പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പുതിയ കൊടിമരവുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍ ദശലക്ഷക്കണക്കിനു വരുന്ന ഭക്തജനങ്ങള്‍ക്കു സമ്മാനിച്ചിരിക്കുന്നത് കടുത്ത ആശങ്ക. പുതിയ കൊടിമരത്തില്‍ രസം (മെര്‍ക്കുറി) ഒഴിച്ചതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ക്ക് ഇപ്പോള്‍ താത്കാലിക പരിഹാരമായിരിക്കുകയാണ്. പുതിയ കൊടിമരം ഇതിനകം പൂര്‍വസ്ഥിതിയിലാക്കി. ശില്‍പ്പി അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ് കേടുപാടുകള്‍ തീര്‍ത്തത്. കൊടിമരത്തില്‍ വീണ്ടും സ്വര്‍ണം പൂശിയിട്ടുണ്ട്.
ഇന്നലെയാണ് ആന്ധ്രസ്വദേശികളായ അഞ്ചുപേര്‍ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആന്ധ്ര വിയ്യൂര്‍ സ്വദേശികളായ വെങ്കിട്ട റാവു, സഹോദരന്‍ ഇ.എന്‍.എല്‍. ചൗധരി, സത്യനാരായണ റെഡ്ഡി, ഉമാമഹേശ്വര റെഡ്ഡി, സുധാകര റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, ശബരിമലയിലെ പുതിയ കൊടിമരത്തിനു കേടുപാട് വരുത്തിയതിനു പിന്നില്‍ അട്ടിമറിയില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഐജി മനോജ് എബ്രഹാം പറഞ്ഞു. പത്തനംതിട്ടയില്‍ ഐജിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരുന്നുണ്ട്.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പമ്പ കെഎസ്ആര്‍ടിസി പരിസരത്തുനിന്നാണു അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, അഞ്ചംഗ സംഘം സംശയാസ്പദമായ രീതിയില്‍ കൊടിമരത്തിലേക്ക് എന്തോ ഒഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിടിയിലായവരില്‍നിന്നു മെര്‍ക്കുറിയും പിടിച്ചെടുത്തിട്ടുണ്ട്.

പ്രതിഷ്ഠ നടന്നു മണിക്കൂറുകള്‍ക്കുള്ളിലാണു സ്വര്‍ണക്കൊടിമരത്തിനു കേടുവരുത്തിയതായി കണ്ടെത്തിയത്. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലാണു രാസവസ്തു ഒഴിച്ചു കേടുവരുത്തിയതായി കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഡിജിപി: ടി.പി. സെന്‍കുമാറിനു ദേവസ്വം ബോര്‍ഡ് പരാതി നല്‍കിയിരുന്നു. ഉച്ചയ്ക്ക് 1.50ന് പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം പൊലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും ഇവിടെനിന്നു മാറിയപ്പോഴാണ് കൊടിമരത്തിന്റെ ചില ഭാഗങ്ങള്‍ കേടുവരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here