ഇസ്ലാമാബാദ്: ഏഴു പേരുടെ ജീവനെടുത്ത ലണ്ടൻ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയെന്നു കരുതുന്ന  ഖുറാം ഭട്ടിെൻറ പാകിസ്താനീ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ ഇസ്ലാമാബാദ് പൊലീസ് തിരച്ചിൽ നടത്തി. ആക്രമണം നടത്തിയവരെ ലണ്ടൻ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. പാകിസ്താനിൽ വേരുകളുള്ള ഭട്ടിനു പുറമെ ലിബിയൻ  വംശജനായ റാഷിദ് റെഡോനെയാണ് മറ്റൊരു പ്രതി. 22 കാരനായ യൂസുഫ് സഗ്ബയാണ് മൂന്നാം പ്രതി. ഇയാളുടെ മാതാവ് ഇറ്റലിക്കാരിയും പിതാവ് മൊറോകോ സ്വദേശിയുമാണ്. ഇവരുടെ ചിത്രങ്ങളും പുറത്തു വിട്ടു. പഞ്ചാബ് പ്രവിശ്യയിലെ ഝലം ഭാഗത്തുള്ള ഹോട്ടലിലാണ് െഎ.എസ്.െഎ ഒാഫിസർമാരടങ്ങുന്ന സംഘം തിരച്ചിൽ നടത്തിയത്. ഭട്ട് തീവ്രവാദത്തിൽ ആകൃഷ്ടനായത് ബ്രിട്ടനിൽവെച്ചാണെന്നാണ് അധികൃതർ കരുതുന്നത്.  ഇരുപത്തേഴുകാരനായ ഖുറം രണ്ടു കുട്ടികളുടെ പിതാവാണ്. തീവ്രവാദബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലീസ് നേരത്തെ നിരീക്ഷണത്തിൽ ഉൾപ്പെട്ടിരുന്നയാളാണ് ഭട്ട്.

റെഡോനെ പാസ്ട്രി ഷെഫാണ്. സ്കോട്ടിഷ്ഷ് യുവതിയെ വിവാഹംകഴിച്ച ഇയാൾ അയർലൻഡിലായിരുന്നു കുറെകാലം. അൽ ഖാദർ എന്നപേരിലും അറിയപ്പെടുന്ന റാച്ചിഡിെൻറ ഭാര്യയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്ക് രണ്ടുവയുള്ള ഒരു കുട്ടിയുമുണ്ട്. ഭട്ടിെൻറ ലണ്ടനിലെ വീട് കേന്ദ്രീകരിച്ചാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. 

ഹോട്ടലിൽനിന്ന് ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടില്ല. പാകിസ്താനിൽനിന്ന് 1988ൽ ബ്രിട്ടനിലേക്ക് കുടിയേറിയതാണ് ഭട്ടിെൻറ കുടുംബം. അതിനിടെ, മാഞ്ചസ്റ്റർ ഭീകരാക്രമണത്തിൽ ചാവേറായെത്തിയ സൽമാൻ ആബിദിയുടെ സഹോദരനെ പൊലീസ് വിട്ടയച്ചു. കഴിഞ്ഞമാസം 23നാണ് ഇസ്മാഇൽ ആബിദിയെ അറസ്റ്റ് ചെയ്തത്. 

ശനിയാഴ്ച രാത്രി പത്തരയ്ക്കായിരുന്നു രാജ്യത്തെ നടുക്കിയ ലണ്ടൻ ബ്രിഡ്ജിലെ ഭീകരാക്രമണം. പാലത്തിലെ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് വാൻ ഓടിച്ചുകയറ്റിയ ഭീകരർ പിന്നീട് സമീപമുള്ള ബറോ മാർക്കറ്റിലെ റസ്റ്റാറന്റുകളിൽ ഇരച്ചുകയറി കണ്ണിൽ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തുകയായിരുന്നു. 
പരിക്കേറ്റ 42 പേരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here