കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ സ്വന്തം ജി.പി.എസ്. സംവിധാനം എത്തുകയായി. അടുത്തവര്‍ഷം ആരംഭത്തോടെ അന്യരാജ്യങ്ങളുടെ ജി.പി.എസ്. സംവിധാനം ഇന്ത്യക്ക് പാടേ ഉപേക്ഷിക്കാനാവുമെന്നാണ് ഇന്ത്യന്‍ ബഹിരാകാശ സംഘടനായ ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ ഇത് ഉപയോഗയോഗ്യമാണെങ്കിലും പൊതുജനങ്ങളിലേക്ക് എത്തുക അടുത്തവര്‍ഷമായിരിക്കുമെന്നാണ് അവരുടെ അറിയിപ്പ്. (ആദ്യം വിക്ഷേപിക്കപ്പെട്ട ഐ.ആര്‍.എന്‍.എസ്.എസ്. 1 എയിലുള്ള മൂന്ന് റൂബിഡിയം അറ്റോമിക് ക്ലോക്കുകള്‍ക്ക് സാങ്കേതിക തകരാര്‍ നേരിട്ടതോടെ ഈ വര്‍ഷം അതിനുപകരമായി ഐ.ആര്‍.എന്‍.എസ്.എസ് 1 എച്ച് വിക്ഷേപിക്കുന്നുണ്ട്.)

 

ഇന്ത്യയുടെ ജി.പി.എസ്. സംവിധാനത്തിന്റെ പേര് നാവിക് (ചഅഢകഇ) എന്നാണ്. നാവികന്‍ എന്ന പദത്തെ മുന്‍നിര്‍ത്തിയാണ് ഈ പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇതിന് മറ്റൊരു രൂപവും കൂടിയുണ്ട്.(NAVIgation with Indian Cotsnellation)എന്ന വാചകത്തിന്റെ ചുരുക്കരൂപം കൂടിയാണ് ഈ പേര്. ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആര്‍.എന്‍.എസ്.എസ്.) ആണ് നാവിക് എന്ന പേരില്‍ ജി.പി.എസ്. സംവിധാനത്തിനായി തയാറായിരിക്കുന്നത്. ഏഴ് ഉപഗ്രഹങ്ങളായിരുന്നു സ്വന്തം ജി.പി.എസ്. സംവിധാനം രൂപീകരിക്കുവാനായി ഇന്ത്യക്ക് വേണ്ടിയിരുന്നത്. 2013 മെയ് 28ന് ഇതില്‍ ആദ്യ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. 1 എ വിക്ഷേപിച്ചുകൊണ്ടാണ് ഇന്ത്യന്‍ ജി.പി.എസിനു തുടക്കംകുറിച്ചത്.
ഇതില്‍ ഏഴാമത്തേതും അവസാനത്തേതുമായ ഉപഗ്രഹം 2016 ഏപ്രില്‍ 28ന് ഭ്രമണപഥത്തില്‍ എത്തിച്ചതോടെയാണ് ഐ.എസ്.ആര്‍.ഒ. ദൗത്യം പൂര്‍ത്തിയാക്കിയത്. ഐ.ആര്‍.എന്‍.എസ്.എസ്.-1 ജി ആണ് 36,000 കിലോമീറ്റര്‍ ഏറ്റവും ഉയരത്തില്‍ അവസാനം ഭ്രമണപഥത്തിലെത്തിയത്. ഇതുകൂടാതെ ഗ്രൗണ്ട് സ്‌റ്റേഷനുകളും സ്റ്റാന്‍ഡ് ബൈ ആയി രണ്ട് ഉപഗ്രഹങ്ങളും ഈ ശ്രേണിയിലുണ്ട്.
സ്വന്തം ജി.പി.എസ്. ഇന്ത്യ വികസിപ്പിച്ചതോടെ ഇത്തരത്തിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാനും സാധ്യമായി. അമേരിക്കയ്‌ക്കെന്നപോലെ റഷ്യക്കും(GLONASS), യൂറോപ്യന്‍ യൂണിയനും(GALILEO), ചൈനയ്ക്കും(BEIDOU)സ്വന്തമായി ജി.പി.എസ്. സംവിധാനമുണ്ട്. ഇതില്‍ ചൈനയുടെ ജി.പി.എസ്. സംവിധാനം പൂര്‍ണസജ്ജമായിട്ടില്ല. നാവിക് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജനങ്ങളെ ഇതിലേക്കെത്തിക്കുന്നതിന് ബോധവല്‍ക്കരിക്കണമെന്നതുമാത്രമാണ് ഇനിയുള്ള വെല്ലുവിളി.

LEAVE A REPLY

Please enter your comment!
Please enter your name here