premam-arrest.jpg.image.784.410

 

തിരുവനന്തപുരം∙ പ്രേമം സിനിമയുടെ സെൻസർ പകർപ്പ് ചോർത്തിയതുമായി ബന്ധപ്പെട്ടു സെൻസർ ബോർഡിലെ മൂന്നു മുൻ കരാർ ജീവനക്കാരെ ആന്റി പൈറസി സെൽ അറസ്റ്റ് ചെയ്തു. കരകുളം സ്വദേശി അരുൺകുമാർ (25), നെടുമങ്ങാട് സ്വദേശി ലിജിൻ (26), പാച്ചല്ലൂർ സ്വദേശി കുമാരൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സെൻസർ സർട്ടിഫിക്കറ്റിനായി നൽകിയ സിനിമ സെൻസർ ബോർഡിലെ ലാപ്ടോപ്പിൽ നിന്നു പെൻഡ്രൈവ് വഴി ചോർത്തിയെന്നാണ് ഇവർക്കെതിരായ കുറ്റം.

സിനിമ ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്ത കൊല്ലത്തെ വിദ്യാർഥികൾക്ക് ഇടനിലക്കാർ വഴിയാണ് ഇവരിൽ നിന്നു കിട്ടിയത്. ഇടനിലക്കാരായ പതിനഞ്ചിലേറെ പേർ ഉടൻ പിടിയിലാകുമെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സെൻസർ സർട്ടിഫിക്കറ്റിനായി നൽകിയ 80 ശതമാനത്തിലേറെ മലയാളം സിനിമകളും ഇവർ ഇത്തരത്തിൽ പകർത്തി റിലീസിനു മുൻപേ കണ്ടതായും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: എം. ഇക്ബാൽ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ കൂടുതൽ ചോദ്യം ചെയ്തു തെളിവെടുക്കും.

കുമാരൻ മൂന്നു വർഷമായും മറ്റുള്ളവർ രണ്ടു വർഷമായും ഇവിടെ ജോലി ചെയ്യുകയായിരുന്നു. പ്രേമം സിഡി ചോർന്നതിനു പിന്നാലെ മൂവരും രാജിവച്ചുപോവുകയായിരുന്നു. സെൻസറിങ്ങിനു കൊണ്ടുവരുന്ന സിഡി–ഡിവിഡി എന്നിവ സെൻസറിങ് ഓഫിസർ അറിയാതെ കൈക്കലാക്കി ലാപ്ടോപ് വഴി പെൻഡ്രൈവിൽ പകർത്തുകയായിരുന്നു ഇവരുടെ രീതിയെന്നു പൊലീസ് അറിയിച്ചു. മേയ് 19നു പ്രേമം സിനിമ ഇവർ പെൻഡ്രൈവിൽ പകർത്തി സ്വകാര്യ ലാപ്ടോപ്പിൽ ഇട്ടു കണ്ടതിനു തെളിവു കിട്ടിയിട്ടുണ്ട്. നേരത്തെ ഇവരെ ചോദ്യം ചെയ്തപ്പോൾ തന്നെ അന്വേഷണസംഘത്തിനു സംശയമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുടെ ഫോൺവിളികൾ പരിശോധിച്ചതോടെ അന്വേഷണം ഇവരിലേക്കു തിരിഞ്ഞു. അതോടെ അരുൺകുമാർ ഒളിവിൽ പോയി.

ക്ലറിക്കൽ ജീവനക്കാരനായിരുന്ന ഇയാൾക്കു സെൻസറിങ്ങിനുള്ള ഡിവിഡികൾ പരിശോധിക്കുന്ന ജോലിയായിരുന്നു. പ്രേമത്തിന്റെ ഡിവിഡി കിട്ടിയപ്പോൾ തന്നെ ഇയാൾ ലാപ്‌ടോപ്പിലേക്കു പകർത്തി. തുടർന്നു പെൻഡ്രൈവിലാക്കി ഓഫിസിനു പുറത്തു കൊണ്ടുപോയെന്നു പൊലീസ് പറഞ്ഞു. തുടർന്നുള്ള പ്രവർത്തനങ്ങൾക്കു ലിജിന്റെയും കുമാരന്റെയും സഹായം തേടുകയായിരുന്നു.

കേസിൽ, ആദ്യം കൊല്ലത്തു നിന്ന് അറസ്റ്റിലായ വിദ്യാർഥികൾക്ക് അരുൺ നേരിട്ടല്ല കോപ്പി കൈമാറിയതെന്നു പൊലീസ് പറഞ്ഞു. ഇടനിലക്കാരായി പ്രവർത്തിച്ച 15ലേറെ പേരുണ്ട്. ഇവരെ ഉടൻ പിടികൂടും. ചോർത്തലിനു പിന്നിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കു പങ്കുണ്ടോയെന്നു പരിശോധിച്ചുവരികയാണ്. അരുൺ മുൻപും പല സിനിമകളും ഇങ്ങനെ ചോർത്തി കച്ചവടമാക്കിയിട്ടുണ്ടെന്നു സംശയിക്കുന്നു. അറസ്റ്റിലായവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും പൊലീസ് പറഞ്ഞു. ശമ്പള സംബന്ധമായ തർക്കത്തിലാണ് ഇവർ മൂവരും രാജിവച്ചതെന്നാണു സെൻസർ ബോർഡ് അധികൃതർ പൊലീസിനെ അറിയിച്ചത്. എന്നാൽ ഒളിവിൽ പോവുകയായിരുന്നു ഉദ്ദേശ്യമെന്നു പൊലീസ് കരുതുന്നു.

സിനിമയുടെ പകർപ്പ് പുറത്തായതുമായി ബന്ധപ്പെട്ടു പലരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. 35 ടെറാ ബൈറ്റിന്റെ ഹാർഡ് ഡിസ്കുകൾ കസ്റ്റഡിയിലെടുത്തു. പകർത്തിയെന്നു പറയുന്നവരെയും ആദ്യം ഇത് ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്തവരെയും പിടികൂടിയെങ്കിലും ഇടനിലക്കാർ ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇതു കേസിൽ ദുരൂഹത ഉളവാക്കുന്നു. കൊല്ലത്തെ മൂന്നു വിദ്യാർഥികളെ ആദ്യം പിടികൂടിയപ്പോൾ അവരുടെ അയൽക്കാരനാണു പെൻഡ്രൈവ് എത്തിച്ചതെന്നും ഉടൻ പിടികൂടുമെന്നും അന്നു പൊലീസ് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികൾ സിനിമ കോപ്പി ചെയ്യാൻ ഉപയോഗിച്ച പെൻഡ്രൈവ്, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ് എന്നിവ പൊലീസ് പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here