കൊഴിക്കോട്: വിദേശത്തു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കേരളത്തില്‍ എത്തിക്കുന്നതിനു പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. മരണ സര്‍ട്ടിഫിക്കറ്റ് മൃത ദേഹം എത്തുന്നതിനു രണ്ടു ദിവസം മുമ്പു തന്നെ വിമാനത്താവളത്തിലെത്തിച്ച് എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറുടെ അനുമതി വാങ്ങണമെന്നാണ് പുതിയ നിയമം. കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റേതാണ് ഈ നിര്‍ദേശം. മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍ഒസി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നീ നാലു രേഖകളാണ് വിമാനത്താവളത്തില്‍ ഹാജരാക്കേണ്ടത്. രേഖകള്‍ ഇമെയില്‍ വഴിയോ, വിമാനത്താവളങ്ങളിലെ പ്രീ ഇമിഗ്രേഷന്‍ കൗണ്ടര്‍ വഴിയോ സമര്‍പ്പിക്കാവുന്നതാണ്.

മരണകാരണം സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമായി രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കില്ല. മരണകാരണം വ്യക്തമായി പറയാന്‍ സാധിക്കാത്ത കേസുകളില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെട്ടല്ല മരണമെന്ന് അതത് രാജ്യത്തെ ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറുടെ അനുമതി ലിച്ചാല്‍ മാത്രമേ മൃതദേഹങ്ങള്‍ വിമാനത്താവളത്തില്‍നിന്ന് പുറത്ത് കൊണ്ടുപോകാന്‍ കഴിയൂ.

പുതിയ നിബന്ധനകള്‍ കാരണം, മൃതദേഹം നാട്ടിലെത്തിക്കുന്നത് ദിവസങ്ങള്‍ വൈകാനിടയാക്കുമെന്ന് പ്രവാസികള്‍ പറയുന്നു. ഇതുവരെ ഒരു ദിവസം കൊണ്ട് ഗള്‍ഫില്‍നിന്നും മറ്റും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് മൂലം മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here