ഓവല്‍: ഐ.സി.സി ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ബംഗ്ലാദേശിനെ 240 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 84 റണ്‍സിന് കൂടാരം കയറുകയായിരുന്നു.
വമ്പന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ ബംഗ്ലാദേശ് വെല്ലുവിളിയുയര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഓപണര്‍ സൗമ്യ സര്‍ക്കാര്‍(2) സ്‌കോര്‍ 11ല്‍ നില്‍ക്കെ മടങ്ങി. ഭുവനേശ്വര്‍ കുമാറിനായിരുന്നു വിക്കറ്റ്.
ഇതേ സ്‌കോറില്‍ തന്നെ സാബിര്‍ റഹ്മാനെ(0)യും ടീമിന് നഷ്ടമായി. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ടീമിന് സാധിച്ചില്ല. ഇമ്രുല്‍ കയസ്(7) പരിചയസമ്പന്നരായ മുഷ്ഫിഖുര്‍ റഹീം(13) ഷാകിബ് അല്‍ഹസന്‍(7) മഹമ്മൂദുല്ല(0) എന്നിവര്‍ അതിവേഗം പുറത്തായി.
മെഹദി ഹസന്‍(24) സുന്‍സാമുല്‍ ഇസ്‌ലാം(18) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ടീം സ്‌കോര്‍ 70 കടത്തിയത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവര്‍ മൂന്നു വിക്കറ്റെടുത്തു. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്‌റ, ഹര്‍ദിക് പാണ്ഡ്യ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. പരുക്ക് മാറി ടീമിലിടം പിടിച്ച രോഹിത് ശര്‍മ(1) നിരാശപ്പെടുത്തിയതോടെ ഇന്ത്യ സമ്മര്‍ദത്തിലായി. അധികം വൈകാതെ തന്നെ അജിന്‍ക്യ രഹാനെ(11)യും മടങ്ങി. എന്നാല്‍ ശിഖര്‍ ധവാന്‍(60) ദിനേഷ് കാര്‍ത്തിക്(94) സഖ്യം ടീമിനെ മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ധവാന്‍ 67 പന്തില്‍ ഏഴു ബൗണ്ടറിയടക്കമാണ് അര്‍ധസെഞ്ച്വറി തികച്ചത്. കാര്‍ത്തിക് 77 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു.
ധവാനെ സുന്‍സാമുല്‍ മടക്കിയെങ്കിലും കേദാര്‍ ജാദവ(31)മായി ചേര്‍ന്ന് കാര്‍ത്തിക് പോരാട്ടം തുടര്‍ന്നു. ജാദവ് പുറത്തായ ശേഷമെത്തിയ ഹര്‍ദിക് പാണ്ഡ്യ(80*)യാണ് ഇന്ത്യക്ക് 320 റണ്‍സിലധികം നേടിത്തന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here