മറ്റുള്ളവര്‍ എന്നോടു  ചെയ്യുന്നതു ശരിയല്ല ,അതു ഇങ്ങനെയായിരുന്നു ചെയ്യേണ്ടിയിരുന്നത്  …ഇത്തരത്തില്‍ മറ്റുള്ളവരെ വിലയിരുത്തുന്ന നൂറായിരം ചിന്തകള്‍ ……ഞാന്‍ മാറേണ്ടതോ …അതോ മറ്റുള്ളവരെ മാറ്റെണ്ടതോ…..                           

ഇതൊരു കഥാരൂപേണ പറയുമ്പോള്‍ മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും എന്ന് തോന്നുന്നു .              

ഒരിക്കല്‍ ഒരു സ്ത്രീ പൂജാരിയെ കാണുവാന്‍ വന്നു.അവരുടെ ആവശ്യം എന്തായിരുന്നെന്നോ …?തന്റെ ഭര്‍തൃ മാതാവിനെ കൊല്ലുക ..!ഇതിനു പൂജാരിയുടെ സഹായം വേണം.സ്നേഹമില്ല ,സമാധാനമില്ല,തനിക്കു വേണ്ടത്ര സ്വാതന്ത്ര്യം നല്‍കുന്നില്ല ..ഇതൊക്കെയാണ് അവര്‍ അമ്മായിയമ്മയില്‍ കണ്ടെത്തിയ കുറവുകള്‍ .ഒരുപാടു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ,അവസാനം പൂജാരിക്കവരെ സഹായിക്കേണ്ടി വന്നു (അല്ലെങ്കില്‍ ആ സ്ത്രീ മറ്റാരെയെങ്കിലും ഇതിനായി സമീപിക്കുമെന്ന് ഉറപ്പായിരുന്നു).                 

തൊണ്ണൂറു  ദിവസം കഴിക്കാനുള്ള മരുന്ന് അദ്ദേഹം അവര്‍ക്കു നല്‍കി .ദിനങ്ങള്‍ കടന്നു പോയി …നാല്പതാം നാള്‍ അവര്‍ ചിന്തിച്ചു :മരുന്ന് കൊടുത്തു തുടങ്ങിയിട്ട് പകുതി ദിവസമാവാറായി .ഇനി അധികം നാളില്ല .അന്ന് മുതല്‍ ചായയും ഭക്ഷണവുമെല്ലാം മേശപ്പുറത്തു എത്തിച്ചു കൊടുക്കാന്‍ തുടങ്ങി.ദിവസങ്ങള്‍ കഴിയുന്തോറും ഭക്ഷണം വിളമ്പി കൊടുക്കാനും ചായയും മരുന്നും കൈയില്‍ കൊടുക്കാനും ചിരിച്ചു കൊണ്ട് സംസാരിക്കാനും തുടങ്ങി.ഇതിന്റെയെല്ലാം പിന്നില്‍ അവളുടെ ലക്‌ഷ്യം ഒന്ന് മാത്രമായിരുന്നു …അമ്മായിയമ്മയുടെ മരണം.                                 

എന്നാല്‍ ഈ കാലഘട്ടത്തില്‍ വന്ന അമ്മായിയമ്മയുടെ മാറ്റം അവളെ അത്ഭുതപ്പെടുത്തി.”മോളെ “എന്നുള്ള വിളി അവളുടെ പല ചിന്തകളെയും മാറ്റി മറിച്ചു .”കൂടുമ്പോള്‍ ഇമ്പമുള്ളതാണു കുടുംബം ” എന്ന സത്യം തന്റെ ഭവനത്തില്‍ അനുവര്‍ത്തിക്കപ്പെട്ടപ്പോള്‍ …സന്തോഷത്തിന്റെ തിരകള്‍ വീട്ടിലെ അന്തരീക്ഷത്തില്‍ അലയടിക്കുന്നത് കണ്ടപ്പോള്‍ ….അവര്‍ വീണ്ടും ചിന്തിക്കാന്‍ തുടങ്ങി .തന്റെ തെറ്റ് അവര്‍ക്കു ബോധ്യമായി .      

അപ്പോഴേക്കും എൺപത്തിരണ്ടാം ദിനമായിക്കഴിഞ്ഞിരുന്നു .ഉള്ളിലെ സങ്കടവും കുറ്റബോധവും തിരിച്ചറിവും പേറി  ഓടിച്ചെന്നു _ പൂജാരിയുടെ അരികിലേക്കു .അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു കേണു : “എനിക്കെന്റെ  അമ്മയെ വേണം .ആ സ്നേഹവും കരുതലും ഇപ്പോഴാണ് ഞാന്‍ അനുഭവിക്കുന്നത് .എനിക്കമ്മയെ കൊല്ലണ്ട ; പൂജാരിയെനിക്കു മറുമരുന്ന് തന്നേപറ്റൂ .”                 

കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പൂജാരി അവരുടെ കുറവുകളെ ചൂണ്ടിക്കാട്ടിക്കൊടുത്തു : ഇവിടെ അമ്മായിയമ്മയെ മാറ്റിയതാണോ ..അതോ നീ മാറിയതാണോ.മാറിയത് നീയാണു ,നിന്നിലെ മാറ്റങ്ങളാണ് അമ്മയില്‍ പ്രതിഫലിച്ചത് .മറുമരുന്നും വാങ്ങി ,വീട്ടിലെത്തി അവര്‍ ഒന്നും പറയാനാകാതെ  തന്റെ  അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.                            

മാറേണ്ടതു നാം ഓരോരുത്തരുമാണ് ,മാറ്റേണ്ടതു എന്നിലെ കുറവുകളെയാണ് ,‘അഹം‘ എന്ന ഭാവത്തെയാണ്……

ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട

LEAVE A REPLY

Please enter your comment!
Please enter your name here