APJ1.jpg.image.784.410

ന്യൂഡൽഹി∙ ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച രാഷ്ട്രപതിയാണ് ഇന്ന് അന്തരിച്ച ഡോ. എ.പി.ജെ. അബ്ദുൽ കലാം. ഇന്ത്യയെന്ന രാജ്യത്തെ എല്ലാ രംഗങ്ങളിലും മികവിന്റെ ഔന്നത്യങ്ങളിലെത്തിക്കുകയെന്നത് ജീവിത നിയോഗം പോലെ ഏറ്റെടുത്തായിരുന്നു അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും. സ്വപ്നം എന്നത് അദേഹത്തിന്റെ പേരിന്റെ പര്യായം പോലുമായി മാറി.

നിങ്ങൾ ഉറക്കത്തിൽ കാണുന്നതല്ല, നിങ്ങളെ ഉറങ്ങാൻ‌ അനുവദിക്കാത്തതാണ് യഥാർഥ സ്വപ്നമെന്ന് മൊഴിഞ്ഞ് സ്വപ്നം കാണലിന് മിഴിവുറ്റ ഒരു നിർവചനം പോലും അദേഹം ചമച്ചു. ഈ കുറിയ മനുഷ്യന്റെ അധരങ്ങളിൽ നിന്നുതിരുന്ന മഹദ്‌വചനങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഒപ്പം ലോകം മുഴുവനും ആകാംക്ഷയോടെ കാത്തിരുന്നു. വാഗ്ധോരണിയുടെ തികവുറ്റ മാതൃകയൊന്നുമായിരുന്നില്ല അദേഹം. എന്നിട്ടും ലോകമൊന്നാകെ അദേഹത്തെ ശ്രവിച്ചത് ആ വാക്കുകളുടെ ശക്തികൊണ്ടും നന്മ കൊണ്ടുമായിരുന്നു.

ഇന്ത്യയെ ഒരു വാന്‍ ശക്തിയാക്കുകയായിരുന്നു കലാമിന്റെ ലക്ഷ്യം. പുതു തലമുറയെ പ്രകാശപൂരിതമായ ഭാവിയിലേക്കു നയിക്കുകയായിരുന്നു സ്വപ്നം. പുതിയ തലമുറയോടു അദ്ദേഹം പറഞ്ഞു ‘സ്വപ്നം കാണുക’. സ്വപ്നം കാണാൻ വെറുതെ പറഞ്ഞു നടക്കുകയായിരുന്നില്ല അദേഹം. പകരം, കൃത്യമായ ലക്ഷ്യം നിശ്ചയിച്ച് ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുകയെന്നതായിരുന്നു അദേഹത്തിന്റെ രീതി. അദേഹത്തിന്റെ ഉപദേശങ്ങളും ആ രീതിയിലുള്ളതായിരുന്നു. 2020 ഓടെ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ഒറ്റ രാത്രികൊണ്ട്‌ ഉന്നത പദവിയില്‍ എത്തിയ ഒരാളായിരുന്നില്ല അദേഹം. കഠിനാദ്ധ്വാനവും പരിശ്രമവും കൊണ്ടു ഭാരതത്തിന്റെ രത്നമായി മാറുകയായിരുന്നു കലാം.

സാങ്കേതികവിദ്യാ വൈദഗ്ധ്യവും രാഷ്ട്ര തന്ത്ര‍ജ്‌ഞതയും ഒത്തുചേർന്ന പ്രതിഭാധനരായ അപൂർവം വ്യക്തികളിലൊരാളായിരുന്നു അദേഹം. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അദേഹത്തിന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർഥികളുമായി സംവദിക്കുക എന്നത് അദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിദ്യാർഥികളെ ഏറെ പ്രചോദിപ്പിക്കുന്നതായിരുന്നു അദേഹത്തിന്റെ വാക്കുകളും പ്രസംഗങ്ങളും. അഴിമതി വിരുദ്ധ ഇന്ത്യ എന്ന ലക്ഷ്യവുമായി വിദ്യാർഥികൾക്കിടയൽ ബോധൽക്കരണ പരിപാടികളും അദേഹം നടത്തിവരികയായിരുന്നു.

സാധാരണക്കാരനായി ജനിച്ച്, സാധാരണക്കാരനായി വളർന്നതു കൊണ്ടാകണം, സാധാരണക്കാരുടെ മനസായിരുന്നു കലാമിന്റേത്. രാഷ്ട്രപതിയെന്ന നിലയിൽ നിയമം മൂലം ലഭിക്കുമായിരുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. ഒരു രൂപമാത്രം മാസ ശമ്പളം പറ്റിയായിരുന്നു രാഷ്ട്രപതിയെന്ന നിലയിലുള്ള അദേഹത്തിന്റെ സേവനം. പാദരക്ഷകൾ അണിയിക്കാനും അഴിച്ചുമാറ്റാനും രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉണ്ടായിരുന്നെങ്കിലും അദേഹമത് സ്വയം ചെയ്തുകൊണ്ട് വ്യത്യസ്തനായി.

മുപ്പതോളം സർ‌വ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിട്ടുണ്ട്. പദ്മഭൂഷൺ (1981), പദ്മവിഭൂഷൺ (1990), ഭാരത രത്നം (1997) എന്നീ ബഹുമതികൾ അദേഹത്തിന് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here