punjab-attack.jpg.image.784.410

 

ഗുർദാസ്പൂർ∙ പഞ്ചാബിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഭീകരരുമായി സൈന്യം 12 മണിക്കൂറോളം നടത്തിയ ഏറ്റുമുട്ടൽ അവസാനിച്ചു. ആക്രമണത്തിന് നേതൃത്വം നൽകിയ മൂന്നു ഭീകരരെ വധിച്ചെന്നും കൂടുതൽ ഭീകരർ ഉണ്ടോയെന്നറിയാൻ തിരച്ചിൽ തുടരുകയാണെന്നും ജില്ലാ കലക്ടർ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും കലക്ടർ പറഞ്ഞു. പഞ്ചാബിൽ എട്ടു വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലാണ് ദിനനഗർ പൊലീസ് സ്റ്റേഷനു നേരെയുണ്ടായത്.

ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കി. ജമ്മു കശ്മീർ, രാജസ്ഥാൻ‌, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാസികിലെ എംജി റോഡിൽ നിന്നു പ്രവർത്തനക്ഷമമായ ബോംബ് കണ്ടെത്തി. സംസ്ഥാനത്ത് സുരക്ഷയുടെ ഭാഗമായി പെട്രോളിങ് ശക്തമാക്കിയതായി ഉത്തർപ്രദേശ് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും പരിശോധന നടത്താൻ ഉത്തരവിട്ടതായി രാജസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥരും അറിയിച്ചു

പഞ്ചാബിലുണ്ടായ ഭീകരാക്രമണത്തിൽ പൊലീസ് സുപ്രണ്ട് അടക്കം ഒൻപതു പേരാണ് കൊല്ലപ്പെട്ടത്. എസ്പി: (ഡിക്ടറ്റീവ്) ബൽജീത്ത് സിങ്ങാണ് കൊല്ലപ്പെട്ടവരിൽ പ്രമുഖൻ. കാർഗിൽ യുദ്ധവിജയ വാർഷികത്തിന്റെ തൊട്ടു പിറ്റേന്നുണ്ടായ ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഭീകരരിൽ ഒരു വനിതയുള്ളതായി പരുക്കേറ്റ സുരക്ഷാ സൈനികൻ അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 140 എൻഎസ്ജി കമാൻഡോകൾ അടക്കം 300 സൈനികർ ഓപ്പറേഷനിൽ പങ്കെടുത്തു.

പഞ്ചാബിൽ ആക്രമണം നടത്തിയത് അതിർത്തി കടന്നെത്തിയ ഭീകരരാണെന്ന് വ്യക്തമായതോടെ പാക്കിസ്ഥാന് ഇന്ത്യ ശക്തമായ ഭാഷയിലാണ് മറുപടി നൽകിയിരിക്കുന്നത്. ഇനി ആക്രമണങ്ങൾ തുടർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്ത് സമാധാന ചർ‌ച്ചകൾക്കില്ല. സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

ഇന്നു പുലർച്ചെ 5.45 ഓടെയാണ് ഗുർദാസ്പൂരിൽ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണമുണ്ടായത്. മാരുതി കാറിൽ സൈനിക വേഷത്തിലെത്തിയ നാലംഗ സംഘം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു.

പൊലീസ് സ്റ്റേഷനു നേരെയുണ്ടായത് ഭീകരാക്രമണം തന്നെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. പാക്ക് ബന്ധമുള്ള ഭീകരരാണ് ആക്രമണത്തിനു പിന്നിൽ. രാജ്യമെങ്ങും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here