jihadi-john-3.jpg.image.784.410

 

ലണ്ടൻ∙ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരൻ ജിഹാദി ജോൺ സംഘടനയിൽ നിന്നു രക്ഷപെട്ടതായി റിപ്പോർട്ടുകൾ. റഷ്യ ടു‍ഡെ മാധ്യമമാണ് ബ്രിട്ടീഷുകാരനായ ജിഹാദി ജോണ്‍ ജീവഭയത്താൽ ഐഎസിൽ നിന്നു ഒളിച്ചോടിയെന്നു റിപ്പോർട്ട് ചെയ്തത്. ഐഎസിന്റെ പിടിയിലകപ്പെട്ടവരെ നിഷ്ഠൂരമായി തലയറുത്തു കൊലപ്പെടുത്തുന്ന ജിഹാദി ജോൺ എന്ന മുഹമ്മദ് എംവൈസി (26) യുഎസ്, ബ്രിട്ടീഷ് സേനകളുടെ നോട്ടപ്പുള്ളിയായിരുന്നു. വടക്കൻ ആഫ്രിക്കയിലേക്കു രക്ഷപെടാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

സംഘടനയിൽ നിന്ന് ഒളിച്ചോടിയ എംവൈസി സിറിയയിലെ അധികം അറിയപ്പെടാത്ത ഒരു ജിഹാദി സംഘടനയിൽ ചേർന്നെന്നാണ് റിപ്പോർട്ട്. തന്നെക്കൊണ്ടു സംഘടനയ്ക്കു ഗുണമില്ലാതായാൽ താൻ കൊലപ്പെടുത്തിയവരുടെ അനുഭവം പോലെ തനിക്കുമുണ്ടാകുമെന്ന പേടിയാണ് എംവൈസിയെ ഒളിച്ചോടാൻ പ്രേരിപ്പിച്ചത്. മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ബന്ദികളെ കൊലപ്പെടുത്തിയത് എംവൈസിയായിരുന്നു. അതിനാൽ തന്നെ തിരിച്ചറിഞ്ഞ് യുഎസ്, ബ്രിട്ടീഷ് സേനകൾ കൊലപ്പെടുത്തുമെന്ന ഭയവും എംവൈസിക്കുള്ളതായാണ് റിപ്പോർട്ടുകൾ.

ബന്ദികളുടെ തലയറുക്കുന്ന നിരവധി വിഡിയോകളിൽ എംവൈസി ഉൾപ്പെട്ടിട്ടുണ്ട്. ബ്രിട്ടന്‍ തിരയുന്ന കൊടുംഭീകരനാണിയാൾ. ബ്രിട്ടീഷ് സന്നദ്ധപ്രവർത്തകരായ ഡേവിഡ് ഹെയ്ൻസ്, അലൻ ഹെന്നിങ് എന്നിവരുടെയും യുഎസ് മാധ്യമപ്രവർത്തകരായ ജയിംസ് ഫോളെ, സ്റ്റീവൻ സോട്ട്‌ലോഫ് എന്നിവരുടെയും തലയറുത്തത് ജിഹാദി ജോൺ ആണ്.

എംവൈസിയുടേതായി അവസാനം പുറത്തിറങ്ങിയ വിഡിയോ ജാപ്പനീസ് മാധ്യമപ്രവർത്തകൻ കെൻജി ഗോട്ടോയുടെ തലയറുക്കുന്നതാണ്. ജനുവരിയിലായിരുന്നു ഇത്. ഫെബ്രുവരിയിലാണ് മുഹമ്മദ് എംവൈസിയാണ് ജിഹാദി ജോൺ എന്ന് ദി വാഷിങ്ടൺ പോസ്റ്റും ബിബിസിയും പുറത്തുകൊണ്ടുവരുന്നത്. അതേസമയം, ഔദ്യോഗികമായി ഇതുവരെ ബ്രിട്ടീഷ് അധികാരികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കുവൈറ്റിൽ ജനിച്ച എംവൈസി ലണ്ടനിലാണ് വളർന്നത്. വെസ്റ്റ്മിനിസ്റ്റർ സർവകലാശാലയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുകയും, മദ്യപിക്കുകയും മറ്റുള്ളവരുടെ അടുത്ത് ആക്രമണകാരിയായി പെരുമാറുകയും ചെയ്യുന്നയാളാണ് എംവൈസിയെന്നും മുൻ സുഹൃത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here