ഇടയനും കുഞ്ഞാടുകളും
ഭാര്യയുടെ നിർത്താതെയുള്ള ശകാരം കേട്ടാണ് രാവിലെ കണ്ണുതുറന്നത്.ഇവൾക്കെന്താ രാവിലെ വട്ടായോ, ഓ പിള്ളേരോടാണ് കൂട്ടത്തിൽ തനിക്കിട്ടും ഉണ്ട്. ” നല്ലൊരു അവധി ദിവസം പോരാത്തതിന് ഞയറാഴ്ച്ചയും ഇവളൊരു സമാധാനവും തരില്ലല്ലോ കർത്താവെ ” എന്ന് മന:സ്സിൽ വിചാരിച്ച് പുതപ്പ് വലിച്ച് മാറ്റി എഴുന്നേറ്റു.”എന്തിനാടീ കിടന്ന് അലയ്ക്കുന്നത് ” എന്റെ ചോദ്യം കേട്ട് അവളൊന്ന് രൂക്ഷമായി നോക്കി.വേണ്ടായിരുന്നു എന്ന് അപ്പോൾ തോന്നി. ” നിങ്ങൾക്ക് വല്ലതും അറിയണോ, പുതച്ച് മൂടി കിടന്നാൽ പോരെ.

രാവിലെ പിള്ളേരെ Sunday schoolil കൊണ്ട് വിടാൻ നോക്ക് മനുഷ്യാ ,ഞാനിതുവരെ സാരി പോലും തേച്ച് വെച്ചില്ല, ഇത് മലയാളി വീക്ക് അല്ലേ പള്ളി നിറയെ ആളും ആയിരിക്കും ” അവർക്ക് വാങ്ങി വെച്ചിരിക്കുന്ന പുതിയ പുതിയ സാരികർ ഉടുത്ത് പള്ളിയിൽ പോകാൻ ഞാൻ ഓടണം.” വാ പിള്ളേരെ ഞാൻ വിടാം; എല്ലാവരും Sunday Schooli ന്റെ പുസ്തകവും എടുത്ത് വണ്ടിയിലോട്ട് കേറ്” എന്തൊരു അനുസരണ കേട്ടപാതി എല്ലാം ചാടി വണ്ടിയിൽ കയറി.
         ഉറക്കച്ചിവടോടെ ഒരുവിധം വണ്ടി ഉന്തി പള്ളിയിൽ എത്തി. മാതാപിതാക്കൾക്കൊക്കെ എന്തൊരു ശുഷ്കാന്തി. എല്ലാവരും തങ്ങളുടെ മക്കളെ ആത്മീയരായി വളർത്താൻ  കിടക്കപ്പായിൽ നിന്ന് തട്ടി എഴുന്നേൽപ്പിച്ച്  വന്നുകൊണ്ടിരിക്കുന്നു. “കേറി വരിനെടാ പിള്ളേരേ, നിന്നെയൊക്കെ ഇന്ന് നല്ല വഴി പഠിപ്പിച്ചിട്ടേ ഉള്ളൂ” എന്ന അർത്ഥത്തിൽ പള്ളിയുടെ വാതിൽക്കൽ തന്നെ പ്രീയ വികാരി അച്ചനും, അച്ചന് ഒരു Support ആയിക്കോട്ടെ എന്ന് കരുതിയാവും പള്ളിയിലെ കൈക്കാരനും അച്ചന്റെ വലംകൈയ്യുമായ പ്രധാന അദ്ധ്യാപകനും. ചില കുട്ടികളെ കെട്ടിപ്പിടിച്ചും, ചിലരുടെ തോളിൽ തട്ടിയും രണ്ടു പേരും മാറി മാറി കുട്ടികളെ അകത്തേയ്ക്ക് ആനയിക്കുന്നു.
“സൂക്ഷിച്ച് പോ മക്കളെ ” എന്ന് ആശീർവദിച്ച്  കുട്ടികളെ പ്രധാന കവാടത്തിൽ ഇറക്കി വിട്ടു.
            തിരികെ ചെന്ന് വീണ്ടും കയറി കിടക്കാം എന്ന് വെച്ചാൽ അവള് തെറി പറയും. കമ്പനിക്കാര് ആരും എത്തിയിട്ടും ഇല്ല” ശ്ശെടാ എന്തു ചെയ്യും” എന്നാലോചിച്ച് വണ്ടി തിരിക്കുംബോഴേക്കും ഓരോരുത്തരായി വരുന്നത് കണ്ടു. വണ്ടി ഒതുക്കി ഇറങ്ങി.സ്വാമിയുടെ സാധനം മുറിച്ച ചൂടുള്ള വിഷയവുമായിട്ടാണ്  ഒരുത്തൻ ഇറങ്ങിയത്. വിഷയം ചൂടുള്ളത് ആയതു കൊണ്ട് കൂലംങ്കഷമായ ഒരു ചർച്ച തന്നെ നടത്തി. സമയം പോകുന്നതോർത്ത് തൽക്കാലത്തേയ്ക്ക് ചർച്ച നിർത്തി വെച്ചു.ബാക്കി കുർബാ‌നയ്ക്ക് വരുംബോൾ തുടരാം എന്ന ഉറപ്പിൽ യോഗം പിരിച്ച് വിട്ടു.
        

തിരികെ വീട്ടിൽ ചെന്ന് കയറുംബോൾ പെണ്ണുംബിള്ള പുതിയ സാരിയും ഉടുത്ത് ഭദ്രകാളിയായി നിൽക്കുന്നു.”നിങ്ങൾ ഇത്ര നേരം എവിടെ പോയി കിടക്കുവാരുന്നു. ഈ സാരിയുടെ  തുമ്പൊന്നുപിടിക്കാൻ എത്ര നേരമായി ഞാൻ നോക്കി നിൽക്കുവാ,വന്ന് ഇതൊന്ന് പിടിച്ചേ” അനുസരണയുള്ള ഏത് ഭർത്താക്കൻമാരെപ്പോലെ ഞാനും ചെന്ന് അവളുടെ പാദത്തിൽ ഇരുന്നു. വളരെ ഭവ്യതയോടെ സാരിയുടെ ഓരോ മടക്കും എടുത്ത് അടുക്കി വെച്ചു.ഒരു നന്ദി വാക്ക് കേൾക്കാം എന്ന കൊതിയോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി ” എന്റെ മുഖത്ത് നോക്കി ഇരിക്കാതെ പോയി ഒരുങ്ങ് മനുഷ്യാ, അച്ചൻ ഇപ്പോ കുർബാന തുടങ്ങും.” ഇവൾക്കിതെന്തു പറ്റി അച്ചനോടും കുർബാനയോടും പെട്ടെന്ന് ഒരു സനേഹം, ആ എന്തെങ്കിലും ആകട്ട് വേഗം ഒരുങ്ങിയേക്കാം.
      

     വണ്ടി പാർക്ക് ചെയ്തപ്പോഴെ അടുത്ത ഓർഡർ എത്തി ” കാപ്പി കുടിക്കാനൊന്നും പോകണ്ട എന്റെ കൂടെ പള്ളീലോട്ട് കേറിക്കോ”. കാപ്പിയും മോന്തി ദൂരെയായി നിൽക്കുന്ന സുഹൃത്തുക്കളെ അസൂയയോടെ നോക്കി ഭാര്യയുടെ കൂടെ അനുസരണയുള്ളവനായി പള്ളിയിലേയ്ക്ക് കയറി.തലേന്ന് അടിച്ചത് ഇത്തിരി കൂടിപ്പോയതാണോ എന്തോ ദേഹത്തിനൊക്കെ ഒരു വേദന. പള്ളിയിൽ കയറി വളരെ ഭവ്യതയോടെ നിന്നു. പതിവിലും നേരത്തെ എത്തിയത്കൊണ്ടാണോ എന്നറിയില്ല ആണുങ്ങളുടെ ഭാഗം ഏറക്കുറെ ഒഴിഞ്ഞ് കിടക്കുന്നു. അടുത്ത് നിന്നവനോട് ചോദിച്ചു ” അച്ചന്റെ പ്രസംഗം കഴിഞ്ഞോ” “ഇല്ല കുർബാന തുടങ്ങിയതെ ഉള്ളൂ” ഇവൻ എവിടുന്ന് വരുന്നെടാ എന്ന രീതിയിൽ അവൻ എന്നെ ഒന്ന് നോക്കി.”ചോദിക്കണ്ടായിരുന്നു” ഞാൻ മനസിൽ പറഞ്ഞു.

വേദപുസ്തക വായന കഴിഞ്ഞ് അച്ചൻ പ്രസംഗിക്കാനായി തിരിഞ്ഞു. പള്ളിയിൽ ഉണ്ടായിരുന്ന കുഞ്ഞാടുകളുടെ മുഖത്ത് ആശ്വാസം. 10-15 മിനിട്ട് അച്ചൻ തകർത്തോളും. കിട്ടിയ സമയം കുറെപ്പേർ വാട്ട്സ്ആപ്പിൽ ചികയാൻ തുടങ്ങി. മറ്റു ചിലർ ക്രിക്കറ്റിന്റെ സ്കോറും, പിന്നെ പത്രങ്ങളിലൂടെയും. രാത്രി ജോലി കഴിഞ്ഞ് കുർബാന കാണാൻ വന്ന ചില കുഞ്ഞാടുകൾ തല കുമ്പിട്ടിരുന് കൂർക്കം വലിക്കുന്നു. ഏറ്റവും മുൻപിൽ കുട്ടികൾ തലേന്ന് രാത്രിയിൽ കണ്ട സിനിമാ കഥ പറഞ്ഞ് ചിരിക്കുന്നു. സ്ത്രീകളുടെ ഭാഗം എങ്ങനെ എന്ന് പറയാൻ കഴിയുന്നില്ല. അവര് കേൾക്കുന്നുണ്ടാവും. പള്ളി കഴിയുംബോൾ ഭാര്യയോട് തന്നെ ചോദിക്കാം. ഏതായാലും കഴിഞ്ഞ ഒരാഴ്ച്ചയായി വികാരി അച്ചൻ വായിച്ചതും, കണ്ടതും, മറ്റുള്ളവർ പറഞ്ഞത് കേട്ടതും എല്ലാം കൂടെ തന്റെ സർവ്വ ശക്തിയും എടുത്ത് പ്രഘോഷിക്കുന്നു. ശരീരവേദനയ്ക്ക് ഒരു ആശ്വാസമാകുമല്ലോ എന്നോർത്ത് ഞാനും പതിയെ ബഞ്ചിലേയ്ക്ക് ചാഞ്ഞു. വീക്ക് ഡെയ്സ് മാത്രം ജോലി ചെയ്യുന്ന

ഏത് ചൂടത്തും കോട്ടിട്ട് വരുന്ന ഒരു അച്ചായൻ തൊട്ടു മുൻപിൽ ഇരുന്ന് സുഖമായി ഉറങ്ങുന്നു. കൊച്ചു മക്കൾ ഉറക്കിക്കാണില്ല പാവത്തിനെ. തൊണ്ട പൊട്ടി പ്രസംഗിച്ച വികാരി അച്ചൻ അത് മതിയാക്കി ചൂടുവെള്ളവും കുടിച്ച്  തൊണ്ടയ്ക്ക് ഒരു സുഖം വരുത്തി പിന്നെയും കുർബാനയിലേയ്ക്ക് തിരിഞ്ഞു. സ്വയം പാട്ടുകാരായി പ്രക്യാപിച്ച തലമൂത്ത ചില കാർന്നോൻമാരും, കാർന്നോത്തികളും തങ്ങളുടെ  കലാ വൈഭവം പ്രകടിപ്പിക്കാനായി മൈക്കിന് വേണ്ടി കടിപിടി കൂടുന്നത് കണ്ടു.ബാല്യ,കൗമാര, യൗവന കാലങ്ങളിൽ മൈക്കിലൂടെ പാടാൻ പറ്റാത്ത കുറവ് പള്ളിയിൽ വന്ന് തൊണ്ട കീറി തീർക്കുന്നു. അനുഭവിക്കുക തന്നെ .
         അച്ചന്റെ പ്രസംഗം കഴിഞ്ഞപ്പോഴേയ്ക്കും പ്രബുദ്ധരായ വിശ്വാസികൾ ഓരോരുത്തരായി എത്തിത്തുടങ്ങി. വളരെ പെട്ടെന്ന് തന്നെ ഒഴിഞ്ഞു കിടന്നിരുന്ന ആണുങ്ങളുടെ ഭാഗം ഏകദേശം ഫുൾ ആയി. എല്ലാ ആഴ്ച്ചയും കേൾക്കുന്നതുകൊണ്ടാണോ എന്നറിയില്ല. കുഞ്ഞാടുകൾക്ക് വികാരി അച്ചന്റെ പ്രസംഗത്തോട് വലിയ താൽപര്യം ഇല്ലന്ന് തോന്നുന്നു.
                വളരെ ഭക്തിയോടെ കുർബാ‌ന അവസാനിച്ചു.വെറുതെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ എപ്പോഴും അവസാനം മാത്രം കുർബാന സ്വീകരിക്കാനും, കൈമുത്താനും പോകുന്ന അച്ചായൻ കൈയ്യും വിരിച്ച് നിന്ന് പ്രർത്ഥിക്കുന്നു. കുറെ പുതിയ മുഖങ്ങളും. പതിവില്ലാതെ അച്ചൻ വിവാഹ വാർഷികക്കാരെയും, ജന്മദിനക്കാരെയും വിളിച്ച് അനുഗ്രഹിച്ച് വിട്ടു.പുതുമുഖങ്ങളെ സ്വാഗതം ചെയ്യുംബോൾ എന്തിനെന്നറിയാത്ത ഒരു പിരിമുറുക്കം  മുഖത്ത്. പണ്ട് കർത്താവ് കയറ് കൊണ്ട് ചമ്മട്ടി ഉണ്ടാക്കി കള്ളൻമാരെയും കൊള്ളക്കാരെയും പുറത്താക്കിയതു പോല “ഈ ഇടവകയിലെ അംഗങ്ങൾ അല്ലാത്തവരെല്ലാം പുറത്തേയ്ക്ക് ഇറങ്ങാൻ” അച്ചൻ നിർദ്ദേശിച്ചു.അതുവരെ കോട്ടുവാ ഇട്ടും, ഉറക്കം തൂങ്ങിയും ഇരുന്നവർ ഉണർന് ജാഗരൂകരായി. “കുഞ്ഞാടുകളെ നിങ്ങളൊക്കെ വളരെ നല്ല ആളുകൾ ആണെന്നും, പറയരുതാത്ത ഒരു കാര്യങ്ങളും നിങ്ങൾ മറ്റുള്ളവരോട് പറയില്ലെന്നും എനിക്കറിയാം” അടുത്തിരുന്ന സുഹൃത്ത് ചെവിയിൽ ചോദിച്ചു ” അച്ചൻ നമ്മുടെ കാര്യം ആണോ പറയുന്നത് ” ” മിണ്ടാതിരുന്ന് കേൾക്കെടാ ” ഞാൻ പറഞ്ഞു.

അച്ചൻ തുടർന്നു “നിങ്ങൾ ഇനി അറിയാതെ അങ്ങനെ വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ മേലിൽ അങ്ങനെ ചെയ്യരുത്. നമ്മുടെ സഭാ കൂട്ടായ്മയിൽ നടക്കുന്ന കാര്യങ്ങൾ നമ്മൾ മാത്രം അറിഞ്ഞാൽ മതി പുറത്തുള്ളവരുമായി നിങ്ങൾ ഒരു കാരണവശാലും നമ്മുടെ കാര്യങ്ങൾ പങ്കു വെയ്ക്കരുത്”. ” മറ്റുള്ളവരുമായി പങ്കുവെയ്ക്കണം എന്നല്ലേ അച്ചോ കർത്താവ് പഠിപ്പിച്ചത്”. മുൻപിൽ ഇരുന്ന് ഒരുത്തൻ പിറുപിറുക്കുന്നത് കേട്ടു. ആർക്കും ഒന്നും മനസിലായില്ലെങ്കിലും ആരോടും ഒന്നും പങ്കുവെയ്ക്കരുത് എന്നാവും അച്ചൻ ഉദ്ദേശിച്ചത് എന്ന് ആശ്വസിച്ച് എല്ലാവരും ഇരുന്നു. സാധാരണ സ്ത്രീരത്ന്നങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലും ഒരു ചോദ്യം ഉയരേണ്ടതാണ്. അവിടേം നിശബ്ദം. അവർക്കും എല്ലാം മനസ്സിലായി എന്ന് തോന്നുന്നു.
         കാര്യങ്ങൾ അങ്ങനെ പോകുംബോഴാണ് കൂട്ടായ്മയിലെ ഒരു പ്രമുഖ വ്യക്തി കൈയ്യിൽ തൂവാലയിൽ പൊതിഞ്ഞ ഒരു ഫോണും ഉയർത്തിപ്പിടിച്ച് വിതുമ്പുന്ന ചുണ്ടുകളോടും, തുളുമ്പുന്ന മിഴികളുമായി എഴുന്നേറ്റത്.ഇദ്ദേഹം നാട്ടിലും വിദേശത്തും ഒരു പ്രമുഖ പാർട്ടിയുടെ നേതാവൊക്കെ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. അത് എന്തെങ്കിലും ആകട്ട്. വളരെ സങ്കീർണമായ ചില ആരോപണങ്ങൾ അദ്ദേഹം സഭയിൽ ഉന്നയിച്ചു.അദ്ദേഹത്തിന്റെ വാമഭാഗത്തിന് ഇടവകയിൽ ഉള്ള ഏതോ ഒരു നല്ല കുഞ്ഞാട്  ചില അശ്ലീല ചിത്രങ്ങളും, വീഡിയോകളും അയച്ചു. വളരെ ഗുരുതരമായ ആരോപണങ്ങൾ ആണ് ഉന്നയിച്ചിരിക്കുന്നത്. കുറച്ച് പേർക്കൊന്നും കാര്യം മനസ്സിലായില്ല, കുറച്ച്പേർ വാ പൊത്തി ചിരിച്ചു.ഒന്നും മനസ്സിലാകാത്ത കൊച്ചു കുട്ടികൾ വീട്ടിൽ ചെന്ന് മാതാപിതാക്കളോട് ചോദിക്കാം എന്ന് മനസ്സിൽ ഉറപ്പിച്ച് പരസ്പരം നോക്കി ഇരുന്നു:
        വളരെ ഗോപ്യമായി പരിഹരിക്കപ്പെടേണ്ട അല്ലെങ്കിൽ പരിഹരിക്കാവുന്ന ഒരു വിഷയം വളരെ അപക്വതയോടെ കൈകാര്യം ചെയ്തത് കണ്ടപ്പോൾ അദ്ദേഹത്തോട് സഹതാപവും ഒപ്പം പുഞ്ചവും തോന്നി. മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമായി കാര്യങ്ങൾ. സ്വന്തം വീട്ടിലെ കാര്യങ്ങൾ മാന്യമായി പരിഹരിക്കാൻ കഴിയാത്ത ഒരാൾ എങ്ങനെ നാട്ടിലുള്ളവരുടെ കാര്യങ്ങൾ അല്ലെങ്കിൽ ഒരു പ്രസ്ഥാനത്തിലുള്ളിലെ കാര്യങ്ങൾ പരിഹരിക്കും എന്ന ചോദ്യം എന്നിൽ ബാക്കിയായി.
            സ്വാമിയുടെ സാധനം മുറിച്ചതിനെക്കുറിച്ചുള്ള ചർച്ച തുടരാനിരുന്ന ഞങ്ങൾ ഭാര്യയ്ക്ക് അശ്ളിലമയച്ച ആ നല്ല കുഞ്ഞാട് ആരായിരിക്കും എന്നോർത്ത് പരസ്പരം തല പുകച്ചു. അടുത്ത ഞയറാഴ്ച്ച അറിയാമായിരിക്കും എന്ന് പരസ്പരം ആശ്വസിപ്പിച്ചും ഓരോ കട്ടൻ കാപ്പിയും കുടിച്ച് തൽകാലത്തേയ്ക്ക് പിരിഞ്ഞു. അടുത്ത ആഴ്ച്ച പിന്നേയും പള്ളിയിൽ വരാൻ ഒരു കാരണം ആയി. ഒരു അഗർബത്തിയുടെ പരസ്യത്തിൽ പറയുന്നതു പോലെ “പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ”

LEAVE A REPLY

Please enter your comment!
Please enter your name here