തിരുവനന്തപുരം: മലയാളി നാലുമാസത്തിനിടെ പുകച്ചുകളഞ്ഞത് നാല് കോടിരൂപ.പൊതു സ്ഥലത്ത് ഹരം പിടിച്ച് പുകവലിച്ചതിനു സര്‍ക്കാര്‍ ഈടാക്കിയ പിഴതുക കോടികള്‍ കവിയുകയാണ്. കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ മാത്രം പിഴയിനത്തില്‍ ഒരുകോടി നാല് ലക്ഷം രൂപയാണ് സംസ്ഥാനസര്‍ക്കാരിന് ലഭിച്ചത്.പുകവലിക്കാന്‍ ചിലവാക്കുന്നതിന്റെ എത്രയോ ഇരട്ടി പിഴയടയ്ക്കാന്‍ ചിലവാക്കേണ്ടി വരുന്നുണ്ടെന്നാണ് ഇവരുടെ പരിതാപം.
കഴിഞ്ഞ നാലുമാസത്തിനിടയില്‍ 54,837 പേരാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കു പ്രകാരം നിയമ ലംഘനം നടത്തിയത്. നിയമത്തിന്റെ പരിധിയില്‍ നിന്നും കണ്ണുവെട്ടിച്ച് നടക്കുന്നവരും അധികാരികള്‍ പിഴയിടാതെവിടുന്നവരുടെയും എണ്ണം നിരവധിയാണ്. പൊതു സ്ഥലത്ത് പുകവലി നിരോധിച്ചിട്ടും ഇതൊന്നും കാര്യമാക്കാതെ മറ്റുള്ളവര്‍ക്ക് ദുസ്സഹമായ വിധത്തില്‍ വലിച്ചുതള്ളുന്നവര്‍ നിരവധിയാണ്.
ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ തുക പിഴയിനത്തില്‍ ലഭിച്ചത് ജനുവരിയിലായിരുന്നു. ഒരു മാസം ലഭിച്ചത് 28,73,000 രൂപ. ഫെബ്രുവരിയില്‍ പുകവലി നിരോധന നിയമത്തിലൂടെ മാത്രം വിവിധ ജില്ലകളില്‍ നിന്ന് 26,10,800 രൂപ ലഭിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ യഥാക്രമം 25,37,500, 24,26,000 രൂപയും പിഴയിനത്തില്‍ സര്‍ക്കാരിലേക്ക് ലഭിച്ചതായാണ് കണക്കുകള്‍. ജനുവരിയില്‍ ഏറ്റവും കൂടുതല്‍ തുക പിഴയിനത്തില്‍ ലഭിച്ചത് കണ്ണൂര്‍ ജില്ലയില്‍ നിന്നാണ്. പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ കൂടുതലും കണ്ണൂര്‍ ജില്ലയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെ എല്ലാ മാസവും കുടുതല്‍ തുക പിഴയായി ഈടാക്കിയത് ഇവിടെ നിന്നാണ്. ജനുവരിയില്‍ 4,09,600 രൂപ ഈടാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഫെബ്രുവരിയില്‍ 3,83,000 രൂപയും 3,84,800 രൂപ മാര്‍ച്ചിലും ഈടാക്കിയപ്പോള്‍ 3,73,800 രൂപ കഴിഞ്ഞ ഏപ്രിലില്‍ ലഭിച്ചു.
ഏറ്റവും കുറവ് തുക ഈടാക്കിയത് ആലപ്പുഴയിലാണ്. 58600 രൂപ മാത്രമാണ് ആദ്യമാസം ഇവിടെ നിന്ന് ലഭിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരിയില്‍ 50,800 ഉം മാര്‍ച്ചില്‍ 56,200 ഉം ഏപ്രില്‍ മാസം 41,400 രൂപയുമാണ് പിഴയിനത്തില്‍ ഇവിടെ നിന്നും സര്‍ക്കാരിന് ലഭ്യമായത്. നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴും പുകവലിക്കാരുടെ എണ്ണത്തില്‍ കുറവില്ലെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. നിയമങ്ങള്‍ പാലിക്കാന്‍ പൊതുജനം തയാറാകുന്നില്ലെന്ന സൂചനയാണ് ഇത്തരം കണക്കുകള്‍ നല്‍കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം മാത്രം മറ്റു ജില്ലകളില്‍ നിന്ന് പിഴയിനത്തില്‍ ലഭിച്ച തുക ഇങ്ങനെ: തിരുവനന്തപുരം 2,03,600, കൊല്ലം 25,600, പത്തനംതിട്ട 1,24,400, കോട്ടയം 1,09,200, ഇടുക്കി 80,800, എറണാകുളം 284600, തൃശൂര്‍ 1,96,400, പാലക്കാട് 267200, മലപ്പുറം 1,36,000, കോഴിക്കോട് 1,17,600, വയനാട്83,000, കാസര്‍കോഡ് 67,600.

LEAVE A REPLY

Please enter your comment!
Please enter your name here