ന്യൂഡല്‍ഹി:വിഖ്യാതസാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യസെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍’ നിന്നും പശു, ഗുജറാത്ത്, ഇന്ത്യയുടെ ഹിന്ദുത്വ വീക്ഷണം, ഹിന്ദു ഇന്ത്യ തുടങ്ങിയ പദങ്ങള്‍ എടുത്തുകളയാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഉത്തരവ്. ഉത്തരവ് പാലിക്കാന്‍ സിനിമാ നിര്‍മാതാവും സാമ്പത്തിക വക്താവുമായ സുമന്‍ ഗോഷ് വിസമ്മതിച്ചതിനാല്‍ കൊല്‍ക്കത്തയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ലെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.
ഇത്തരം വാക്കുകള്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍മാതാവായ സുമന്‍ ഘോഷിനെ അറിയിച്ചത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഈകാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സര്‍ക്കാരിന് ഡോക്യുമെന്ററിക്കുറിച്ച് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ അത് ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നുമാണ് അമര്‍ത്യസെന്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ അഭിപ്രായം പറയേണ്ടത് നിര്‍മാതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ കമ്മിറ്റിയെ സമീപിക്കുമെന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും നിര്‍മാതാവായ സുമന്‍ ഘോഷ് പറഞ്ഞു. മാത്രമല്ല തടസങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ ഡോക്യുമെന്ററി ഓണ്‍ലൈനില്‍ കൂടി റിലീസ് ചെയ്യുമെന്നും സുമന്‍ ഘോഷ് വിശദീകരിച്ചു. 15 വര്‍ഷം കൊണ്ട് ചിത്രീകരിച്ചതാണ് ഈ ഡോക്യുമെന്ററി. അമര്‍ത്യസെന്നും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളിലൊരാളായ കൗശിക് ബസുവും തമ്മിലുള്ള സംഭാഷണങ്ങളാണ് ഇതില്‍ പ്രധാനമായും ഉള്ളത്. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ഡോക്യുമെന്ററി.
സെന്‍സര്‍ ബോര്‍ഡിന്റെ മനോഭാവം ഇന്ത്യയില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ ഉയര്‍ത്തിക്കാട്ടുന്ന ഡോക്യുമെന്ററിയുടെ പ്രാധാന്യം അടിവരയിട്ടു കാണിക്കുന്നു. ജനാധിപത്യ രാജ്യത്ത് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളുടെ അത്തരം സൂക്ഷ്മപരിശോധന ഞെട്ടിക്കുന്നതാണ്. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ഒരാളുടെ വാക്കുകളില്‍ നിശബ്ദമോ അല്ലെങ്കില്‍ ബീപ് ശബ്ദമോ നല്‍കാന്‍ താന്‍ ഒരുക്കമല്ലെന്നും അത് സമ്മതിക്കില്ലെന്നും ഘോഷ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here