കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ അലയൊലികള്‍ അടങ്ങും മുമ്പായിരുന്നു സോഷ്യല്‍മീഡിയയില്‍ ആ ചിത്രം പ്രചരിച്ചത്. മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു യുവാവിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ സമൂഹമാധ്യമങ്ങള്‍ തന്നെ തിരുത്തിപ്പറയുകയാണ്, അന്ന് പ്രചരിച്ചത് കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത എല്‍ദോ എന്ന വ്യക്തിയുടെ ചിത്രമാണെന്ന്. മരണാസന്നനായ അനുജനെ ഓര്‍ത്തുള്ള മനോവിഷമം കൊണ്ട് കിടന്നു പോയതാണ് എല്‍ദോയെന്ന് ബന്ധുക്കള്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ക്കും പരിഹാസത്തിനും മറുപടി നല്‍കാന്‍ പോലും കഴിയാതെ വിഷമിക്കുകയാണ് ഈ മിണ്ടാപ്രാണി.

മെട്രോയിലെ ‘പാമ്പ്’ ആരെന്ന അന്വേഷണം എത്തിച്ചത് അങ്കമാലി കിടങ്ങൂരിലെ വീട്ടിലേക്കാണ്. രണ്ടു കുട്ടികള്‍ക്കും സംസാരിക്കാന്‍ കഴിയാത്ത ഭാര്യയ്ക്കുമൊപ്പമാണ് ബധിരനും മൂകനുമായ എല്‍ദോയുടെ ജീവിതം. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്.
എറണാകുളം ജനറല്‍ ആശുപത്രിയിയില്‍ അത്യാസന്ന നിലയില്‍ അനുജനെ കണ്ടു മടങ്ങും വഴിയാണ് മകന്റെ നിര്‍ബന്ധത്തെത്തുടര്‍ന് മെട്രോയില്‍ കയറിയത്. സ്വന്തം അനുജന്‍ മരണത്തോട് മല്ലിടുന്നത് കണ്ടതിന്റെ വിഷമത്തിലായിരുന്നു എല്‍ദോ എന്ന് അമ്മയും പ്രതികരിച്ചു.

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി എല്‍ദോ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫിസിലും എല്‍ദോയെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണ്. എല്‍ദോയെ അടുത്തറിയാവുന്ന നാട്ടുകാരും ഈ പാവത്തെ ഉപദ്രവിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here