സംസ്ഥാനത്തു രൂക്ഷമായിക്കൊണ്ടിരിക്കുന്ന പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യമന്ത്രിയും വകുപ്പും പൂര്‍ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയും വകുപ്പും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമതയോടുകൂടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നു. അന്ന് നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ മാറ്റിയതാണ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പരാജയത്തിന് കാരണമായത്.

മഴക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമായിരുന്നു. മുന്‍ സര്‍ക്കാര്‍ നിയമിച്ചു എന്നതുകൊണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിടേണ്ടിയിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

അടിയന്തിര സാഹചര്യത്തില്‍ സമരം നടത്താന്‍ പ്രതിപക്ഷം ഉദ്ദേശിക്കുന്നില്ല. മറിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

പനി പടര്‍ന്നു പിടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാനും ആരോഗ്യ മന്ത്രിയ്ക്കും സെക്രട്ടറിയ്ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കാനും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here