?????????????????????????????????????????????????????????

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന റോബര്‍ട്ട് പയസ് തന്നെ ദയാവധത്തിന് വിധേയമാക്കണമെന്നഭ്യര്‍ഥിച്ച് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് കത്തയച്ചു. മറ്റ് ആറ് പ്രതികള്‍ക്കൊപ്പം വെല്ലൂര്‍ ജയിലിലാണ് റോബര്‍ട്ടും കഴിയുന്നത് . ജയില്‍വാസം തുടങ്ങിയിട്ട് 26 വര്‍ഷമായിട്ടും മോചിപ്പിക്കാത്ത സാഹചര്യത്തിലാണ് ദയാവധം അഭ്യര്‍ഥിക്കുന്നതെന്ന് റോബര്‍ട്ട് കത്തില്‍ ചൂണ്ടിക്കാട്ടി.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിനോടടുക്കുന്ന ജയില്‍വാസത്തില്‍നിന്ന് മോചനം അസാധ്യമാണെന്ന് ഏറക്കുറെ ബോധ്യമായ സ്ഥതിക്ക് മാനസികമായി തകര്‍ന്നതിനാലാണ് കത്തയക്കുന്നതെന്ന് റോബര്‍ട്ട് വ്യക്തമാക്കി. രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മൂന്നുപേരില്‍ ഒരാളാണ് റോബര്‍ട്ട്. ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് മറ്റ് രണ്ടുപേര്‍. മുരുകന്‍, ഭാര്യ നളിനി, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ക്ക് വധശിക്ഷക്കാണ് വിധിച്ചത്.

ശിക്ഷ നടപ്പാക്കുന്നതിന് കാലതാമസം നേരിട്ടതോടെ, ജസ്റ്റിസ് പി. സദാശിവം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് നാലുപേരുടെയും വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടര്‍ന്ന് ഇവരെ വിട്ടയക്കാന്‍ 2014ല്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചു. യു.പി.എ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച് ഇത് തടഞ്ഞു.

25 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ ഇവരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ അഭിപ്രായം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കത്തയച്ചിരുന്നു. എന്നാല്‍, ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതിനിടെ, മറ്റൊരു പ്രതിയായ പേരറിവാളന്‍ നല്‍കിയ പരോള്‍ അപേക്ഷ സംസ്ഥാന ജയില്‍ വകുപ്പ് നിരസിച്ചു. കേന്ദ്ര നിയമപ്രകാരമാണ് ശിക്ഷിക്കപ്പെട്ടതെന്നും സംസ്ഥാന നിയമപ്രകാരം പരോള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും വകുപ്പ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here