കോട്ടയം: കുന്നശേരി പിതാവിന് വിശ്വാസസാഗരം ഇന്ന് വിടചൊല്ലും ക്‌നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത പ്രഥമ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ കബറടക്ക ശുശ്രൂഷകള്‍ ഇന്നു രണ്ടിനു ക്രിസ്തുരാജാ കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും. തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി വചനസന്ദേശവും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് എം.സൂസപാക്യം അനുസ്മരണ സന്ദേശവും നല്‍കും. സമാപന ശുശ്രൂഷയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനാകും. നഗരികാണിക്കലിനെ തുടര്‍ന്നു കത്തീഡ്രല്‍ ദേവാലയത്തോടനുബന്ധിച്ചു പ്രത്യേകം തയാറാക്കിയ കബറിടത്തില്‍ കബറടക്കും. അതിരൂപതയിലെ മുന്‍ അധ്യക്ഷന്‍മാരുടെ കബറിടത്തോടു ചേര്‍ന്നാണു മാര്‍ കുര്യാക്കോസ് കുന്നശേരിയും അന്ത്യവിശ്രമം കൊള്ളുക. ഇന്നലെ കാരിത്താസ് ആശുപത്രിയില്‍ നിന്നു കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിലേക്കു നടന്ന വിലാപയാത്രയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തില്‍ മന്ത്രി മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ.മാണി എംപി, എംഎല്‍എമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി.ജോര്‍ജ്, ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, ഡോ.ജോഷ്വ മാര്‍ നിക്കോദിമോസ്, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, തോമസ് മാര്‍ തിമോത്തിയോസ്, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ തോമസ് മേനാംപറമ്പില്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോസ് പുളിക്കല്‍, കലക്ടര്‍ സി.എ.ലത തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

 

 ഇന്ന് അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
. വൈകിട്ട് അഞ്ചിനു മാമ്മന്‍ മാപ്പിള ഹാളില്‍ അനുശോചന യോഗം ചേരും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി എം.എം.മണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജസ്റ്റിസ് കെ.ടി.തോമസ്, ജസ്റ്റിസ് സിറിയക് ജോസഫ്, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, ഡോ. തോമസ് മാര്‍ തിമോത്തിയോസ്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here