ചിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രതിബദ്ധതയുടെ സജീവ സാന്നിധ്യമറിയിക്കുന്ന ഫോമയുടെ ഗ്രേറ്റ് ലെയ്ക്‌സ് റീജിയന്‍ ക്വാളിഫൈയിങ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15ന് നടക്കും. അമേരിക്കന്‍ മലയാളി യുവജനങ്ങളെ കായിക മല്‍സരങ്ങളിലുടെ കരുത്തുറ്റവരാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഫോമ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് പോലുള്ള കായിക മല്‍സരങ്ങള്‍ രാജ്യ വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നതെന്ന് നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. വരുന്ന ജൂലൈ 15-ാം തീയതി വൈകുന്നേരം 6.3നാണ് (Golf Maine Park District, 8800 W Kathy Ln, Niles, Illinois 60714) ക്വാളിഫൈയിങ് ടൂര്‍ണമെന്റ് തുടങ്ങുന്നത്.

ഫോമ ഗ്രേറ്റ് ലെയ്ക്‌സ് റീജിയനില്‍ നിന്നുള്ള വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, ഒഹയോ, ഇല്ലിനോയി, അയോവ, ഇന്ത്യാന, മിനസോട്ട തുടങ്ങിയ ടീമുകള്‍ ക്വാളിഫൈയിങ് റൗണ്ടില്‍ മാറ്റുരയ്ക്കും. ആദ്യത്തെ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. കൂടാതെ ഈ ടീമുകള്‍ക്ക് 2018 ഫോമ നാഷണല്‍ ടൂര്‍ണമെന്റില്‍ മല്‍സരിക്കാമെന്ന് ജനറല്‍ സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കോണ്ടൂര്‍ ഡേവിഡ്, ജോയിന്റ് ട്രഷറര്‍ ജോമോന്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

18നും 35നും ഇടയ്ക്ക് പ്രായമുള്ളവരുടെ ടീമുകള്‍ക്കാണ് ഫോമ പരിഗണന നല്‍കുന്നതെന്നും ഏവരും ടൂര്‍ണമെന്റില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ പങ്കെടുക്കണമെന്നും ഗ്രേറ്റ് ലെയ്ക്‌സ് കോ-ഓര്‍ഡിനേറ്റര്‍ എബി അലക്‌സാണ്ടര്‍ അറിയിച്ചു. 2018ലെ ചിക്കാഗോ കണ്‍വന്‍ഷന്‍ ചരിത്രമാക്കുന്നതിന്റെ ഭാഗമായി എബി അലക്‌സാണ്ടറിനു പുറമെ ഏബല്‍ റോബിന്‍സ്, ബേസില്‍ എന്നിവരെ യൂത്ത് കോ-ഒര്‍ഡിനേറ്റര്‍മാരായി നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നേരത്തെ നിയമിച്ചിരുന്നു.

ഏബലിന്റെ നേതൃത്വത്തില്‍ ഫോമ സതേണ്‍ റീജിയനുകളും ബേസിലിന്റെ നേതൃത്വത്തില്‍ ഫോമ നോര്‍ത്തേണ്‍ റീജിയനുകളും ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കും. വിവിധ റീജിയനുകളില്‍ നിന്ന് ആദ്യത്തെ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ നാഷണല്‍ ടൂര്‍ണമെന്റില്‍ മല്‍സരിക്കാന്‍ യോഗ്യത നേടും. യൂത്ത് കോ-ഒര്‍ഡിനേറ്റര്‍ എന്ന നിലയില്‍ അമേരിക്കന്‍ മലയാളി യുവജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും അവരെ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് പോലുള്ള വേദികളില്‍ ഒരുമിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇതിന് ഫോമയുടെ വിശാലമായ പ്ലാറ്റ്‌ഫോം ഉപയുക്തമാണെന്നും എബി അലക്‌സാണ്ടര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here