തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. മിനിമം വേതനം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ നഴ്‌സുമാര്‍ സംസ്ഥാന വ്യപകമായി പണിമുടക്ക് സമരം ആരംഭിക്കുമെന്നും യു.എന്‍.എ ഭാരവാഹികള്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ലേബര്‍ കമീഷണര്‍ കെ. ബിജുവിന്റെ നേതൃത്വത്തിലുളള സമിതിയാണ് ചൊവ്വാഴ്ച അസോസിയേഷനുകളുമായി ചര്‍ച്ചനടത്തിയത്. മിനിമം വേതനം നടപ്പിലാക്കണമെന്ന നേഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായില്ല. അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനം വര്‍ധന നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ 35 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന അനുവദിക്കാനാകില്ലെന്ന മാനേജ്‌മെന്റുകള്‍ നിലപാട് എടുത്തതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.

അതേസമയം വിഷയം വീണ്ടും മന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യണമെന്നും ഇതില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കണമെന്നുമാണ് ലേബര്‍ കമീഷണറുടെ നിലപാട്. പിന്നീട് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍ചര്‍ച്ച നടത്താന്‍ തീരുമാനമാകുകയായിരുന്നു. അതുവരെ, പണിമുടക്ക് സമരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് നഴ്‌സുമാരുടെ അസോസിയേഷന്‍ വ്യക്തമാക്കി.

പന്തിപ്പോള്‍ സര്‍ക്കാരിന്റെ കോര്‍ട്ടിലാണ്. നേഴ്‌സുമാര്‍ക്ക് അനുകൂലമായ നിലപാടെടുക്കുമെന്നാണ് വിശ്വാസം. സമരം സര്‍ക്കാര്‍ ഇടപെട്ട് സമവായത്തിലെത്തിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here