ലണ്ടന്‍: മലയാളിയായ യുവ വൈദികനെ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും മൂന്നുദിവസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായി. സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമായ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ(33)യെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്. വൈദികനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നാണ് ആശങ്ക. വൈദികനെ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് എഡിന്‍ബറ ബിഷപ് തിരുവനന്തപുരത്തെ സിഎംഐ പ്രൊവിന്‍ഷ്യലിനെ വിളിച്ചറിയിക്കുകയായിരുന്നു. വൈദികന്റെ കാര്യത്തില്‍ ആശങ്ക തുടരുകയാണെന്ന് ബിബിസി ഉള്‍പ്പെടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ വൈദികനുമായി നേരിട്ടും ഫോണിലും സംസാരിച്ചവരുണ്ട്. എന്നാല്‍ അതിനുശേഷം രണ്ടുദിവസമായി ഒരു വിവരവും ഇല്ലാതായതോടെയാണ് രൂപതാധികൃതര്‍തന്നെ വിവരം പൊലീസില്‍ അറിയിച്ചത്. പഴ്‌സും പാസ്‌പോര്‍ട്ടും മറ്റ് സ്വകാര്യസാമഗ്രികളും എല്ലാം റൂമില്‍തന്നെയുണ്ട്. മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ബുധനാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കെത്തിയ വിശ്വാസികളാണ് വൈദികന്റെ അസാന്നിധ്യം രൂപതാധികൃതരെ അറിയിച്ചത്.

പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാര്‍ട്ടിന്‍ ചെത്തിപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്‌കോട്‌ലന്‍ഡിലേക്കു പോയത്. പഠനത്തിനൊപ്പം ഫാര്‍കിക് ഇടവകയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ശനി, തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ നാട്ടിലുള്ള സഹോദരങ്ങള്‍ ഫാ. മാര്‍ട്ടിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ബുധനാഴ്ച മൂത്ത സഹോദരനെ ഫാ. മാര്‍ട്ടിന്‍ വിളിച്ചെങ്കിലും സംസാരിക്കാന്‍ സാധിച്ചില്ല. പിന്നീട് തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.

എഡിന്‍ബറോ രൂപതയിലെ ഫാല്‍കിര്‍ക്കിനു സമീപമുള്ള കോര്‍സ്‌ട്രോഫിന്‍ ‘സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്’ റോമന്‍ കാത്തലിക് പള്ളിയിലായിരുന്നു ഫാ. മാര്‍ട്ടിന്റെ സേവനവും താമസവും. നിരവധി അരുവികളും കനാലുകളും നിറഞ്ഞ ഈ പ്രദേശം ഏറെക്കുറെ കുട്ടനാടിന് സമാനമായ ഭുപ്രകൃതിയുള്ള സ്ഥലമാണ്. പ്രഭാതസവാരിക്കിടെയിലോ മറ്റോ ഇത്തരത്തിലുള്ള വെള്ളക്കെട്ടിലോ കനാലിലോ അപകടം സംഭവിച്ചതാണോ എന്ന ശക്തമായ സംശയമുണ്ട്. കോര്‍സ്‌ട്രോഫിന്‍ മലനിരകളിലൂടെയുള്ള നടത്തം ഫാ. മാര്‍ട്ടിന്‍ ഏറെ ആസ്വദിച്ചിരുന്നതായി കേസ് അന്വേഷിക്കുന്ന പൊലീസ് പറഞ്ഞതായി രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മൂന്നു ദിവസമായി ഒരു വിവരവുമില്ലാത്ത വൈദികന്റെ ക്ഷേമത്തില്‍ ആശങ്കയുള്ളതായും പൊലീസ് പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. ഭീകരവാദസംഘടനകള്‍ക്ക് തിരോധാനവുമായി ബന്ധമുണ്ടായേക്കാമെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലും ബ്രിട്ടനിലെ ചില പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്നിരുന്നെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ല.

ചെറുതായി ചുരുണ്ട മുടിയും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമുള്ള വൈദികനെക്കുറിച്ചുള്ള വിവരങ്ങള്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവിട്ടു. അഞ്ചടി അഞ്ചിഞ്ച് ഉയരവും ഇടത്തരം ശരീരപ്രകൃതിക്കാരനുമായ ഫാ. മാര്‍ട്ടിന്‍ ഇരുനിറക്കാരനാണ്. വൈദികനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സ്‌പെക്ടര്‍ ക്രെയ്ഗ് റോജേഴ്‌സണ്‍ അറിയിച്ചു. പൊലീസുമായോ സഹപ്രവര്‍ത്തകരുമായോ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഫാ. മാര്‍ട്ടിനോടും പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. എട്ടുമാസമായി ഇവിടെ താമസിക്കുന്ന വൈദികന് പ്രദേശത്തെ വഴികളും മറ്റും സുപരിചിതമാണെന്നതിനാല്‍ വഴിതെറ്റി അലയാനുള്ള സാധ്യതയും പൊലീസ് കാണുന്നില്ല.

ബ്രിട്ടനിലെ സിഎംഐ. വൈദികരും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയും എഡിന്‍ബറോ രൂപതയുമായി ചേര്‍ന്ന് വൈദികനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here