ഡാലസ്: ക്രൈസ്തവര്‍ക്കിടയില്‍ നിന്നും മറനീക്കി പുറത്തുവരുന്ന ഭിന്നതകള്‍ മറന്നും പരിഹരിച്ചും ഐക്യത്തോടെ മുന്നേറുമ്പോള്‍ മാത്രമാണ് ക്രിസ്തുവിന് വഴി ഒരുക്കുന്ന സാക്ഷ്യ സമൂഹമായി നിലനില്‍ക്കുവാന്‍ കഴിയുകയുള്ളൂവെന്ന് നോര്‍ത്ത് അമേരിക്കാ–യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലെക്‌സിനോസ് എപ്പിസ്‌കോപ്പാ അഭിപ്രായപ്പെട്ടു.

ഡാലസ് സെന്റ് പോള്‍സ് ഇടവകയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ തിരുമേനി ജൂണ്‍ 25 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ ധ്യാന പ്രസംഗം നടത്തുകയായിരുന്നു.

ക്രിസ്തുവിന് വഴിയൊരുക്കുവാന്‍ ദൈവിക നിയോഗം ലഭിച്ച യോഹന്നാന്‍ സ്‌നാപകന്‍ ജീവിതത്തിലൂടെ കാണിച്ചു തന്ന മാതൃക അനുകരണീയമാണ്. ശിക്ഷ്യത്വം സാക്ഷ്യ അനുഭവമാക്കി മാറ്റിയതാണ് യോഹന്നാന്റെ ജീവിത വിജയത്തിന്റെ അടിസ്ഥാനം. മറ്റുള്ളവരെ തന്നെക്കാള്‍ ശ്രേഷ്ഠരെന്ന് എണ്ണുന്നവരുടെ ജീവിതത്തില്‍ മാത്രമാണ് ധന്യത കണ്ടെത്താനാകുന്നത്. ഞാന്‍ മാത്രം എന്ന ചിന്തയോടെ മുന്നേറുമ്പോള്‍ ഞാനും സമൂഹവും ഇല്ലാതാകുന്നു എന്ന ചിന്ത ഓരോരുത്തരിലും രൂഢമൂലമാകേണ്ടതുണ്ട്.

അനുതാപത്തിലൂടെ ദൈവത്തില്‍ സന്തോഷം കണ്ടെത്തി രൂപാന്തരം പ്രാപിച്ച ജീവിത്തിന്റെ ഉടമകളായി മാറുമ്പോള്‍ വ്യക്തികളും സമൂഹവും ഇടവകകളും അനുഗ്രഹിക്കപ്പെടുമെന്ന് തിരുമേനി ഉദ്‌ബോധിപ്പിച്ചു.

ആദ്യ വിശുദ്ധ കുര്‍ബാനയിലൂടെ സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ച 8 കുട്ടികള്‍ക്ക് ഭദ്രാസനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എപ്പിസ്‌കോപ്പാ വിതരണം ചെയ്തു. ഇടവക വികാരി ഷൈജു പി. ജോണച്ചന്‍ സ്വാഗതവും സെക്രട്ടറി ലിജു തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. രാജന്‍ കുഞ്ഞ് ചിറയില്‍, സഖറിയാ തോമസ്, ഏബ്രഹാം കോശി, ഹന്നാ ഉമ്മന്‍ ഈശോ ചാക്കോ തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here