തിരുവനന്തപുരം: കുറയുമെന്നു പ്രചരിച്ചതിനു കുറഞ്ഞില്ലെന്നു മാത്രമല്ല കൂടുകയും ചെയ്തു. ഏറെ പ്രതീക്ഷയോടെ ജനം കാത്തിരുന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി)യുടെ പേരില്‍ സംസ്ഥാനത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണ് വ്യാപാരികള്‍. നികുതി കുറയുമെന്ന് പ്രഖ്യാപിച്ച സാധനങ്ങളുടെ വില കുറഞ്ഞില്ലെന്ന് മാത്രമല്ല, പല വസ്തുക്കളുടെയും വില കുതിച്ചുയരുകയും ചെയ്തു. നിലവിലെ കസ്റ്റംസ് നികുതിയും വാറ്റും മറ്റ് നികുതികളുമടക്കം നിശ്ചയിച്ച ആകെ വിലയോടൊപ്പം ജി.എസ്.ടി കൂടി ചേര്‍ത്ത് വില്‍പന നടത്തുകയാണ് പലരും. ഹോട്ടലുകള്‍ ജി.എസ്.ടിയുടെ പേരില്‍ തോന്നിയ വിലയാണ് ഈടാക്കുന്നത്.

യഥാര്‍ഥത്തില്‍ നേരത്തേ നല്‍കിയിരുന്ന നികുതികളും മറ്റും കുറച്ചുള്ള വിലയ്ക്കാണ് ജി.എസ്.ടി വരുന്നത്. എന്നാല്‍, അത്തരം നികുതികള്‍ കുറക്കാതെ ആകെ വിലയുടെ മുകളില്‍ ജി.എസ്.ടി ചുമത്തുകയാണ് ചെയ്യുന്നത്. കോഴിയുടെ 14.5 ശതമാനം വാറ്റ് ഇല്ലാതായിട്ടും വില കുറഞ്ഞില്ല. ചില വസ്ത്രശാലകളാകട്ടെ ഇളവ് കൊടുക്കാതിരിക്കാന്‍ വിലയുടെ സ്റ്റിക്കര്‍ മാറ്റി ഒട്ടിച്ചു. സര്‍ക്കാര്‍ തിയറ്ററുകള്‍ പോലും നിരക്ക് വര്‍ധിപ്പിച്ചു. പാര്‍ക്കിങ് ഫീസും ടാക്‌സി ചാര്‍ജും പോലും വര്‍ധിച്ചു.

ജി.എസ്.ടിയുടെ പേരില്‍ ഉല്‍പാദകരും വിതരണക്കാരും കച്ചവടക്കാരും ഉപഭോക്താക്കളെ പിഴിയുന്നത് തടയാന്‍ ഒരു സംവിധാനവുമില്ല. ജി.എസ്.ടി നിയമപ്രകാരം ആന്റി പ്രൊഫിറ്റിയറിങ് അതോറിറ്റിക്കാണ് ഇതിന് അവകാശം. ആ കമ്മിറ്റി നിലവിലില്ല. സംസ്ഥാന വില്‍പന നികുതി വകുപ്പിന് അധികാരമില്ലെന്നും എന്നാല്‍, രേഖകള്‍ സഹിതം പരാതി നല്‍കിയാല്‍ സ്വീകരിക്കുമെന്നും പിന്നീട് അതോറിറ്റി വരുമ്പോള്‍ അവര്‍ക്ക് കൈമാറുമെന്നുമാണ് ധനമന്ത്രി ഡോ. തോമസ് ഐസക് പറയുന്നത്. ജി.എസ്.ടിയില്‍ സര്‍വ സേവനങ്ങള്‍ക്കും നികുതിവന്നതോടെ ജനങ്ങളുടെ കീശ ചോരുകയാണ്. ജി.എസ്.ടി നടപ്പാക്കിയിടത്തൊക്കെ വിലക്കയറ്റമുണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.
എ.സി റെസ്റ്റാറന്റുകളില്‍ 18 ശതമാനം നികുതിയാണ് ഈടാക്കുന്നത്. 75 ലക്ഷം വരെ വിറ്റുവരവുള്ള എ.സിയില്ലാത്ത ഹോട്ടലുകളില്‍ അഞ്ച് ശതമാനമാണ് നികുതി. നേരത്തേ നല്‍കിയിരുന്ന കേന്ദ്രസംസ്ഥാന നികുതികള്‍ കുറച്ചുവരുന്ന തുകയും ഇന്‍പുട്ട് ക്രഡിറ്റും കഴിഞ്ഞുവരുന്ന തുകക്കാണ് ജി.എസ്.ടി വരേണ്ടത്. എന്നാല്‍, മുഴുവന്‍ തുകക്കും ജി.എസ്.ടി ഏര്‍പ്പെടുത്തുകയാണ് ഹോട്ടലുകള്‍ ചെയ്തിരിക്കുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് എം.ആര്‍.പി (പരമാവധി വില്‍പന വില) ഇല്ലാത്തത് ഇവര്‍ക്ക് എളുപ്പത്തില്‍ ഭക്ഷണവില വര്‍ധിപ്പിക്കാന്‍ സഹായകമാകുന്നു. ബേക്കറി സാധനങ്ങളുടെ വിലയും വര്‍ധിച്ചു. ഒരു പഫ്‌സിന് പോലും രണ്ടു രൂപയോളം ഉയര്‍ന്നു. റെയില്‍വേ കാന്റീനിലെ ഭക്ഷണവിലയും ജി.എസ്.ടി വന്നതോടെ വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല, ഇപ്പോള്‍ ഇടത്തരം ഹോട്ടലുകളില്‍ പോലും എ.സി മുറി സജ്ജീകരിച്ചിട്ടുണ്ട്.

165 രൂപയായിരുന്ന മട്ടണ്‍ ബിരിയാണിയുടെ വില ജി.എസ്.ടി ചേര്‍ത്ത് 195 രൂപയാക്കി. ചായക്കും കാപ്പിക്കും ഒഴികെ മുഴുവന്‍ സാധനങ്ങളും 18 ശതമാനം നിരക്കില്‍ ജി.എസ്.ടി ഈടാക്കുന്നതായി അവര്‍ പറയുന്നു. നിലവിലെ നികുതി തങ്ങള്‍ തന്നെ അടച്ചിരുന്നുവെന്നും ഇപ്പോള്‍ ഉപഭോക്താവ് വാങ്ങുന്ന എല്ലാ സാധനങ്ങളും ചേര്‍ത്ത ശേഷം 18 ശതമാനം ജി.എസ്.ടി ഈടാക്കുകയാണെന്നുമാണ് വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here