബാറ്റിങിലെ സ്ഥിരതയും അവരെ ഫൈനലിലെത്തിച്ചു.
പതിവ് പോലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും മികച്ച പ്രകടനങ്ങളുമായി തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയാണ് വിട വാങ്ങിയത്. അതേസമയം ഡല്‍ഹി ഡയര്‍ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകളുടെ ബാലാരിഷ്ടതകള്‍ക്ക് ഇത്തവണയും മാറ്റമുണ്ടായില്ല. ഡല്‍ഹിയുടെ മലയാളി താരം സഞ്ജു സാംസണും റിഷഭ് പന്തും നടത്തിയ ബാറ്റിങ് പ്രകടനങ്ങള്‍ മാത്രം വേറിട്ടുനിന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രകടനത്തെ ദയനീയം എന്നു തന്നെ പറയാം.
ടി20 കണ്ട ഏറ്റവും മികച്ച താരങ്ങളുണ്ടായിട്ടും ഇത്തവണ അവര്‍ പച്ചപിടിക്കാതെ ഏറ്റവും അവസാന സ്ഥാനക്കാരായി മടങ്ങിയത് അദ്ഭുതപ്പെടുത്തി. ഗുജറാത്ത് ലയണ്‍സ് കഴിഞ്ഞ തവണത്തെ മികവ് ഒരു ഘട്ടത്തില്‍ പോലും പുറത്തെടുത്തില്ല എന്നതും ശ്രദ്ധേയമായി. മലയാളി താരം ബേസില്‍ തമ്പിയുടെ മികച്ച ബൗളിങ് സ്‌പെല്ലുകളാണ് അവരുടെ ഹൈലൈറ്റായി നിന്നത്. കേരളത്തിന് അഭിമാനിക്കാന്‍ വക നല്‍കി ബേസില്‍ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. നേരത്തെ സഞ്ജു സാംസണും ഈ പുരസ്‌കാരം നേടിയിരുന്നു.
അടുത്ത സീണില്‍ പൂനെ, ഗുജറാത്ത് ടീമുകള്‍ ഉണ്ടാവില്ല. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ മടങ്ങിയെത്തും. ചെന്നൈ മടങ്ങി വരവിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും വാര്‍ത്തകളുണ്ട്. ഒരു സീസണില്‍ മാത്രം കളിച്ച കേരളത്തിന്റെ സ്വന്തം ടീം കൊച്ചി ടസ്‌കേഴ്‌സ് കേരളയും അടുത്ത സീസണിലുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും അത്തരമൊരു നീക്കം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ നമുക്ക് കാത്തിരിക്കാം.

ഐ.പി.എല്‍ പുരസ്‌കാരങ്ങള്‍

മികച്ച ബാറ്റിങ്: ഡേവിഡ് വാര്‍ണര്‍
(ഹൈദരാബാദ്- 641 റണ്‍സ്)
മികച്ച ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍
(ഹൈദരാബാദ്- 26 വിക്കറ്റുകള്‍)
മികച്ച യുവ താരം: ബേസില്‍ തമ്പി
(ഗുജറാത്ത്- 12 കളി 11 വിക്കറ്റുകള്‍)
കൂടുതല്‍ സിക്‌സുകള്‍: ഗ്ലെന്‍ മാക്‌സ്‌വെല്‍
(പഞ്ചാബ്- 26 സിക്‌സുകള്‍)
സൂപ്പര്‍ ഫാസ്റ്റ് ഫിഫ്റ്റി: സുനില്‍ നരെയ്ന്‍
(കൊല്‍ക്കത്ത- 15 പന്തില്‍ 50)
ഗ്ലാമര്‍ ഷോട്ട്:
യുവരാജ് സിങ് (ഹൈദരാബാദ്)
സ്റ്റൈലിഷ് കളിക്കാരന്‍:
ഗൗതം ഗംഭീര്‍ (കൊല്‍ക്കത്ത)
ഫയര്‍ പ്ലെ പുരസ്‌കാരം:
ഗുജറാത്ത് ലയണ്‍സ്
വിലകൂടിയ താരം: ബെന്‍ സ്റ്റോക്‌സ്
(പൂനെ- 316 റണ്‍സ്, 12 വിക്കറ്റുകള്‍)
മികച്ച ക്യാച്: സുരേഷ് റെയ്(ഗുജറാത്ത്)
ഫൈനലിലെ താരം:
ക്രുണല്‍ പാണ്ഡ്യ (മുംബൈ)
മികച്ച പിച്ച്, ഗ്രൗണ്ട്: പഞ്ചാബ്, മുംബൈ, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here