ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ കേരളത്തിന് രണ്ട് സ്വര്‍ണ മെഡലുകള്‍. പുരുഷന്‍മാരുടേയും വനിതകളുടേയും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ആര്‍ അനു, ജാബിര്‍ എം.പി എന്നിവരാണ് സുവര്‍ണ താരങ്ങളായത്. അനു മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കിയാണ് സുവര്‍ണ നേട്ടത്തിലെത്തിയത്. ആദ്യ ദിനത്തില്‍ പിറന്ന ദേശീയ റെക്കോര്‍ഡിന് ഉത്തര്‍പ്രദേശ് താരം സരിത സിങ് അര്‍ഹയായി. വനിതകളുടെ ഹാമ്മര്‍ ത്രോയിലാണ് സരിത ദേശീയ റെക്കോര്‍ഡ് തിരുത്തിയത്. 

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ആര്‍ അനു 57.39 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയത്. 15 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോര്‍ഡാണ് അനു തിരുത്തിയത്. 2002ല്‍ ഷെഹ്ബാനി ഓറം സ്ഥാപിച്ച 57.60 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് അനുവിന് മുന്നില്‍ വഴിമാറിയത്. രണ്ടാമതെത്തിയ ഒഡിഷയുടെ ജൗന മുര്‍മുവും നിലവിലെ മീറ്റ് റെക്കോര്‍ഡ് തിരുത്തിയാണ് വെള്ളി നേടിയത്. താരം 57.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. കര്‍ണാടകയുടെ അര്‍പിതയാണ് വെങ്കലം നേടിയത്.
പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ജാബിര്‍ എം.പി സ്വര്‍ണം നേടി. മലപ്പുറം മഞ്ചേരി സ്വദേശിയായ ജാബിര്‍ 50.47 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. നാവിക സേന താരമായ ജാബിര്‍ പരുക്കിന് ശേഷമുള്ള തിരിച്ചു വരവില്‍ മികച്ച പ്രകടനമാണ് ഇന്നലെ പുറത്തെടുത്തത്. കഴിഞ്ഞ ഫെഡറേഷന്‍ കപ്പില്‍ അഞ്ചാം സ്ഥാനത്തായി പോയ ജാബിര്‍ ആ നിരാശ ഇന്നലെ തീര്‍ത്താണ് സീനിയര്‍ വിഭാഗത്തിലെ കരിയറിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. തമിഴ്‌നാടിന്റെ സന്തോഷ് കുമാര്‍ വെള്ളിയും ഉത്തര്‍പ്രദേശിന്റെ ദുര്‍ഗേഷ് കുമാര്‍ വെങ്കലവും സ്വന്തമാക്കി.
ഹാമര്‍ ത്രോയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സരിതസിങ് മീറ്റ് റെക്കോര്‍ഡും ദേശീയ റെക്കോര്‍ഡും മറികടന്നാണ് സ്വര്‍ണം നേടിയത്. 2014ല്‍ പട്യാലയിലും ലക്‌നൗവിലും മഞ്ചുബാല നേടിയ 62.15, 62. 74 റെക്കോര്‍ഡുകളാണ് സരിത എന്നലെ എറിഞ്ഞിട്ടത്. 65.25 മീറ്റര്‍ ദൂരമാണ് സരിത പിന്നിട്ടത്. വനിതകളുടെ ഷോട് പുട്ടില്‍ ഹരിയാനയില്‍ നിന്നുള്ള മന്‍പ്രീത് കൗര്‍ 20 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോര്‍ഡ് തിരുത്തി സുവര്‍ണ താരമായി. 1997ല്‍ ഹര്‍ബന്‍സ് കൗര്‍ ചെന്നൈയില്‍ നേടിയ 16.94 മീറ്റ് റെക്കോര്‍ഡ് ഇന്നലെ 17.04 മീറ്റര്‍ എറിഞ്ഞിട്ടാണ് മന്‍പ്രീത് സ്വന്തം പേരില്‍ കുറിച്ചത്.
ഇന്നലെ രാവിലെ നടന്ന ആദ്യ പോരാട്ടമായ പുരുഷന്‍മാരുടെ 5000 മീറ്ററില്‍ കേരളത്തിന്റെ പ്രതീക്ഷയായിരുന്ന ടി ഗോപിക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തമിഴ്‌നാടിന്റെ ജി ലക്ഷ്മണനാണ് ഈയിനത്തില്‍ സ്വര്‍ണം. വനിതകളുടെ 5000 മീറ്ററില്‍ ലക്ഷ്മണന്റെ സഹോദരി എല്‍ സൂര്യയും സ്വര്‍ണം നേടി. ഇരുവരും തുടര്‍ച്ചയായി മൂന്നാം തവണയാണ് സുവര്‍ണ നേട്ടം ആവര്‍ത്തിക്കുന്നത്. വനിതകളുടെ ഹൈ ജംപില്‍ മത്സരിച്ച കേരളത്തിന്റെ ജിനു മരിയ മാനുവല്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 1.73 മീറ്റര്‍ താണ്ടിയാണ് താരം നാലാമതെത്തിയത്. 1.76 മീറ്റര്‍ പിന്നിട്ട് കര്‍ണാടകയുടെ ദേശീയ റെക്കോര്‍ഡുകാരി സഹന കുമാരി സ്വര്‍ണം സ്വന്തമാക്കി.
മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഒന്‍പത് ഫൈനലുകള്‍ അരങ്ങേറും. വനിതകളുടെ 20 കിലോമീറ്റര്‍ നടത്തം, പുരുഷന്‍മാരുടേയും വനിതകളുടേയും 200 മീറ്റര്‍, 800 മീറ്റര്‍, ലോങ് ജംപ്, പുരുഷ വിഭാഗം ഷോട് പുട്ട്, ജാവലിന്‍ ത്രോ ഫൈനലുകളാണ് ഇന്ന് നടക്കുക. വനിതകളുടെ 800 മീറ്ററില്‍ കേരളത്തിനായി ടിന്റു ലൂക്ക, അബിത മേരി മാനുവല്‍, തെരേസ ജോസഫ് എന്നിവര്‍ മത്സരിക്കാനിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here