ഖത്തറിന് വ്യോമ വിലക്കേര്‍പ്പെടുത്തിയ അയല്‍ രാജ്യങ്ങളുടെ നടപടി ചര്‍ച്ച ചെയ്യാന്‍ ഗള്‍ഫ് രാജ്യങ്ങളുടെയും ഈജിപ്തിന്റെയും മന്ത്രിമാരും പ്രതിനിധികളും പങ്കെടുത്ത യോഗം കഴിഞ്ഞ ദിവസം കാനഡയിലെ യു.എന്‍ ഏവിയേഷന്‍ ഏജന്‍സി ആസ്ഥാനത്ത് നടന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് ഗള്‍ഫ് പ്രതിസന്ധി രൂപപ്പെട്ടതിനു ശേഷം യു.എന്‍ ഏജന്‍സി നേരിട്ട് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ഖത്തര്‍ ഐ.സി.എ.ഒയോട് ആവശ്യപ്പെട്ടിരുന്നു.
ഷിക്കാഗോ കണ്‍വന്‍ഷന്‍ കരാര്‍ അടിസ്ഥാനത്തിലാണ് യു.എന്‍ ഏജന്‍സിയായ ഐ.സി.എ.ഒ രാജ്യാന്തര വിമാന യാത്രകള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയതായി സംഘടന സ്ഥിരീകരിച്ചു.

ഖത്തര്‍, യു.എ.ഇ, സഊദി അറേബ്യ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. പൊതുസമ്മത പ്രകാരമുള്ള പരിഹാരങ്ങളാണ് ആഗ്രഹിക്കുന്നതെന്നും മേഖലയില്‍ ഇപ്പോള്‍ അനുഭവിക്കുന്ന അസ്വസ്ഥതകളും ചര്‍ച്ചയ്ക്കു വിധേയമായതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, തീരുമാനങ്ങളൊന്നും പ്രഖ്യാപിക്കപ്പെട്ടില്ല.

ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വ്യോമവിലക്ക് ഐക്യരാഷ്ട്രസഭയുടെ സിവില്‍ വ്യോമയാന സംഘടനയുടെ മുന്നിലെത്തിയിരിക്കേ രാഷ്ട്രങ്ങള്‍ പരസ്പരം ആകാശം മുടക്കുന്നതിന്റെ ചരിത്രവും ചര്‍ച്ചകളില്‍ കടന്നുവരുന്നു. 1971 കശ്മീര്‍ വിഭജന വാദികളാല്‍ വിമാനം റാഞ്ചപ്പെട്ടതിനെത്തുര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ ആകാശ വിലക്കേര്‍പ്പെടുത്തിയതുള്‍പ്പെടെയുള്ള ചരിത്രമാണ് ചര്‍ച്ചകളില്‍ വരുന്നത്. അന്ന് പാകിസ്താനെതിരെ ഇന്ത്യ യു.എന്‍ ഏവിയേഷന്‍ ഏജന്‍സിയോട് പരാതിപ്പെട്ടിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ വ്യോമയാന കരാറിന്റെ ലംഘനമാണ് പാകിസ്താന്‍ നടത്തിയതെന്ന് കാണിച്ചായിരുന്നു ഇന്ത്യയുടെ പരാതി. ഷിക്കാഗോ കണ്‍വന്‍ഷന്‍ കരാറിലും മറ്റു അന്താരാഷ്ട്ര വ്യോമയാന കരാറുകളിലും വ്യോമതടസം പാടില്ലെന്നു പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here