മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ യുഎഇ എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥനായിരുന്ന പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാ(34)മിനെ ഭാര്യയും കാമുകനും ചേര്‍ന്നു സയനൈഡ് നല്‍കി കൊലപ്പെടുത്തി എന്ന കേസില്‍ പ്രാരംഭവാദം ആരംഭിച്ചു. പ്രതികളായ സാമിന്റെ ഭാര്യ സോഫിയ, കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റപത്രം മെല്‍ബണ്‍ മജിസ്‌ട്രേട്ട് കോടതി ഇരുവരെയും വായിച്ചുകേള്‍പ്പിച്ചു. ഇരുവരും കുറ്റം നിഷേധിച്ചു.

സാമിനെ കിടപ്പറയില്‍ ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തിക്കൊടുത്ത് കൊലപ്പെടുത്തിയെന്ന കുറ്റമാണ് ഇരുവര്‍ക്കും മേല്‍ ചുമത്തിയിരിക്കുന്നത്. സംഭവത്തിനു മൂന്നു മാസം മുന്‍പു റെയില്‍വേ സ്റ്റേഷനില്‍ സാമിനെ വധിക്കാന്‍ ശ്രമിച്ച കേസ് കൂടി അരുണ്‍ കമലാസനനു മേല്‍ ചുമത്തിയിട്ടുണ്ട്. ടോക്‌സിക്കോളജി വിദഗ്ധന്റെ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. സാമിന്റെ ശരീരത്തില്‍ ഒരു ലീറ്ററില്‍ 35 മില്ലിഗ്രാം സയനൈഡിന്റെ അംശം കണ്ടെത്തിയതായി ടോക്‌സിക്കോളജിസ്റ്റ് കോടതിയെ അറിയിച്ചു. സാമിന്റെ രക്തത്തിലും കരളിലും സയനൈഡിന്റെ അംശം കണ്ടെത്തിയതായും ഇദ്ദേഹം സ്ഥിരീകരിച്ചു. സോഫിയയും അരുണും കുറ്റം നിഷേധിച്ചതിനെ തുടര്‍ന്ന്, കേസ് വിചാരണനടപടികള്‍ക്കായി സുപ്രീം കോടതിയിലേക്കു മാറ്റി.

വിചാരണയുടെ തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി വിക്ടോറിയ സുപ്രീം കോടതി ഇന്നു കേസ് പരിഗണിക്കും. ഭാര്യ സോഫിയയും നാലു വയസ്സുള്ള മകനും ഒപ്പം താമസിച്ചിരുന്ന എപ്പിങ്ങിലെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ സാം മരിച്ചനിലയില്‍ കാണപ്പെട്ടത് 2015 ഒക്ടോബര്‍ 14ന് ആയിരുന്നു. ഹൃദയാഘാതം മൂലം ആണു സാം മരിച്ചതെന്നു വീട്ടുകാരെ വിശ്വസിപ്പിച്ച ഭാര്യ സോഫിയ, മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കരിച്ചശേഷം മെല്‍ബണിലേക്കു മടങ്ങി.

മരിക്കുന്നതിനു മൂന്നുമാസം മുന്‍പു റെയില്‍വേ സ്റ്റേഷനില്‍ സാമിനെതിരെ ഉണ്ടായ വധശ്രമം സംബന്ധിച്ച അന്വേഷണത്തിനിടെയാണു മരണം സംബന്ധിച്ചു പൊലീസിനു സംശയം ജനിച്ചത്. ഇതെത്തുടര്‍ന്ന് ഒന്‍പതു മാസത്തോളം സോഫിയയുടെയും അരുണിന്റെയും ടെലിഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കുകയും മറ്റു തെളിവുകള്‍ ശേഖരിക്കുകയും ചെയ്തശേഷം 2016 ഓഗസ്റ്റ് 12ന് ആണ് ഇരുവരെയും മെല്‍ബണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ ഇരുവരും റിമാന്‍ഡില്‍ കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here