ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട്ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ 30-മത് ഇടവകദിനവും, അതോടൊപ്പം ഫാദേഴ്സ് ഡേയും സമുചിതമായി കൊണ്ടാടി.

ജൂണ്‍ മാസം 18-ാം തീയതി ഞായറാഴ്ച രാവിലെ 9.00 മണിക്ക് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയ്ക്ക് , നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഐസക് മാര്‍ പിലിക്സിനോസ് തിരുമേനി നേതൃത്വം കൊടുത്തു. വിശുദ്ധ കുര്‍ബ്ബാന മധ്യേ യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായം 23-ാം വാക്യം ആധാരമാക്കി വചന ശുശ്രൂഷ നടത്തി.

വിശ്വാസത്തിന്റെ ആഘോഷമായി ആരാധന നടത്തേണ്ടതിന്റെ ആവശ്യകതയും, സത്യത്തിലും, ആത്മാവിലും ദൈവത്തെ ആരാധിക്കുവാന്‍ ശ്രമിക്കുമ്പോഴാണ് ആരാധനയുടെ മഹത്വം മനസ്സിലാക്കുന്നത് എന്നും തിരുമേനി ചൂണ്ടിക്കാട്ടി. ശമര്യസ്ത്രീയുടെ അടുത്തേക്ക് ദാഹജലം ചോദിച്ച് എത്തുന്ന ക്രിസ്തു, ദാഹജലത്തില്‍ നിന്നും നിത്യജീവന്‍ പ്രാപിക്കുവാനുള്ള ജീവജാലപ്രാപ്തിയിലേക്ക് നയിക്കുന്നതോടൊപ്പം വേര്‍തിരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ എല്ലാവരേയും ഒന്നായിക്കണ്ട്, അതിനെതിരായി നില്‍ക്കുന്ന തടസ്സങ്ങളെ ഇല്ലാതാക്കുന്ന ഒരു ക്രിസ്തുവിനെ ഇവിടെ കാണുവാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി. ആരാധനയില്‍ സംബന്ധിക്കുമ്പോള്‍ തിരിച്ചറിവിന്റെ അനുഭവം ഉണ്ടാകുന്നതൊടൊപ്പം, ജീവിതരൂപാന്തരത്തിന്റെ മഹത്വവും ആരാധനയിലൂടെ നമുക്ക് കാണുവാന്‍ സാധിക്കണം എന്നും തിരുമേനി ഓര്‍മ്മിപ്പിച്ചു. ആരാധനയില്‍ ദൈവത്തിന്റെ മഹത്വം ദര്‍ശിക്കുന്നതോടൊപ്പം, ദാഹജലത്തില്‍ നിന്നും ജീവജലത്തിലേക്ക് നയിക്കുന്ന അനുഭവമാക്കി മാറ്റണമെന്നും ഉദ്ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷക്കുശേഷം നടന്ന എബനേസര്‍ ഇടവകയുടെ 30-മത് ഇടവകദിനാചരണ മീറ്റിംഗിന് അഭിവന്ദ്യ തിരുമേനി അധ്യക്ഷം വഹിച്ചു.

ചര്‍ച്ച് ക്വയറിന്റെ പ്രാരംഭഗാനത്തിനുശേഷം, ഇടവക വൈസ് പ്രസിഡന്റ് ഈപ്പന്‍ ജോസഫ് പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഇടവക വികാരി റവ.ബിജി മാത്യു ആമുഖ പ്രസംഗത്തിനുശേഷം അഭിവന്ദ്യ ഭദ്രാസന ബിഷപ്പ് റൈറ്റ്.റവ.ഡോ.ഐസക് മാര്‍ പീലിക്സിനോസ് തിരുമേനിയെ ഇടവകയുടെ മുപ്പതാമത് ഇടവക സമ്മേളനത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

പാരിഷ് ഡേ മീറ്റിംഗിനോടനുബന്ധിച്ച് ആശംസപ്രസംഗം നല്‍കാന്‍ സന്നിഹിതനായിരിക്കുന്ന ഭദ്രാസന സെക്രട്ടറി റവ.ഡെന്നി ഫിലിപ്പ് അച്ചനെ ഇടവകയുടെ പേരില്‍ സ്വാഗതം ചെയ്തു. ഈ സമ്മേളനത്തിലേക്ക് കടന്നുവന്ന വിശിഷ്ടാത്ഥികള്‍, കൈസ്ഥാന സമിതി അംഗങ്ങള്‍, ഇടവക ജനങ്ങള്‍, എല്ലാവരേയും റവ.ബിജി മാത്യു അച്ചന്‍ വളരെ സന്തോഷത്തോടെ, ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

പിന്നീട് നടന്ന സണ്ടേ സ്ക്കൂള്‍ കുട്ടികളുടെ പ്രോഗ്രാമിനു ശേഷം ഇടവക സെക്രട്ടറി, സി.എസ്.ചാക്കോ കഴിഞ്ഞ മുപ്പതു വര്‍ഷത്തെ ഇടവകയുടെ പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍, നോര്‍ത്ത് അമേരിക്കയിലെ മാര്‍ത്തോമ്മാ സഭയുടെ ആദ്യകാല ചരിത്രം, എബനേസന്‍ ഇടവകയുടെ സ്ഥാപനചരിത്രവും, ഇടവകയില്‍ക്കൂടി സഭയ്ക്കും ഭദ്രാസനത്തിനും ലഭിച്ച നേട്ടങ്ങള്‍, ഇന്നത്തെ എബനേസര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നീ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചു.

ഇടവക ദിനത്തോടനുബന്ധിച്ചു മുഖ്യ പ്രഭാഷണം നടത്തിയ ഭദ്രാസന തിരുമേനി, ഇടവകയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ചതോടൊപ്പം, സഭക്കും, ഭദ്രാസനത്തിനും വേണ്ടി നിലകൊണ്ട ഒരു ഇടവകയാണ് എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് എന്ന് അനുസ്മരിച്ചു. ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ വിവരിച്ച തിരുമേനി, എബനേസര്‍ ഇടവകയില്‍ക്കൂടി നടക്കുന്ന വൈവിദ്ധ്യമാര്‍ന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു. ഇടവകയിലെ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ വളരെ സന്തോഷമുണ്ടെന്നും. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ക്കൂടി മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് ഇടവക അര്‍ത്ഥപൂര്‍ണ്ണമാകുന്നത് എന്നും ഓര്‍മ്മിപ്പിച്ചു. നമുക്ക് എന്തു ലഭിച്ചു എന്നല്ല, നമുക്ക് മറ്റുള്ളവര്‍ക്ക് എന്തു കൊടുക്കുവാന്‍ സാധിക്കും എന്നതിനേക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും, ദൈവത്തോടൊപ്പം യാത്രചെയ്യുവാന്‍ നമുക്ക് സാധിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. മുപ്പതു വര്‍ഷം ഈ ഇടവകയെ ‘ഇത്രത്തോളം സഹായിച്ചു’ വഴി നടത്തിയ ദൈവം കൂടുതലായി ശക്തീകരിക്കട്ടെയെന്നും, അനുഗ്രഹിക്കട്ടെയെന്നും ആശംസിച്ചു.

പിന്നീട് ആശംസപ്രസംഗം നടത്തിയ റവ.ഡെന്നി ഫിലിപ്പ്, ഇടവക നേടിയ വളര്‍ച്ചയെ ചൂണ്ടിക്കാട്ടിയതോടൊപ്പം, ഇടവകയില്‍ നിന്നും ഭദ്രാസനപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സഹകരണത്തിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ഇടവകയില്‍ക്കൂടി നടക്കുന്ന വിവിധങ്ങളായ മിഷന്‍ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചതോടൊപ്പം, മുപ്പതുവര്‍ഷം പിന്നിടുന്ന ഇടവക കൂടുതല്‍ ശക്തിയോടെ പ്രവര്‍ക്കുവാനുള്ള ദൈവകൃപ വ്യാപരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ഇടവക മണ്ഡലം മെമ്പര്‍, ജേക്കബ് ഏബ്രഹാം തന്റെ നന്ദി പ്രകാശനത്തില്‍, എബന്‍-ഏസര്‍(ഇത്രത്തോളം യഹോവ സഹായിച്ച) ആയി വഴിനടത്തിയ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചതോടൊപ്പം, അഭിവന്ദ്യ-ഭദ്രാസന ബിഷപ്പ് റൈറ്റ്.റവ.ഡോ.പീലിക്സിനോസ് തിരുമേനി, ബഹുമാനപ്പെട്ട ഭദ്രാസന സെക്രട്ടറി, റവ.ബെന്നി ഫിലിപ്പച്ചന്‍ എന്നിവര്‍ക്ക് ഇടവകയുടെ പേരിലുള്ള നന്ദി അറിയിച്ചു. ഇടവകയുടെ മുപ്പതാം ഇടവക ദിനാഘോഷത്തിന് നേതൃത്വം കൊടുത്ത വികാരി, റവ.ബിജി മാത്യു, ഇടവക കൈസ്ഥാന സമിതി അംഗങ്ങള്‍, വിവിധ പ്രോഗ്രാം അവതരിപ്പിച്ച സംഘടനാംഗങ്ങള്‍, ഇടവക ക്വയര്‍, എം.സിമാര്‍, കടന്നു വന്ന വിശിഷ്ടാത്ഥികള്‍, ഇടവകയിലെ എല്ലാ കുടുംബങ്ങളോടും, വ്യക്തികളോടുമുള്ള നന്ദിയും, കടപ്പാടും അറിയിച്ചു.

തുടര്‍ന്നു നടന്ന ഫാദേഴ്സ് ഡേ പ്രോഗ്രാമില്‍ തിരുമേനിക്കും, അച്ചന്‍മാര്‍ക്കും ഫാദേഴ്സ് ഡേ ഗിഫ്റ്റ് കൊടുത്തതോടൊപ്പം ഇടവകയിലെ എല്ലാ പിതാക്കന്മാര്‍ക്കും സമ്മാനം കൊടുത്ത് ആദരിച്ചു.

ഇടവകദിനാഘോഷത്തിന് മാറ്റുക്കൂട്ടുവാന്‍, സണ്ടേ-സ്ക്കൂള്‍-യുവജനസംഘടന-സേവികാസംഘം, ക്വയര്‍ എന്നിവര്‍ വൈവിദ്ധ്യങ്ങളായ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു.

റവ.ബിജി മാത്യുവിന്റെ പ്രാര്‍ത്ഥനക്കും, തിരുമേനിയുടെ ആശിര്‍വാദത്തോടും കൈമുത്തോടുക്കൂടി ഇടവകയുടെ പാരിഷ് ഡേ, ഫാദേഴ്സ് ഡേ പ്രോഗ്രാമിന് പരിസമാപ്തിയായി. മിസ്. സ്നേഹ തോമസ്, മിസ്. ദീപ്തി ജോണ്‍ എന്നിവര്‍ എം.സി.മാരായി പ്രവര്‍ത്തിച്ചു. വിഭവ സമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

സി.എസ് ചാക്കോ (ഇടവക സെക്രട്ടറി) അറിയിച്ചതാണിത്.

ebanezar_2 ebanezar_3 ebanezar_4 ebanezar_1

LEAVE A REPLY

Please enter your comment!
Please enter your name here