കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനക്ക് ശേഷം മറന്നുവെച്ച മാല മോഷ്ടിച്ച സംഭവത്തില്‍ കസ്റ്റംസ് ഹവില്‍ദാര്‍ പിടിയില്‍. കരിപ്പൂരില്‍ ഒരുവര്‍ഷമായി ജോലിചെയ്യുന്ന ആലുവ പാനായിക്കുളം സ്വദേശി അബ്ദുല്‍ കരീമിനെയാണ് (51) യാത്രക്കാരന്റെ പരാതിയെ തുടര്‍ന്ന് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 25 ഗ്രാമിന്റെ സ്വര്‍ണമാലയാണ് മോഷണം പോയത്. ഹവില്‍ദാറെ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് കക്കട്ടില്‍ സ്വദേശിയായ കുഞ്ഞിരാമന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അദ്ദേഹവും ഭാര്യയും കഴിഞ്ഞ മേയ് 19ന് ദുബൈയിലുള്ള മകളെ കണ്ട് കരിപ്പൂര്‍ വഴി മടങ്ങുന്നതിനിടെയാണ് സംഭവം. വിമാനം ഇറങ്ങി കസ്റ്റംസ് ഹാളില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് പ്രകാരം ഇദ്ദേഹം പരിശോധനക്കായി സ്വര്‍ണമാലയും പഴ്‌സും കൈയിലുണ്ടായിരുന്ന ബാഗും നല്‍കിയിരുന്നു. അതിനുശേഷം ഇദ്ദേഹം എക്‌സ്‌റേ മെഷീന്റെ എതിര്‍വശത്ത് എത്തുകയും പരിശോധന പൂര്‍ത്തിയായി വന്ന ട്രേയില്‍നിന്ന് പഴ്‌സും ബാഗും തിരിച്ചെടുക്കുകയും ചെയ്തു.

 

സ്വര്‍ണമാല ഭാര്യ എടുത്തിട്ടുണ്ടെന്ന നിഗമനത്തില്‍ വിമാനത്താവളത്തിന് പുറത്തേക്ക് പോന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം അറിയുന്നത്. അടുത്ത ദിവസം കരിപ്പൂരിലെത്തി എയര്‍പോര്‍ട്ട് മാനേജറെ വിവരം അറിയിക്കുകയും തുടര്‍ന്ന് കസ്റ്റംസ് വിഭാഗത്തിലെത്തി അന്വേഷിക്കുകയും ചെയ്തു. കണ്ടുകിട്ടുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് രജിസ്റ്റര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും മാല കണ്ടെത്താനായില്ല. തുടര്‍ന്ന്, ഇദ്ദേഹം കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. സി.സി.ടി.വി പരിശോധനയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മാല മോഷ്ടിക്കുന്നത് വ്യക്തമായത്. തുടര്‍ന്ന് കരിപ്പൂര്‍ എസ്.ഐ കെ.ബി. ഹരികൃഷ്ണന്‍, എ.എസ്.ഐമാരായ ദേവദാസ്, അലവിക്കുട്ടി, ബാലകൃഷ്ണന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടമാകുന്ന സമാനസംഭവങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നതായി യാത്രക്കാര്‍. വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടുന്നതായാണ് പരാതി. എന്നാല്‍, ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ മോഷണ കേസില്‍ അറസ്റ്റ് ചെയ്യുന്നത് ആദ്യമായാണ്. കഴിഞ്ഞവര്‍ഷം വിലകൂടിയ വാച്ച് മോഷണം പോയത് വിവാദമായിരുന്നു. പിന്നീട് ഇത് കണ്ടെത്തി. യാത്രക്കാര്‍ കസ്റ്റംസ് ഹാളില്‍ മറന്നുവെക്കുന്ന സാധനങ്ങള്‍ രേഖപ്പെടുത്തുന്നതിനായി രജിസ്റ്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, കാണാതായ പരാതിയില്‍ ചിലത് യാത്രക്കാര്‍ ഗള്‍ഫില്‍ മറന്നുവെച്ചതും കരിപ്പൂരില്‍ എത്തിയ ശേഷം നഷ്ടമായവയുമുണ്ട്.
യാത്രക്കാരുടെ നിരന്തര ആവശ്യത്തെതുടര്‍ന്ന് രണ്ട് വര്‍ഷംമുമ്പ് പീറ്റര്‍ കെ. എബ്രഹാം എയര്‍പോര്‍ട്ട് ഡയറക്ടറായിരിക്കെയാണ് എക്‌സ്‌റേ മെഷീനുള്ള ഭാഗത്ത് സി.സി.ടി.വി കാമറ സ്ഥാപിച്ചത്. തുടര്‍ന്ന്, പരാതികളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here