sibi mathews

ന്യൂഡല്‍ഹി: സൂര്യനെല്ലി പീഡനകേസിലെ ഇരയെക്കുറിച്ച് ആത്മകഥയില്‍ വെളിപ്പെടുത്തിയ മുന്‍ ഡി.ജി.പി സിബി മാത്യൂസ് കോടതികയറിയേക്കും. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വിവരം വെളിപ്പെടുത്തിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍കൂടിയായ അദ്ദേഹത്തിന് എതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സി.പി.ഐയുടെ മഹിള സംഘനയായ നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ (എന്‍.എഫ്.ഐ.ഡബ്ല്യു) ആലോചന തുടങ്ങി. ഇരയെ വെളിപ്പെടുത്തിയ സിബി മാത്യൂസിന് എതിരെ കേരള സര്‍ക്കാറും വനിത കമീഷനും കേസെടുക്കണമെന്ന് എന്‍.എഫ്.ഐ.ഡബ്ല്യു ജനറല്‍ സെക്രട്ടറിയും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ ആനി രാജ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ വളരെ മോശമായി ചിത്രീകരിക്കുകയും നീതിക്കു വേണ്ടി സമര രംഗത്തുണ്ടായിരുന്ന വനിതാപ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന ഭാഗം പുസ്തകത്തില്‍നിന്ന് നീക്കം ചെയ്യണമെന്നും അവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പുസ്തകം പിന്‍വലിച്ച് വിവാദ അധ്യായം മാറ്റിയശേഷമേ വില്‍ക്കാവൂ. പ്രസാധകന് എതിരെയും കേസെടുക്കണം. സുപ്രീംകോടതിയിലും ഹൈകോടതിയിലും കേസ് നിലനില്‍ക്കവേയാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വലിയ നിയമലംഘനം നടത്തിയിരിക്കുന്നത്. ഇരയുടെ അച്ഛന്റെയും അമ്മയുടെയും പേര്, അവര്‍ എവിടെ താമസിക്കുന്നു, തൊഴില്‍ എന്നീ വിശദാംശം പറഞ്ഞ് ഇരയെ വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യനെല്ലി കേസിനെക്കുറിച്ചുള്ള അധ്യായത്തില്‍. പെണ്‍കുട്ടിയുടെ സ്വഭാവത്തെ മോശമായി ചിത്രീകരിച്ച് പെണ്‍കുട്ടി തെറ്റുകാരിയെന്ന് സ്ഥാപിക്കാനും മറ്റൊരാളെ പരിശുദ്ധനായി പ്രഖ്യാപിക്കാനുമാണ് ഈ പരിശ്രമം.

ഒരു അന്വേഷണ ഉദ്യോഗസ്ഥനും ഒരു ജഡ്ജിയും തന്നോട് പറഞ്ഞവ എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കുന്നത്. ഒരു പ്രത്യേക വ്യക്തി ഒന്നും ചെയ്തിട്ടില്ലെന്ന് തെളിയിക്കാനാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തിയിരിക്കുന്നത്. കൂടാതെ ഇരയുടെ നീതിക്കു വേണ്ടി രംഗത്തുവന്ന വനിതസംഘടന പ്രവര്‍ത്തകരെ ചാനല്‍ വിപ്ലവകാരികള്‍ എന്ന് ആക്ഷേപിച്ചിട്ടുമുണ്ട്. പുസ്തകത്തിലെ വിവാദ അധ്യായത്തെക്കുറിച്ച് കേരളത്തില്‍ ചര്‍ച്ചയായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപടി എടുത്തില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കും. ജൂലൈ 19, 20 തീയതികളില്‍ ചേരുന്ന എന്‍.എഫ്.ഐ.ഡബ്ല്യു ദേശീയനിര്‍വാഹക സമിതി വിഷയം ചര്‍ച്ചചെയ്ത് നിയമ നടപടികളിലേക്ക് നീങ്ങുമെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here