കൊച്ചി: പുരുഷ മേധാവിത്വം നിറഞ്ഞുനിന്ന മലയാള സിനിമ സംഘടനകളില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം ഉയരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്രപ്രവര്‍ത്തകരുടെ നിലവിലുള്ള സംഘടനയായ അമ്മ പൂര്‍ണമായും നടനെ പിന്തുണച്ച നിലപാടായിരുന്നു സ്വീകരിച്ചത്.
നടിയോടുള്ള നിലപാടില്‍ അമ്മയും ഭാരവാഹികളും മൗനം തുടര്‍ന്ന സാഹചര്യത്തില്‍ സിനിമാമേഖലയിലെ വനിതകളുടെ സംഘടനയായ വിമണ്‍ കലക്ടീവ് ഇന്‍ സിനിമ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അമ്മ ഭാരവാഹി കൂടിയായ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ മൗനം വെടിഞ്ഞ് നടിയോടൊപ്പമാണെന്ന് പ്രതികരണവുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സിനിമാസംഘടനകളില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിനിമാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ടതിനുശേഷം വനിതാ സംഘടന രൂപീകരിച്ച് മുഖ്യമന്ത്രിയെ കണ്ട് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടതിനുശേഷം അമ്മ എക്‌സിക്യൂട്ടീവിലും പിന്നീട് ജനറല്‍ ബോഡിയിലും വിഷയം ഉന്നയിച്ച വനിതാസംഘടനാ നേതാക്കള്‍ക്ക് നിരാശയായിരുന്നു ഫലം.
പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ പ്രശ്‌നം ഉന്നയിച്ചപ്പോള്‍ നടികളടക്കമുള്ളവര്‍ മാധ്യമപ്രവര്‍ത്തകരെ കൂകിയിരുത്താന്‍ ശ്രമിച്ചു. ഇത്തരത്തില്‍ പുരുഷമേധാവിത്വം നിറഞ്ഞുനില്‍ക്കുന്ന മലയാള സിനിമാ മേഖല സ്ത്രീകളെ എന്നും ചിറ്റമ്മനയത്തില്‍ തന്നെയാണ് പരിഗണിക്കുന്നത്. എന്നാല്‍, സിനിമാമേഖലയിലെ വനിതകളുടെ സംഘടനയോട് പുരോഗമനചിന്താഗതിക്കാരായ അമ്മയിലെ ഒരുകൂട്ടം പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സിനിമാപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട നടിയെ മോശമായി ചിത്രീകരിച്ചുകൊണ്ട് അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍ പോലും അമ്മയും ഫെഫ്കയുമൊന്നും രംഗത്തെത്തിയിരുന്നില്ല. എന്നാല്‍ ദിലീപിന്റെ പേര് മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വന്നതിനെ തുടര്‍ന്ന് ദിലീപും സിനിമാപ്രവര്‍ത്തകരായ സലിംകുമാര്‍, സജി നന്ത്യാട്ട്, അജു വര്‍ഗീസ് , എസ് എന്‍ സ്വാമി എന്നിവരെല്ലാം നടിക്കെതിരെ മോശം പരാമര്‍ശമാണ് ഉന്നയിച്ചത്. ഒടുവില്‍ ആരോപണ വിധേയനായ നടന്‍ ദിലീപ് അറസ്റ്റിലാവുകയും ജനങ്ങളുടെ നിലപാട് നടന്‍് എതിരാണെന്ന് പൂര്‍ണവ്യക്തമാവുകയും ചെയ്തപ്പോഴാണ് കഴിഞ്ഞ അമ്മ യോഗത്തില്‍ മൗനം അവലംബിച്ചവര്‍ പോലും ഇപ്പോള്‍ നടിക്കൊപ്പമാണെന്ന് പ്രതികരിച്ചത്.
ജയഭാരതി, ശാരദ, ഷീല തുടങ്ങിയവര്‍ മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന കാലത്ത് നടിമാര്‍ക്ക് തുല്യപ്രാധാന്യം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഏറ്റവും വലിയ ജനകീയ കലാരൂപമായ സിനിമയില്‍ സ്ത്രീ എന്നും അണിഞ്ഞൊരുങ്ങി അലങ്കാരമായി മാറി. കഥാപാത്രസാന്നിദ്ധ്യവും പാട്ടിനു നിറംകൊടുക്കാനും പെങ്ങളാവാനും വെച്ചു വിളമ്പാനുമായി സിനിമ സ്ത്രീയെ ഒതുക്കി നിര്‍ത്തുമ്പോള്‍ നേരായ ചിത്രം നഷ്ടപ്പെടുകയാണ്. ഇതേ അവസ്ഥ തന്നെയാണ് സിനിമാ സംഘടനകളിലും സ്ത്രീകള്‍ക്കുള്ളത്.
എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ നടിമാരും മറ്റു സിനിമാ പ്രവര്‍ത്തരും ഉള്‍പ്പെടുന്ന വിമെന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടന രംഗപ്രവേശം ചെയ്യുന്നത്. പതിറ്റാണ്ടുകളായി സിനിമാരംഗത്ത് സ്ത്രീകള്‍ സജീവമാണെങ്കിലും ഇത്തരത്തിലൊരു സംഘടന രൂപം കൊള്ളാനുണ്ടായ കാലതാമസം പുരുഷാധിപത്യ സിനിമാ വ്യവസായം അതിന്റെ അകത്തും പുറത്തുമായി കൊണ്ടാടിയ സ്ത്രീവിരുദ്ധതയെ വ്യക്തമാക്കുന്നതാണ്.
ഒരു നടി ആക്രമിക്കപ്പെട്ടപ്പോള്‍ മലയാള സിനിമയ്ക്കകത്തുണര്‍ന്ന അവകാശബോധവും ചെറുത്തുനില്‍പ്പിന്റെ ഊര്‍ജവും ഈ സ്ത്രീമുന്നേറ്റത്തില്‍ പ്രധാന വഴിത്തിരിവായി. സജീവമായ ഇടപെടലുകളിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമൂഹ്യമാറ്റത്തിന് സിനിമയെ എങ്ങനെ ചാലകശക്തിയാക്കാമെന്നതാണ് വിമെന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയുടെ ലക്ഷ്യം. ആണധികാരത്തിന്റെ ഘടനകളെ പൊളിച്ചുമാറ്റി സിനിമാസംഘടനകളെ പുതിയ ഭാവുകത്വത്തിലേക്ക് നയിക്കാന്‍ ഇനി അമ്മയുടെയും ഫെഫ്കയുടേയുമെല്ലാം നേതൃത്വനിരയിലും ഇവരെ പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here