Home / പുതിയ വാർത്തകൾ / “ആ ഒരാൾ” (The Apostle ) : ബിനു കല്ലറക്കൽ

“ആ ഒരാൾ” (The Apostle ) : ബിനു കല്ലറക്കൽ

പോസ്റ്റ് സർജറി വാർഡിന് മുൻപിലെ ഇടനാഴിയിൽ തിരക്ക് വളരെ കുറവായിരുന്നു. തൊട്ടുമുൻപിലെ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന ക്രൂശിതരൂപത്തിനു മുൻപിൽ മെഴുകുതിരികൾ കത്തുന്നുണ്ട്. അവയിലെ നാളങ്ങൾ കാറ്റിലുലയുന്നു. ആരോ ആ ക്രൂശിതരൂപത്തിനു മുന്നിൽ പലതരത്തിലുള്ള പൂവുകൾ അർപ്പിച്ചിരിക്കുന്നു. ഇടനാഴിയിലിട്ടിരിക്കുന്ന കസേരകളിൽ ക്ഷീണിച്ച കൺപോളകളോട് കൂടിയ ചില മനുഷ്യക്കോലങ്ങൾ ഇരിക്കുന്നു. "രേഖാ.. " വാർഡിന്റെ വാതിൽ തുറന്നു ഒരു നേഴ്സ് പുറത്തേക്കു തലനീട്ടി വിളിച്ചു. രേഖ ധൃതിയിൽ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു. " മരുന്ന് വാങ്ങിയെങ്കിൽ അകത്തേക്ക് കൊണ്ടുവരൂ.."നേഴ്സ് പറഞ്ഞു. രേഖ നഴ്സിന് പുറകെ വാർഡിനുള്ളിലേക്ക് കയറി. ശീതികരിച്ച മുറി. അവിടെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കിടക്കയിൽ രഘുവേട്ടൻ. രണ്ട് കൈത്തണ്ടകളിലും രക്തവും മരുന്നും ഡ്രിപ് കുത്തിയിട്ടിരിക്കുന്നു. കണ്ണുകൾ അടഞ്ഞാണിരിക്കുന്നത്. മുഖത്തു പ്രത്യേകിച്ച് ഭാവമൊന്നുമില്ല. വിളർച്ചയുണ്ട്. നേഴ്സ് മരുന്ന് കയ്യിൽ വാങ്ങി. " കുഴപ്പമൊന്നുമില്ല.. പേടിക്കേണ്ട.. കുറച്ചു കഴിയുമ്പോൾ ബോധം തെളിയും.. " നേഴ്സ് പറഞ്ഞപ്പോൾ ആശ്വാസനിശ്വാസമുതിർത്തുകൊണ്ട് രേഖ പുറത്തേക്കിറങ്ങി വീണ്ടും അവിടെ കണ്ട കസേരയിലിരുന്നു. ജീവിതത്തിലെ ഒരു…

ബിനു കല്ലറക്കൽ

പോസ്റ്റ് സർജറി വാർഡിന് മുൻപിലെ ഇടനാഴിയിൽ തിരക്ക് വളരെ കുറവായിരുന്നു. തൊട്ടുമുൻപിലെ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന ക്രൂശിതരൂപത്തിനു മുൻപിൽ മെഴുകുതിരികൾ കത്തുന്നുണ്ട്. അവയിലെ നാളങ്ങൾ കാറ്റിലുലയുന്നു.

User Rating: Be the first one !

പോസ്റ്റ് സർജറി വാർഡിന് മുൻപിലെ ഇടനാഴിയിൽ തിരക്ക് വളരെ കുറവായിരുന്നു. തൊട്ടുമുൻപിലെ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന ക്രൂശിതരൂപത്തിനു മുൻപിൽ മെഴുകുതിരികൾ കത്തുന്നുണ്ട്. അവയിലെ നാളങ്ങൾ കാറ്റിലുലയുന്നു. ആരോ ആ ക്രൂശിതരൂപത്തിനു മുന്നിൽ പലതരത്തിലുള്ള പൂവുകൾ അർപ്പിച്ചിരിക്കുന്നു. ഇടനാഴിയിലിട്ടിരിക്കുന്ന കസേരകളിൽ ക്ഷീണിച്ച കൺപോളകളോട് കൂടിയ ചില മനുഷ്യക്കോലങ്ങൾ ഇരിക്കുന്നു. “രേഖാ.. ” വാർഡിന്റെ വാതിൽ തുറന്നു ഒരു നേഴ്സ് പുറത്തേക്കു തലനീട്ടി വിളിച്ചു. രേഖ ധൃതിയിൽ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു. ” മരുന്ന് വാങ്ങിയെങ്കിൽ അകത്തേക്ക് കൊണ്ടുവരൂ..”നേഴ്സ് പറഞ്ഞു. രേഖ നഴ്സിന് പുറകെ വാർഡിനുള്ളിലേക്ക് കയറി. ശീതികരിച്ച മുറി. അവിടെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കിടക്കയിൽ രഘുവേട്ടൻ. രണ്ട് കൈത്തണ്ടകളിലും രക്തവും മരുന്നും ഡ്രിപ് കുത്തിയിട്ടിരിക്കുന്നു. കണ്ണുകൾ അടഞ്ഞാണിരിക്കുന്നത്. മുഖത്തു പ്രത്യേകിച്ച് ഭാവമൊന്നുമില്ല. വിളർച്ചയുണ്ട്. നേഴ്സ് മരുന്ന് കയ്യിൽ വാങ്ങി. ” കുഴപ്പമൊന്നുമില്ല.. പേടിക്കേണ്ട.. കുറച്ചു കഴിയുമ്പോൾ ബോധം തെളിയും.. ” നേഴ്സ് പറഞ്ഞപ്പോൾ ആശ്വാസനിശ്വാസമുതിർത്തുകൊണ്ട് രേഖ പുറത്തേക്കിറങ്ങി വീണ്ടും അവിടെ കണ്ട കസേരയിലിരുന്നു. ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധി മറികടക്കാൻ പോകുന്നു. അതിന് കാരണക്കാരായവരിൽ പ്രധാനി അയാൾ.. ഇന്നലെ കണ്ട ആ ഒരാൾ… ആ അജ്ഞാതൻ. രേഖ ചിന്തകളിലേക്ക് കൂപ്പുകുത്തി. 

        ജീവിതത്തിലെ ചില നേരങ്ങളിൽ, ചില പ്രതിസന്ധിഘട്ടങ്ങളിൽ ചിലർ വരും, ദൈവദൂതനെ പോലെ ഒരാൾ… ‘ആ ഒരാൾ..’ പലപ്പോഴും പിന്നെയവരെ കാണാറില്ല. എല്ലാവരുടെ ജീവിതത്തിലും അങ്ങനെയൊരാൾ ചില സമയങ്ങളിൽ കടന്നു വരാറുണ്ട്. ബസ്സിൽ ടിക്കറ്റ് എടുക്കാൻ നോക്കുമ്പോൾ പേഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുന്ന നിമിഷങ്ങളിൽ, പുഞ്ചിരിയോടെ ഒരു പത്തുരൂപാ നോട്ട് തന്നു സഹായിക്കുന്നയാൾ.. സ്ക്കുളിൽ നിന്നും മടങ്ങുന്ന വഴിയിൽ പാമ്പിനെക്കണ്ട് പേടിച്ച്  നിലവിളിക്കുന്ന കുഞ്ഞുമകളെ, ആശ്വസിപ്പിച്ച് വീട്ടിലെത്തിക്കുന്ന ആ ഒരാൾ…… ക്യുവിൽ നിൽക്കുന്ന സമയത്ത് തലകറങ്ങി വീണപ്പോൾ താങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചയാൾ…. ബസ്സിലോ ട്രെയിനിലോ മറ്റുള്ളവർ ശല്യപ്പെടുത്തുമ്പോൾ, അവിടെ ഒരു സംരക്ഷണവലയം തീർത്തുതരുന്നയാൾ…. ആത്മഹത്യയാണിനി അഭയം എന്നുറപ്പിച്ച് അതിലേക്ക് പോകാനൊരുങ്ങുമ്പോൾ, കാതിലേക്ക് ആശ്വാസത്തിന്റെയും പ്രത്യാശയുടെയും കുളിർനാദം ചൊരിഞ്ഞ്, ആ നിമിഷം, ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുന്നയാൾ…. അങ്ങനെ എല്ലാവർക്കും ഈ അജ്ഞാതന്റെ, ” ആ ഒരാളിന്റെ ” സാന്ത്വനം കിട്ടിയിട്ടുണ്ടാവാം, പല സന്ദര്ഭങ്ങളിൽ.. എന്നാൽ ജീവിതത്തിലൊരിക്കലും പിന്നെയവരെ കാണാൻ കഴിഞ്ഞെന്നു വരില്ല. അല്ലാ, അങ്ങനെയൊരു അനുഭവമാണല്ലോ ഇന്നലെ എന്റെ ജീവിതത്തിലും സംഭവിച്ചത്.. “ആ ഒരാൾ”

ഇല്ലായിരുന്നെങ്കിൽ… ??!

         ഇന്നലെ രഘുവേട്ടന്റെ കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആയിരുന്നു. ഇരു കിഡ്നികളും പ്രവർത്തനരഹിതമായതിനെത്തുടർന്ന് അത്യാസന്ന നിലയിലായിരുന്ന രഘുവേട്ടന്റെ ജീവൻ നിലനിർത്തിയിരുന്നത് ഡയാലിസിലൂടെ ആയിരുന്നു. രഘുവേട്ടന്റെ അമ്മ കിഡ്‌നി തരാൻ തയാറായിരുന്നുവെങ്കിലും, ഓപ്പറേഷന് വേണ്ടിവരുന്ന ഭാരിച്ച തുക ഒരു പ്രശ്നമായിരുന്നു. അങ്ങനെയാണ്, ചില സുഹൃത്തുക്കളുടെ സഹായത്തോടെ, സമൂഹ മാധ്യമങ്ങളിൽ രഘുവേട്ടന്റെ ഫോട്ടോ സഹിതം സഹായാഭ്യർത്ഥന അയച്ചത്. അടുത്തുള്ള ഒരു ബാങ്കിൽ അതിനായി ഒരു അക്കൗണ്ടും തുറന്നു. മനുഷ്യസ്നേഹികൾക്ക് വംശനാശം സംഭവിച്ചിട്ടില്ല എന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടു. ഒരാഴ്ചക്കുള്ളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഇരുപതു ലക്ഷത്തോളം രൂപാ ആ അക്കൗണ്ടിലേക്ക് ഒഴുകിയെത്തി. ഇന്നലെ രാവിലത്തേക്ക് ഓപ്പറേഷൻ തീരുമാനിച്ചു.

       ഓപ്പറേഷന് മുൻപ് ആശുപത്രിയിൽ കെട്ടിവയ്ക്കാനുള്ള തുകയെടുക്കാനായി ഞാൻ ഒറ്റക്കാണ് ബാങ്കിന്റെ ശാഖയിൽ ചെന്നത്. കൂടെ വരാൻ ആരുമില്ലായിരുന്നു. നേരത്തെ അറിയിച്ചതനുസരിച്ച് ബാങ്കുകാർ തുക റെഡി ആക്കി വച്ചിരുന്നു. ആ തുക ഷോൾഡർ ബാഗിലാക്കി ബാങ്കിന്റെ പടിയിറങ്ങുമ്പോൾ, ആശുപത്രിയിൽ കിടക്കുന്ന രഘുവേട്ടന്റെ തളർന്ന മുഖം മാത്രമായിരുന്നു മനസ്സിൽ. നടന്ന് നിരത്തിലേക്കിറങ്ങി. റോഡിൽ, രാവിലെതന്നെ നല്ല തിരക്കുണ്ടായിരുന്നു. തലങ്ങും വിലങ്ങും നീങ്ങുന്ന വാഹനങ്ങളും മനുഷ്യരും. പെട്ടെന്ന് തലയ്ക്കു പിറകിൽ ശക്തമായ അടിയേറ്റതും, തോളിൽ തൂക്കിയിരുന്ന പണം നിറഞ്ഞ ബാഗ് ആരോ തട്ടിപ്പറിച്ചതുമറിഞ്ഞു. ഫുട്പാത്തിന് മുകളിലേക്ക് വീണുപോയി. കണ്ണുകളിൽ ഇരുട്ട് കയറുമ്പോഴും കണ്ടു, മംഗോളിയൻ മുഖമുള്ള ഒരുവൻ എന്റെ ബാഗുമായി മുന്നോട്ട് കുതിക്കാൻ ശ്രമിക്കുന്നു. ” അയ്യോ… എന്റെ  ബാഗ്… ” തലപെരുക്കുന്നെങ്കിലും ഞാൻ ഒച്ചവയ്ക്കാൻ ശ്രമിച്ചു, പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല. നിറഞ്ഞ കണ്ണുനീർ കാഴ്ചകളെ മറക്കാൻ ശ്രമിച്ചപ്പോൾ, പെട്ടെന്ന്, അവ്യക്തമായി ആ കാഴ്ച്ച കണ്ടു.. മംഗോളിയൻ മുഖമുള്ളവൻ ശക്തമായ അടിയേറ്റ് റോഡിലേക്ക് തെറിച്ചു വീഴുന്നു, കൂടെ പണം നിറഞ്ഞ എന്റെ ബാഗും. അവന്റെ നെഞ്ചിൽ കരുത്താർന്ന നീണ്ട രണ്ട് കാലുകൾ ചടുല നൃത്തമാടുന്നു. മൂന്ന് മിനിറ്റ്…. അവൻ ബോധരഹിതനായി… വായിൽ നിന്നും കൊഴുത്ത ചോര ഒലിച്ചിറങ്ങുന്നു… ആറടിയിൽ കൂടുതൽ പൊക്കമുള്ള, ഇരുനിറമുള്ള, ആജാനുബാഹുവായ ഒരാൾ.. അയാൾ വീണുകിടന്ന എന്റെ ബാഗുമെടുത്ത് എന്റെ അടുത്തെത്തി, എന്നെ പിടിച്ചെഴുന്നേല്പിച്ചു. അയാൾ ഒരു കറുത്ത സൺ ഗ്ലാസ് ധരിച്ചിരുന്നു. നീല ജീൻസും വെള്ള ഷർട്ടും ധരിച്ച, കരുത്തുള്ള ചുമലോട് കൂടിയ ഒരാൾ. പറ്റെ വെട്ടിയ തലമുടിയും വെട്ടിയൊതുക്കിയ നരച്ച താടിരോമങ്ങളും. ” സാരമില്ല.. ഇതൊക്കെ സൂക്ഷിക്കണ്ടേ.. ഇക്കാലത്തു ഒറ്റക്ക് ഇങ്ങനുള്ള കാര്യങ്ങൾക്കൊന്നും പോകരുത്.. വരൂ… ഞാൻ കൊണ്ടുപോയി വിടാം… ” അയാൾ പരുപരുത്ത ശബ്ദത്തിൽ പറഞ്ഞു. ഞാൻ അയാളോടൊപ്പം അയാളുടെ കാറിൽക്കയറി. എങ്ങോട്ടാണ് പോകേണ്ടത് എന്നുപോലും ചോദിക്കാതെ അയാൾ വണ്ടി മുന്നോട്ടെടുത്തു. കാറിനുള്ളിൽ നിശ്ശബ്ദതയായിരുന്നു. അയാൾ എന്നോടൊന്നും ചോദിച്ചില്ല, പറഞ്ഞതുമില്ല… ഞാനും.  തല നന്നായി  വേദനിക്കുന്നുണ്ടായിരുന്നു. ഞാനൊന്നും പറയാതെ തന്നേ, എന്നെ അത്ഭുതപ്പെടുത്തികൊണ്ട്, രഘുവേട്ടൻ കിടക്കുന്ന ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിനു മുൻപിൽ അയാൾ കാർ നിർത്തി. ഞാൻ അയാളുടെ മുഖത്തേക്ക് ചെരിഞ്ഞു നോക്കി. സൺഗ്ലാസ് ധരിച്ചിരുന്നത് കൊണ്ട് ആ കണ്ണുകളിലെ ഭാവങ്ങൾ വ്യക്തമല്ലായിരുന്നു. “ഇറങ്ങിക്കോളൂ.. ” അയാൾ മുരളുന്നതുപോലെ പറഞ്ഞപ്പോൾ ഞാൻ ഡോർ തുറന്നിറങ്ങി.ഒന്നും മിണ്ടാനാവാതെ, ഞാൻ ആശുപത്രി ക്കെട്ടിടത്തിലേക്ക് നടന്നു നീങ്ങി. ആശുപത്രി വരാന്തയിലേക്ക് കയറിയിട്ട് ഞാനൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ, അയാളും ആ കറുത്ത കാറും അവിടെയില്ലായിരുന്നു. 

         ” രേഖാ…..രഘു കണ്ണുതുറന്നു.. നിന്നെ അന്വേഷിക്കുന്നു.. ” നഴ്സിന്റെ ശബ്ദം അവളെ ചിന്തയിൽ നിന്നുമുണർത്തി. രേഖ എഴുന്നേറ്റു. 

വാർഡിലേക്ക് കടക്കും മുൻപ് രേഖ ഒന്ന് തിരിഞ്ഞു നോക്കി, പുറത്തേക്ക്….. ‘ ആ ഒരാൾ ‘

അവിടെങ്ങാനും നിൽക്കുന്നുണ്ടോ… ആ കനത്ത കാൽച്ചുവടുകളുമായി……. .

Check Also

സക്കറിയ പാപ്പച്ചന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

ന്യൂ യോർക്ക് : അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന കളത്തില്‍ പാപ്പച്ചന്റെ ഏക പുത്രന്‍ സാക്ക് പാപ്പച്ചന്റെ (സക്കറിയ-43) നിര്യാണത്തിൽ ഫൊക്കാന …

Leave a Reply

Your email address will not be published. Required fields are marked *