ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ പര്യടനത്തിന് പുറപ്പെട്ടു. ഇത്തവണ മൂന്ന് രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക. അമേരിക്കയാണ് ഇതില്‍ പ്രധാനം. ആദ്യം പോര്‍ച്ചുഗലിലെത്തുന്ന മോദി പിന്നീട് അമേരിക്കയിലേക്കും അവിടെ നിന്നു നെതര്‍ലാന്റ്‌സിലേക്കും പോകും. 26ന് അമേരിക്കയിലെത്തുന്ന മോദി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസില്‍ മോദിക്ക് ട്രംപ് അത്താഴം ഒരുക്കും. ട്രംപുമായി വൈറ്റ് ഹൗസില്‍ അത്താഴം കഴിക്കുന്ന ആദ്യ വിദേശ നേതാവാണ് മോദി.

നേരത്തെ ചൈനീസ് പ്രസിഡന്റിനും ജാപ്പനീസ് പ്രധാനമന്ത്രിക്കും ട്രംപ് അത്താഴം ഒരുക്കിയിരുന്നെങ്കിലും അത് സ്വകാര്യ സ്ഥലത്തായിരുന്നു. അന്നേദിവസം വൈകീട്ട് 3.30നാണ് മോദിട്രംപ് കൂടിക്കാഴ്ച. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കുനേരെ നടക്കുന്ന വംശീയ അതിക്രമവും എച്ച്1 ബി വീസ നിയന്ത്രണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. അമേരിക്കയിലെ വിവിധ കമ്പനി മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ യാത്രയാണിത്. കഴിഞ്ഞ നവംബറില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം മൂന്നുതവണ ട്രംപ് മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചപ്പോള്‍ മോദിയെ അഭിനന്ദിക്കാനാണ് ഏറ്റവുമൊടുവില്‍ പ്രസിഡന്റ് വിളിച്ചത്.

ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് അന്തിമരൂപം നല്‍കാന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനുമായി ചര്‍ച്ച നടത്തും. മോദി ഗവണ്‍മെന്റിന്റെ യുഎസ് ബന്ധം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ജയശങ്കറാണ്. നേരത്തേ യുഎസില്‍ ഇന്ത്യന്‍ അംബാസഡറായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ യുഎസ് ശ്രമിക്കുകയാണെന്നും ഒട്ടേറെ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്പര സഹകരണം നിലവിലുണ്ടെന്നും യുഎസ് വിദേശകാര്യവക്താവ് ഹീതര്‍ നോററ്റ് പ്രതിദിന പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയെ അമേരിക്കന്‍ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിലേക്ക് ട്രംപ് ക്ഷണിക്കുമെന്നാണ് വിവരം. ഐസിസ് വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയും പങ്കാളികളാവണമെന്ന് നേരത്തെ അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ നിരസിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here