കൊച്ചി: സ്‌കോട്‌ലന്‍ഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ.മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം വീണ്ടും വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. മരണകാരണം സംബന്ധിച്ചു വ്യക്തത വരാത്തതിനെ തുടര്‍ന്നാണു ആന്തരാവയവങ്ങളുടെ പരിശോധന ഉള്‍പ്പെടെ തിങ്കളാഴ്ച വീണ്ടും നടത്തുക.

എഡിന്‍ബറ സിറ്റി മോര്‍ച്ചറിയില്‍ വ്യാഴാഴ്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. എന്നാല്‍ മരണകാരണം സംബന്ധിച്ചു വ്യക്തതയുണ്ടായില്ല. അതോടെയാണ് മൃതദേഹം വീണ്ടും വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനിച്ചത്. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനു തുല്യമായ പരിശോധനയാണിത്. ഫാ.മാര്‍ട്ടിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്നു സിഐഡി ഏറ്റെടുത്തിരുന്നു. സിഐഡി ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനു വേണ്ടിയാണു വീണ്ടും പരിശോധന നടത്തുന്നത്. ഫാ.മാര്‍ട്ടിന്റെ മൃതദേഹം ആറുദിവസത്തിനകം ജന്മദേശമായ പുളിങ്കുന്നില്‍ എത്തിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള രേഖകള്‍ എല്ലാം തയാറായി. തിങ്കളാഴ്ചത്തെ പുനപരിശോധന മാത്രമാണു ബാക്കിയുള്ളത്. മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം ഫാ.മാര്‍ട്ടിന്‍ സഹവികാരിയായി സേവനം ചെയ്ത ചെത്തിപ്പുഴ തിരുഹൃദയ ഇടവകയില്‍ സംസ്‌കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here