കോട്ടയം:വാദ്യമേളങ്ങളോടെയും വര്‍ണക്കടലാസുകള്‍ വിതറിയും സംസ്ഥാനത്ത് പുതിയ ബാറുകള്‍കൂടി തുറന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്നു തുറന്ന ബാറുകളുടെ പ്രവേശനോല്‍സവത്തില്‍ മദ്യപരുടെ ആവേശം അല്‍പം കുറഞ്ഞെങ്കിലും ബാറുകള്‍ ആഘോഷം ഒട്ടും കുറച്ചില്ല. ചെണ്ടമേളത്തിന്റെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെയാണ് ചില ബാറുകളിലേക്ക് ആളുകളെ സ്വാഗതം ചെയ്തത്. രാവിലെ സ്റ്റോക്ക് ലഭിക്കാന്‍ വൈകിയതോടെ മിക്ക ബാറുകളിലും ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് മദ്യം വിറ്റു തുടങ്ങിയത്.

എന്നാല്‍ പ്രതീക്ഷിച്ച പോലെ തിക്കും തിരക്കും ഇന്നലെ തുടക്കത്തില്‍ ഉണ്ടായില്ല. ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിച്ചിരുന്ന ബാറുകളില്‍ പതിവുകാരാണ് ഇന്നലെ എത്തിയതില്‍ അധികവും. ശിങ്കാരി മേളക്കാരുടെ ചെണ്ടമേളത്തോടെയാണ് മദ്യപരെ ബാറിലേക്ക് ആനയിച്ചത്. രാവിലെ മുതല്‍ ബാറുകള്‍ തുറക്കുന്നതു കാത്ത് പലയിടത്തും മദ്യപര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഒന്നാം തീയതി മുതലാണ് ബാറുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചതെങ്കിലും ഒന്നാം തീയതി ഡ്രൈഡേ ആയതിനാല്‍ ബാറുകളില്‍ മദ്യത്തിന്റെ സ്റ്റോക്ക് എടുക്കാനോ തുറന്നു പ്രവര്‍ത്തിക്കാനോ കഴിഞ്ഞില്ല. അതിനാല്‍ ഇന്നലെയാണ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്. രാവിലെ പ്രവൃത്തി സമയം ആരംഭിച്ച ശേഷമാണ് ഗോഡൗണുകളില്‍ നിന്ന് മാത്രം മദ്യം വിതരണം ചെയ്യാന്‍ തുടങ്ങിയത്. ഇതോടെ ബാറുകളില്‍ സ്റ്റോക്ക് എത്താന്‍ വൈകി.ചില ബാറുകളില്‍ മദ്യവുമായി വാഹനം എത്തി പൂര്‍ണമായും ഇറക്കുന്നതിനു മുന്‍പു തന്നെ വില്‍പനയും തുടങ്ങിയിരുന്നു.
കരഞ്ഞു കെട്ടിപ്പിടിച്ചും ഗൃഹാതുര സ്മരണകളും ആഹ്ലാദാരവങ്ങളും നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണു ബാറുകള്‍ പലതും തുറന്നത്. ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്നു കരുതിയിരുന്ന മദ്യം അളക്കുന്ന പാത്രവും അളവുകാരനെയും ബെയറര്‍മാരെയുമൊക്കെ മുന്നില്‍ കണ്ടപ്പോള്‍ പലരും തെല്ലുനേരം നോക്കിനിന്നു.പിന്നെ പഴയ ബെയറര്‍മാരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. പണ്ട് ഒരേ മേശയ്ക്കു ചുറ്റും ഒന്നിച്ചിരുന്നവര്‍ ഉമ്മ വച്ച് സന്തോഷം പങ്കിട്ടു. സന്തോഷം കൂടിയപ്പോള്‍ ചിലര്‍ കണ്ണില്‍ കണ്ടവര്‍ക്കെല്ലാം മദ്യം വാങ്ങി സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here