നഴ്‌സുമാര്‍ സമരത്തില്‍. ഇതൊരു പുതിയ കാര്യമല്ല. സര്‍ക്കാര്‍ മേഖലയിലെ നഴ്‌സുമാരും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും അവകാശങ്ങള്‍ നേടിയെടുക്കാന്‍ എന്നും ഒരുമിക്കുകയും, സമരം നടത്തുകയും ആ അവകാശങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലാ ആശുപത്രയില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ലേഖിക പഠനശേഷം അഞ്ചുമാസം കൊല്ലം ജില്ലയിലെ തന്നെ പ്രശസ്തമായ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയുണ്ടായി. ആ അഞ്ചുമാസംകൊണ്ട് സ്വകാര്യമേഖലയിലെ ചൂഷണം നേരിട്ട് കണ്ടതാണ്. അതിന് ഏതു മതത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ആയാലും വ്യത്യാസമില്ല.

ഡോക്‌ടേഴ്‌സ് റൗണ്ട്‌സ് എടുക്കുമ്പോള്‍ ടൗവ്വലും വെള്ളവുമായി കൂടെ നടക്കുന്ന വിദ്യാര്‍ത്ഥികള്‍, ബ്ലഡ് പ്രഷര്‍ ഉപകരണവുമായി മാറിനില്‍ക്കുന്ന ചാര്‍ജ് നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ ഇരിക്കുന്ന ഒ.പികളില്‍ ചാര്‍ട്ടുമായി ഓടിനടക്കുന്ന നഴ്‌സുമാര്‍, ഇതില്‍ ഒന്നുപോലും ചെയ്യാതെ ഈ ലേഖിക മാറി നിന്നപ്പോള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും, നഴ്‌സുമാരും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ ലേഖികയുടെ മറുപടി വളരെ ലളിതമായിരുന്നു. അവകാശങ്ങളെപ്പറ്റി ബോധമുള്ള ഒരു വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ അംഗമായിരുന്നു എന്നതുതന്നെ.

സ്വകാര്യമേഖലയില്‍ നഴ്‌സുമാര്‍ സംഘടിക്കേണ്ടതിന്റെ ആവശ്യകത വര്‍ഷങ്ങള്‍ക്കു മുമ്പേ ഉണ്ടായിരുന്നു. പഠനശേഷം ഗവണ്‍മെന്റില്‍ താത്കാലിക ഒഴിവില്‍ ജോലിക്കു കയറിയ ലേഖിക ആദ്യം വാങ്ങിയ ശമ്പളം അയ്യായിരത്തിഅഞ്ഞൂറ് രൂപയായിരുന്നു. അതും പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്. എന്നാല്‍ ഇപ്പോഴും അതേ ശമ്പളം സ്വകാര്യമേഖലയിലെ നമ്മുടെ സഹോദിരമാരായ നഴ്‌സുമാര്‍ വാങ്ങുന്നു! എന്തൊരു അനീതി. ഒരേ ജോലിക്കു വ്യത്യസ്ത വേതനം. ലോകം മുഴുവനും പോയി ഏറ്റവും മാന്യമായ രീതിയില്‍ ഏറ്റവു ഉയര്‍ന്ന ശമ്പളം നേടി കേരളത്തിന്റെ സാമ്പത്തിക രംഗത്ത് മുന്നേറ്റമുണ്ടാക്കിയ തൊഴിലാളി വര്‍ഗ്ഗമാണ് നഴ്‌സുമാര്‍. അമേരിക്ക പോലുള്ള പാശ്ചാത്യരാജ്യത്ത് തങ്ങളുടെ മക്കള്‍ക്ക് നഴ്‌സിംഗ് പഠനത്തിന് അഡ്മിഷന്‍ കിട്ടണേ, അവര്‍ക്ക് നഴ്‌സിംഗ് ജോലി ഇഷ്ടമാകണേ എന്ന് മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കുന്ന അവസ്ഥ പോലും ഉണ്ട്. ഒരു കാര്യം ഞാന്‍ തുറന്ന് എഴുതുകയാണ്. ജോലിയിലെ മാന്യത, അത് ലഭിക്കുന്ന ശമ്പളത്തെ ആശ്രയിച്ചിരിക്കുന്നത് നമ്മുടെ രാജ്യത്ത് മാത്രം കാണുന്ന പ്രത്യേകതയാണ്. അതുകൊണ്ടുതന്നെയാണ് ഈ ലേഖിക കേരളത്തില്‍ വച്ച് നഴ്‌സിംഗ് എന്ന പ്രൊഫഷനെ എതിര്‍ത്തിരുന്നതും. എന്നാല്‍ ഇന്ത്യയില്‍നിന്ന് പറിച്ച നട്ടപ്പോള്‍ ഒരു നഴ്‌സ് ആണെന്ന് അഭിമാനത്തോടെ പറയുന്നതും.

ഇപ്പോള്‍ സമരം ചെയ്യുന്ന നഴ്‌സിംഗ് സമൂഹമേ, ഉറച്ച കാല്‍വെയ്പുകളോടെ മുന്നോട്ട്. ബുദ്ധിയും ചിന്തയും നിറയ്ക്കുന്ന തലച്ചോറുകളും, സുഷുമ്‌നകളും ഉള്ള യുവത്വം. തളരരത്. തളരുമ്പോള്‍ താങ്ങാന്‍ ചുറ്റും സുമനസ്സുകളുണ്ട്. സ്വകാര്യമേഖലയിലെ അധികാരികളുടെ കണ്ണ് തുറക്കാനായി സധൈര്യം മുന്നേറുക. ഈ ലേഖിക പണ്ട് വിളിച്ച ഒരു മുദ്രാവാക്യം ഓര്‍മ്മവരുന്നു. ‘ഫയലുകള്‍ അല്ലിത് സര്‍ക്കാരേ, ആതുര സേവന സേനാനികളാം നഴ്‌സുമാരെന്നോര്‍ത്തോളൂ…’

മലയാളി നഴ്‌സിംഗ് കൂട്ടായ്മയ്ക്ക് ഷിക്കാഗോയില്‍ നിന്നുള്ള എല്ലാ പിന്തുണയും അറിയിക്കുന്നു.

IMG_2452

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here