തൊടുപുഴ: മൂന്നാറില്‍ റിസോര്‍ട്ട് ഉടമ കയ്യേറിയ 22 സെന്റ് ഭൂമി സര്‍ക്കാര്‍ വക ഭൂമിയാണെന്ന് ഹൈക്കോടതി. നഗര ഹൃദയത്തിലുള്ള 22 സെന്റ് ഭൂമിയും ഇതിലുള്ള കെട്ടിടവും സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കി. ലൗഡേല്‍ റിസോര്‍ട്ട് ഉടമ വി വി ജോര്‍ജ് നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് കോടതി ഉത്തരവ്. കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവും ഹൈക്കോടതി ശരിവച്ചു.

റിസോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്ന റവന്യൂവകുപ്പിന്റെ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് റിസോര്‍ട്ടും അത് സ്ഥിതി ചെയ്യുന്ന 22 സെന്റ് സ്ഥലവും സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. റിസോര്‍ട്ടിനെ പിന്തുണയ്ക്കാന്‍ ശ്രമിച്ച പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് വന്‍ തിരിച്ചടി നല്‍കുന്നതാണ് കോടതി വിധി. ലൗ ഡേല്‍ റിസോര്‍ട്ട് ഒഴിപ്പിക്കലിന് നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി വീണ്ടും സര്‍വകക്ഷിയോഗം വിളിച്ചത്. റിസോര്‍ട്ട് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയ ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മൂന്നാറിലെ പ്രാദേശിക പാര്‍ട്ടി നേതൃത്വം പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രയുെട അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം വിളിച്ചത്. റിസോര്‍ട്ട് ഉടമയായ വി വി ജോര്‍ജും പരാതി നല്‍കിയിരുന്നു. എന്നാല്‍ കയ്യേറ്റക്കാരുടെ പരാതിയില്‍ യോഗം വിളിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സി പി ഐ എതിര്‍പ്പുമായി രംഗത്തെത്തി. ഇത് മൂന്നാറില്‍ സി പി എമ്മും സി പി ഐയും തമ്മിലുള്ള എതിര്‍പ്പ് രൂക്ഷമാക്കുകയും ചെയ്തു. സര്‍വകക്ഷി യോഗത്തില്‍ നിന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വിട്ടുനിന്നത് വിവാദമാവുകയും ചെയ്തു.

അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. കാലാവധി കഴിഞ്ഞ പാട്ടഭൂമി തിരിച്ച് പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി നിലപാടില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലേത് സര്‍ക്കാര്‍ ഭൂമിയാണ്. കയ്യേറ്റം ഒഴിപ്പിക്കണമെന്നത് സര്‍ക്കാര്‍ നിലപാടായിരുന്നു. സര്‍ക്കാരിന്റെ ഭാഗമാണ് റവന്യു വകുപ്പ്. ഭൂമിയില്ലാത്തവരുടെ ചെറുകിട കയ്യേറ്റങ്ങള്‍ അനുവദിക്കുന്നതിന്റെ മറവില്‍ വന്‍കിട കയ്യേറ്റങ്ങളോട് മൗനം പാലിക്കില്ല. ശക്തമായ നടപടിയുമായി മുന്നോട്ട് പോകും, മന്ത്രി പറഞ്ഞു.

ഭൂമി തന്റേതാണെന്ന് കാണിച്ച് റിസോര്‍ട്ട് ഉടമ വിവി ജോര്‍ജാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി തള്ളിയ കോടതി ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും ഉത്തരവിട്ടതോടെ ദേവികുളം സബ് കലക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ ശ്രമം നിയമപരമായിരുന്നുവെന്ന് വ്യക്തമായി. റവന്യു മന്ത്രി ദേവികുളം സബ് കലക്ടറെ അനുകൂലിച്ച് നിലപാട് എടുത്തിരുന്നുവെങ്കിലും മുഖ്യമന്ത്രി വിപരീതമായ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്. പ്രാദേശിക സി പി എം നേതൃത്വം സബ് കലക്ടര്‍ക്കെതിരെ പരാതി ഉയര്‍ത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത വിമര്‍ശനം തന്നെ ഉന്നയിച്ചിരുന്നു. ലൗ ഡെയ്ല്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നിലപാടിനെ ചൊല്ലി തര്‍ക്കം മുറുകിയതോടെയാണ് റവന്യു വകുപ്പ് സെക്രട്ടറി പി എച്ച് കുര്യന്‍, ഇടുക്കി ജില്ല കലക്ടര്‍, ദേവികുളം സബ് കലക്ടര്‍ എന്നിവര്‍ക്ക് നേരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

സ്വന്തമായി ഭൂമിയില്ലാത്തവരുടെ ചെറുകിട കൈയ്യേറ്റങ്ങളില്‍ പട്ടയം അനുവദിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു. സംസ്ഥാനത്ത് എല്ലായിടത്തും കയ്യേറ്റമെന്ന് തോന്നിക്കാവുന്ന, സ്ഥിരമായി താമസിച്ച് പോരുന്ന ഭൂമിയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഭമറ്റ് ഭൂമിയില്ലാത്തവരാണെങ്കില്‍ ഇവര്‍ക്ക് നിലവില്‍ താമസിക്കുന്ന സ്ഥലത്തിന് പട്ടയം അനുവദിക്കണം. അതേസമയം വന്‍കിടക്കാരുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം എന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ദേവികുളം താലൂക്കില്‍ അനധികൃത കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയാണ് സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്വീകരിച്ചത്. മൂന്നാര്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് 22 സെന്റ് ഭൂമിയിലെ കൈയ്യേറ്റവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം തലപൊക്കിയത്. എന്നാല്‍ സബ് കലക്ടറുടെ നടപടിയെ അനുകൂലിക്കുന്ന നിലപാടാണ് റവന്യു മന്ത്രി സ്വീകരിച്ചത്.

റവന്യു മന്ത്രി മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുള്ളത് കൊണ്ടാണ് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇത് വിവാദമാക്കേണ്ടതില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞത്. യോഗത്തെ പരിഹസിച്ചുകൊണ്ടാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിച്ചത്. ഭകോടതിയില്‍ കയ്യേറ്റം സംബന്ധിച്ച കേസ് പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ യോഗത്തിന് പ്രാധാന്യം ഇല്ല. നിയമപ്രകാരം മൂന്നാറില്‍ കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here