ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനങ്ങളിലെ മുതിര്‍ന്ന വൈദീകനും, ന്യൂയോര്‍ക്ക് ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ മുന്‍ വികാരിയുമായ വെരി.റവ.ഡോ.പി.എസ്.സാമുവേല്‍ കോറെപ്പിസ്‌ക്കോപ്പായുടെ 90-ാം ജന്മദിനം ആഘോഷപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 10 ശനിയാഴ്ച രാവിലെ 7.30ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി.സക്കറിയാസ് മാര്‍ നിക്കോളാവോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടു കൂടി പരിപാടികള്‍ സമാരംഭിച്ചു. വിശുദ്ധ കുര്‍ബാനക്കു ശേഷം 11 മണിക്ക് ഗ്ലെന്‍ ഓക്‌സ് ക്വീന്‍സ് ഹൈസ്‌ക്കൂളില്‍ വച്ച് അനുമോദന സമ്മേളനവും മറ്റ് ആഘോഷ പരിപാടികളും നടന്നു. ഭദ്രാസന മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ അഭി.മാത്യൂസ് മാര്‍ സേവേറിയോസ്, വിവിധ സംഘടനാ ഭാരവാഹികള്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങി അനേക വൈദീകരും വിശ്വാസികളും പങ്കെടുത്തു.

തലമുറകളുടെ മാറ്റം ദര്‍ശിച്ചും ഉള്‍ക്കൊണ്ടും നവതിയുടെ നിറവില്‍ വിളങ്ങുന്ന വന്ദ്യ സാമുവേല്‍ കോറെപ്പിസ്‌ക്കോപ്പാ അമേരിക്കന്‍ ഭദ്രാസനത്തിനും മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കും നല്‍കിയിട്ടുള്ള സംഭാവനകള്‍ അളവറ്റതാണെന്ന് ഭദ്രാസന മെത്രാപ്പോലീത്താ മാര്‍ നിക്കോളാവോസ് പ്രസ്താവിച്ചു. നൂതനമായ ആശയങ്ങളും അഭിപ്രായങ്ങളും സധൈര്യം പ്രകടിപ്പിക്കുന്നതിനും തീരുമാനങ്ങള്‍ നിശ്ചയദാര്‍ഢ്യത്വത്തോടെ നടപ്പില്‍ വരുത്തുന്നതിനും ബ.അച്ചന്‍ അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ടെന്നും മെത്രാപ്പോലീത്താ ഓര്‍മ്മിപ്പിച്ചു. വന്ദ്യ കോറെപ്പിസ്‌ക്കോപ്പാ തന്റെ പ്രായത്തേക്കാള്‍ ഏറെ മുമ്പുതന്നെ തന്റെ മാതാപിതാക്കളുമായി സുഹൃത്ബന്ധമുണ്ടായിരുന്നു എന്നും അതുകൊണ്ടുതന്നെ അച്ചനോടുള്ള ആദരവ് ഏറെയാണെന്നും തിരുമേനി അറിയിച്ചു. നവതി ആഘോഷിക്കുന്ന അച്ചന് ഭദ്രാസനത്തിന്റെ പേരിലും വ്യക്തിപരമായും തിരുമേനി അനുഗ്രഹാശിസുകളും ജന്മദിനാശംസകളും നേര്‍ന്നു.

നാട്ടില്‍ വച്ച് തനിക്കുണ്ടായിരുന്ന കേട്ടു കേള്‍വി മൂലം മാത്രമുള്ള അറിവുകള്‍ എത്രമാത്രം ശരിയായിരുന്നു എന്ന് 1586 ല്‍ അച്ചനെ നേരിട്ടു കണ്ടപ്പോള്‍ ബോധ്യമായെന്നും, ഒരദ്ധ്യാപകനെന്ന നിലയില്‍ പ്രത്യേകിച്ച് ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ അദ്ധ്യാപകനായും, മറ്റു വിവിധ മേഖലകളിലും പ്രവര്‍ത്തിച്ച് സഭക്ക് സംഭാവനകള്‍ നല്‍കിയ കോറെപ്പിസ്‌ക്കോപ്പാക്ക് നവതി ആശംസകളര്‍പ്പിക്കുവാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി എന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസനാ മെത്രാപ്പോലീത്താ അഭി.മാത്യൂസ് മാര്‍ സേവേറിയോസ് പ്രസ്താവിച്ചു.

നവതിയുടെ നിറവില്‍ മുഴുകിയിരിക്കുന്ന വന്ദ്യ സാമുവേല്‍ കോറെപ്പിസ്‌ക്കോപ്പാ തന്റെ വഴികാട്ടിയും ഇടവക ഭരണത്തിന് മാതൃകയുമാണെന്ന് സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ.ഗ്രിഗറി വര്‍ഗീസ് തന്റെ സ്വാഗത പ്രസംഗത്തില്‍ പ്രസ്താവിച്ചു.

1927 ഫെബ്രുവരി 28ന് മദ്ധ്യതിരുവിതാംകൂറിലെ മെഴുവേലി എന്ന ഗ്രാമത്തില്‍ പെരുങ്കുന്നില്‍ സ്‌കറിയാ-ശോശാമ്മ ദമ്പതികളുടെ എട്ടാമത്തെ പുത്രനായി സാമുവേല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മെഴുവേലി പ്രൈമറി സ്‌ക്കൂളിലും, സെക്കണ്ടറി വിദ്യാഭ്യാസം മെഴുവേലി സ്‌ക്കൂളിലും പൂര്‍ത്തിയാക്കി. ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ ഇന്റര്‍ മീഡിയറ്റ്, പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ബി.എ., ന്യൂയോര്‍ക്കില്‍ ജനറല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ ദൈവശാസ്ത്രത്തില്‍ ഉപരി പഠനം, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം, വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ 75-ാമത്തെ വയസ്സില്‍ വഌഡിമര്‍ തിയോളജിക്കല്‍ സെമിനാരിയില്‍ പഠിച്ച് ഡോക്ടറേറ്റ്, അങ്ങനെ വിദ്യാഭ്യാസം ജീവിതസപര്യയായി കൊണ്ടു നടന്നു.

1948 ല്‍ പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്ന് ശെമ്മാശപട്ടം സ്വീകരിച്ചു. അന്നു മുതല്‍ തന്റെ സഭാപ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജിതഭാവം ഏറ്റു വാങ്ങി. പിന്നീട് പുരോഹിതനായും, കോറെപ്പിസ്‌ക്കോപ്പായായും, ഭാരതത്തിലും, നൈജീരിയായിലും, ഇംഗ്ലണ്ടിലും ഇപ്പോള്‍ അമേരിക്കയിലും കര്‍ത്തൃ ശുശ്രൂഷ നടത്തി വരുന്നു.

ഇതിനിടയിലെല്ലാം മികച്ച ഒരദ്ധ്യാപകനെന്ന നിലയില്‍ ജീവിത സാന്ധാരണത്തിനുള്ള ഔദ്യോഗിക ജീവിതം തുടര്‍ന്നു. കേരളത്തിലെ കാതോലിക്കേറ്റ് ഹൈസ്‌ക്കൂള്‍ അദ്ധ്യാപകന്‍, ന്യൂയോര്‍ക്ക്, യൂണിവേഴ്‌സിറ്റിയില്‍ ഗ്രാജ്വേറ്റ് അസിസ്റ്റന്റ്, കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ അദ്ധ്യാപകന്‍, നൈജീരിയായില്‍ അദ്ധ്യാപകനായും സീനിയര്‍ എഡ്യൂക്കേഷന്‍ ഓഫീസറായും അങ്ങനെ വിദ്യാഭ്യാസരംഗത്ത് അതുല്യമായ സംഭാവനകള്‍ നല്‍കി. ഒരു തികഞ്ഞ സഭാ സ്‌നേഹി, ആദര്‍ശന ധീരനായ നേതാവ്, സംഘാടകന്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ വിജീക്ഷണന്‍, എഴുത്തുകാരന്‍, പ്രസംഗകന്‍ ഇങ്ങനെ സമാനതകളില്ലാത്ത കര്‍മ്മയോഗിയായി ബഹുമാനപ്പെട്ട കോറെപ്പിസ്‌ക്കോപ്പാ തന്റെ ജീവിതം തുടരുന്നു.
യോഗത്തില്‍ ചെറി ലെയിന്‍ പള്ളിയിലെ സണ്ടേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പ്രതിനിധീകരിച്ച് ശ്രീ.ജോര്‍ജ് എം. ഗീവര്‍ഗീസ് മാര്‍ത്ത മറിയം വനിതാ സമാജത്തിനു വേണ്ടി ശ്രീമതി ആന്‍സി ഏബ്രഹാം, എം.ജി.ഓ.സി.എസ്.എം.(MGOCSM), ഫോക്കസ് തുടങ്ങിയ യുവ സംഘടനകള്‍ക്കു വേണ്ടി റോബി ആന്റണി, മുന്‍ ട്രഷറര്‍ കെ.എസ്. വര്‍ഗീസ്, മുന്‍ സെക്രട്ടറി കോശി ജേക്കബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ക്വീന്‍സ്, ബ്രൂക്കിലിന്‍, ലോംഗ് ഐലന്റ് എറിയായിലെ കൗണ്‍സിലില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡന്റ് ഫാ.ജോണ്‍ തോമസ് ആശംസകള്‍ അര്‍പ്പിച്ചതോടൊപ്പം, ബഹു.കോര്‍ എപ്പിസ്‌ക്കോപ്പായ്ക്ക് ഉപഹാരം നല്‍കി ആദരിച്ചു. കൗണ്‍സില്‍ സെക്രട്ടറി സജി വര്‍ഗീസ്, ട്രഷറര്‍ സജി താമരവേലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സെന്റ് ജോര്‍ജ്ജ് പോര്‍ട്ട് ചെസ്റ്റര്‍ പള്ളി വികാരിയും സാമുവേല്‍ കോറെപ്പിസ്‌ക്കോപ്പായുടെ ഡോക്ടറേറ്റ് പഠനത്തില്‍ സഹപാഠിയുമായിരുന്ന ഫാ.ഡോ.ജോര്‍ജ്ജ് കോശി ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പ്രസംഗിച്ചു.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ശ്രീ.സാജന്‍ മാത്യു ആശംസകളര്‍പ്പിച്ചു.

ചെറി ലെയിന്‍ പള്ളിയിലെ സണ്ടേ സ്‌ക്കൂള്‍ കുട്ടികളുടെ സമൂഹഗാനവും നീസാ തോമസ്, രാജി കുര്യന്‍, റിയാ അലക്‌സാണ്ടര്‍ എന്നിവരുടെ ഗാനാലാപനങ്ങളും ചടങ്ങുകളെ മോടിപിടിപ്പിച്ചു.
തൊണ്ണൂറിന്റെ പടവുകള്‍ താണ്ടിയ വെരി.റവ.ഡോ.പി.എസ്.സാമുവേല്‍ കോറെപ്പിസ്‌ക്കോപ്പായ്ക്ക് ചെറി ലെയിന്‍ ഇടവകയുടെ ഉപഹാരമായ പ്ലാക്ക് വികാരി ഫാ. ഗ്രിഗറി വര്‍ഗ്ഗീസ് സമര്‍പ്പിച്ചു. കൂടാതെ, അഭി.നിക്കോളാവോസ് തിരുമേനിയും ഇടവക വികാരിയും ചേര്‍ന്ന് കോറെപ്പിസ്‌ക്കോപ്പായെ പൊന്നാട അണിയിച്ച് ആദരിച്ചു. ബഹു.അച്ചന്റെ പേരില്‍ ആതുര ശുശ്രൂഷക്കും വിദ്യാഭ്യാസ സഹായത്തിനുമായി ഒരു എന്‍ഡോവ്‌മെന്റും ഫണ്ട് ഇടവകയിലെ ശ്രീ.വര്‍ഗീസ് ചെറിയാനില്‍ നിന്നു ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് ഭദ്രാസന മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു.

തുടര്‍ന്ന് ജന്മദിന കേക്ക് മുറിച്ചു. ബഹു.സാമുവേല്‍ കോറെപ്പിസ്‌ക്കോപ്പായുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു.

നവതിയുടെ നാഴികക്കല്ല് പിന്നിട്ടുവെങ്കിലും തനിക്ക് ഒരസുഖവുമില്ലെന്നും, പൂര്‍ണ്ണ ആരോഗ്യവാനാണെന്നും തന്റെ മറുപടി പ്രസംഗത്തില്‍ അച്ചന്‍ പ്രസ്താവിച്ചു. ജന്മദിനം ഇത്രയും ആഘോഷപൂര്‍വ്വം കൊണ്ടാടുവാന്‍ സ്‌നേഹം കാണിച്ച എല്ലാവരോടും അച്ചനോടൊപ്പം തന്റെ മകള്‍ റോഷ്‌നി ജോര്‍ജ്ജും നന്ദി രേഖപ്പെടുത്തി.

ഇടവക ട്രഷറര്‍ ശ്രീ. ഉമ്മന്‍ പി. ഏബ്രഹാം നന്ദി പ്രകാശനം നടത്തി. നവതി ആഘോഷ പരിപാടികളുടെ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. മോന്‍സി വര്‍ഗീസായിരുന്നു. സെക്രട്ടറി ശ്രീ. ജോര്‍ജ്ജ് വര്‍ഗീസ്. ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. വര്‍ഗീസ് പോത്താനിക്കാട് എം.സി.യായി പരിപാടികള്‍ നിയന്ത്രിച്ചു. വിപുലമായ ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ പര്യവസാനിച്ചു.

Mar Nicholovos  Mar SaveriosNavathy3 Samuel Achen reply speech

LEAVE A REPLY

Please enter your comment!
Please enter your name here