ലോക വന്‍ശക്തികളായ രാഷ്ട്രങ്ങളെ പോലും അമ്പരിപ്പിച്ച് ഇന്ത്യയുടെ അഭിമാനം ‘മാര്‍ക്ക് ത്രീ’ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു.

ലോകത്തെ നമ്പര്‍ വണ്‍ ആയി അറിയപ്പെടുന്ന അമേരിക്കയുടെ നാസയിലെ ശാസ്ത്രജര്‍ അടക്കമുള്ളവരെ അത്ഭുതപ്പെടുത്തി കൊണ്ടാണ് മഹത്തായ നേട്ടം ഇന്ത്യ കൈവരിച്ചത്. ഇന്ത്യന്‍ സമയം 5.28ന് ആയിരുന്നു വിക്ഷേപണം.

കാല്‍ നൂറ്റാണ്ട് നീണ്ട് നിന്ന ഐ എസ് ആര്‍ ഒയുടെ ഗവേഷണമാണ് തിങ്കളാഴ്ച ഫലപ്രാപ്തിയിലെത്തിയത്.

ശാസ്ത്ര രംഗത്തെ ചരിത്ര നേട്ടം മാത്രമല്ല, ലോക ജനതക്ക് മുന്നില്‍ ഇന്ത്യയുടെ അന്തസ്സും അഭിമാനവുമാണ് ഇന്ന് മാര്‍ക്ക് ത്രീ റോക്കറ്റിലൂടെ കുതിച്ചുയര്‍ന്നത്.

ഒരു ചെറിയ പിഴവ് പോലും മഹത്തായ ലക്ഷ്യത്തിന് തിരിച്ചടിയാകുമെന്നതിനാല്‍ അതീവ ജാഗ്രതയിലാണ് ഐ എസ് ആര്‍ ഒ നീങ്ങിയിരുന്നത്.

സൈനികമായും സാമ്പത്തികമായും വന്‍ശക്തിയായി മുന്നേറ്റം നടത്തുന്ന ഇന്ത്യക്ക് പുതിയ നേട്ടം വലിയ കരുത്താണ് പകര്‍ന്നു നല്‍കുന്നത്.

ഭാവിയില്‍ ചൊവ്വയിലുള്‍പ്പെടെ മനുഷ്യ ദൗത്യത്തിന് ഉപയോഗിക്കാന്‍ മാര്‍ക്ക് ത്രിക്ക് കഴിയുമെന്നതാണ് ലോകം ഈ പരീക്ഷണത്തെ ആകാംക്ഷയോടെ ഉറ്റുനോക്കാന്‍ കാരണമായിരുന്നത്. 200 ഏഷ്യന്‍ ആനകളുടെ ഭാരവും പതിനാല് നില കെട്ടിടത്തിന്റെ ഉയരവുമുമാണ് ജി.എസ്.എല്‍.വി.മാര്‍ക്ക് ത്രീയ്ക്കുള്ളത്. പൂര്‍ണ്ണമായും ഇന്ത്യന്‍ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച റോക്കറ്റാണിത്.

മാര്‍ക്ക് ത്രീ വിജയകരമായ സാഹചര്യത്താല്‍ 12,500 കോടി രൂപ മനുഷ്യ ദൗത്യ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഐ എസ് ആര്‍ ഒക്ക് നല്‍കും.

3,136 കിലോഗ്രാം ഭാരമുള്ള ജി സാറ്റ് 1 വാര്‍ത്താവിനിമയ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുകയാണ് ജി.എസ്.എല്‍.വി.മാര്‍ക്ക് മൂന്ന് ഡി 1 റോക്കറ്റിന്റെ ലക്ഷ്യം.

ഐ എസ് ആര്‍ ഒ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരം കൂടിയ വാഹനമായ ജി.എസ്. എല്‍.വി മാര്‍ക്ക് മൂന്നില്‍ നിന്ന് ‘കൗണ്ട്ഡൗണിനു’ ശേഷം 15 സെക്കന്റിനുള്ളിലാണ് ഉപഗ്രഹം വേര്‍പെട്ടത്. വിക്ഷേപണ വാഹനത്തിന് 640 ടണ്‍ ആണ് ഭാരം.

വിക്ഷേപണത്തിനു മുന്നോടിയായി 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ ഞായറാഴ്ച 3.58 ന് ആരംഭിച്ചിരുന്നു.

വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേക്ഷണം, അതിവേഗ ഇന്റര്‍നെറ്റ് എന്നിവയ്ക്കായുള്ള 11 അത്യാധുനിക ട്രാന്‍സ്‌പോണ്ടറുകള്‍ വഹിക്കുന്ന ഉപഗ്രഹം ഇന്ത്യയില്‍ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്.

അതിവേഗ ഇന്റര്‍നെറ്റിനുള്ള മൂന്ന് ഉപഗ്രഹങ്ങളുടെ ശൃംഖലയിലെ ആദ്യ ഉപഗ്രഹമാണിത്. ഭൂമിയോട് 170 കിലോമീറ്റര്‍ അടുത്തും 36,000 കിലോമീറ്റര്‍ അകന്നുമുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ പത്തു വര്‍ഷം പ്രവര്‍ത്തിക്കും.

നാല് ടണ്‍ വരെയുള്ള ഉപഗ്രഹങ്ങള്‍ വിദൂര ഭൂഭ്രമണ പഥത്തില്‍ എത്തിക്കാന്‍ ശേഷിയുള്ള മാര്‍ക്ക് ത്രി റോക്കറ്റിന് പത്ത് ടണ്‍ വരെയുള്ള പേലോഡ് സമീപ ഭൂഭ്രമണപഥത്തില്‍ എത്തിക്കാനും കഴിയും.

അമേരിക്ക, റഷ്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണ് നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ ശേഷിയുള്ളത്.

ലോകത്തെ കൂറ്റന്‍ റോക്കറ്റുകളായ ഫാല്‍ക്കണ്‍ 9, ഏരിയന്‍ 5 എന്നിവയുടെ ഗണത്തില്‍ വരൂന്ന ഇന്ത്യയുടെ മാര്‍ക്ക് ത്രി വിജയചരിത്രമെഴുതിയതോടെ മറ്റ് ലോക രാജ്യങ്ങളുടെ നാല് ടണ്‍ ഉപഗ്രഹങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കാനുള്ള വലിയ വിപണിയാണ് ഇന്ത്യക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here