ലണ്ടന്‍:സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളി വൈദികന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനു നിയമക്കുരുക്കുകള്‍ ഏറുന്നു. ഇതോടെ ഫാ.മാര്‍ട്ടിന്റെ ബന്ധുക്കളും വിശ്വാസികളും ഏറെ ആശങ്കയിലായി. കഴിഞ്ഞമാസം ഇരുപതിന് ദുരൂഹസാഹചര്യത്തില്‍ താമസസ്ഥലത്തുനിന്ന് കാണാതായി പിന്നീട് ബീച്ചില്‍ മരിച്ചനിലയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അടുത്തയാഴ്ചയോടെ മാത്രമേ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുള്ളൂയെന്നുമാണ് സിഐഡി ഓഫിസര്‍, സഭയുടെയും ഫാ. മാര്‍ട്ടിന്റെയും പ്രതിനിധിയായ ഫാ. ടെബിന്‍ ഫ്രാന്‍സിസ് പുത്തന്‍പുരയ്ക്കലിനെ അറിയിച്ചത്.

ഫാ. മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ഇനിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായിട്ടില്ല. മൊബൈല്‍ കോള്‍ലിസ്റ്റ് പരിശോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹത്തില്‍നിന്നും ശേഖരിച്ച കോശ സാമ്പിളുകളുകളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി മരണകാരണം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒട്ടേറെ ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം നീളുന്നതും മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതും. അന്വേഷണം പൂര്‍ത്തിയാകാതെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കാനാകില്ലെന്നു ഫിസ്‌കല്‍ ഓഫിസര്‍ ഡിക്ടക്റ്റീവിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഫാ. മാര്‍ട്ടിന്റെ മരണം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തിന്റെ പേരില്‍ മൃതദേഹം വിട്ടുനല്‍കാത്ത നടപടിയില്‍ ബ്രിട്ടനിലെ മലയാളിസമൂഹത്തിലും വിശ്വാസ കൂട്ടായ്മകളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മരണം എത്ര ദുരൂഹമാണെങ്കിലും മൃതദേഹം വിട്ടുനല്‍കാതെ അനിശ്ചിതമായി വൈകിപ്പിക്കുന്നതിന്റെ യുക്തി ആര്‍ക്കും മനസിലാകുന്നില്ല. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ അതിനായുള്ള ആന്തരികാവയവങ്ങളുടെ കോശസാമ്പിളുകള്‍ ശേഖരിച്ചശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുന്നതില്‍ എന്തു തടസമെന്ന് ആര്‍ക്കും മനസിലാകുന്നില്ല. ഇക്കാര്യത്തില്‍ സഭാധികാരികളും ദേശീയ, സംസ്ഥാന രാഷ്ട്രീയ നേതൃത്വങ്ങളും വേണ്ടത്ര നടപടികളും സമ്മര്‍ദവും ചെലുത്തുന്നില്ലെന്ന ആക്ഷേപവും ശക്തമായുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here