തിരുവനന്തപുരം: നടനും എം എല്‍ എയുമായ മുകേഷ് അവതരിപ്പിക്കുന്ന ബഡായി ബംഗ്‌ളാവ് എന്ന പരിപാടിക്ക് കഴിഞ്ഞ രണ്ടാഴ്ചയായി പ്രേക്ഷകര്‍ കുറയുന്നുവെന്ന് ഏഷ്യാനെറ്റ്. ഇത് ഔദ്യോഗികമായി പറയുന്നില്ലെങ്കിലും റേറ്റിംഗില്‍ ബഡായി ബംഗ്‌ളാവ് താഴേയ്ക്കു പോയെന്നാണ് സൂചന. നടിയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുകേഷിന്റെ പേരും സജീവമായി വന്നതോടെയാണിത്.

മെയ് 29നു കൊച്ചിയില്‍ ചേര്‍ന്ന താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് മുകേഷ് പൊട്ടിത്തെറിച്ചത് വിവാദമായിരുന്നു. തല്‍സമയം മിക്ക ചാനലുകളും സംപ്രേഷണം ചെയ്ത വാര്‍ത്താ സമ്മേളനത്തില്‍ മുകേഷും കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുമാണ് മാധ്യമങ്ങളോട് ഏറ്റവുമധികം കയര്‍ത്തത്. നടിയുടെ കേസില്‍ ആരോപണ വിധേയനായ ദിലീപിനെ ന്യായീകരിച്ചായിരുന്നു ഇത്.

മുകേഷിനെതിരേ ഇക്കാര്യത്തില്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും മാത്രമല്ല സി പി എമ്മിലും ഇടതുമുന്നണിയിലും രോഷമുയരുകയും ചെയ്തു. കൊല്ലത്തു നിന്ന് സി പി എം സ്വതന്ത്രനായാണ് മുകേഷ് നിയമസഭയിലേക്ക് വിജയിച്ചത്. ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ ഗണേഷ് കുമാര്‍ ദിലിപീനെ തള്ളിപ്പറഞ്ഞെങ്കിലും മുകേഷ് അതിനു തയ്യാറായില്ല. ഇതും പാര്‍ട്ടിയെ ചൊടിപ്പിച്ചു. ഈ നിലപാട് തിരുത്തണമെന്ന് പാര്‍ട്ടി മുകേഷിനോട് നിര്‍ദേശിച്ചതായാണ് സൂചന. താന്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് തുടക്കക്കാരനാണെന്നും അതുകൊണ്ട് സംഭവിച്ച അബദ്ധമാണെന്നും വിശദീകരിച്ച് മാധ്യമങ്ങളുടെ മുന്നില്‍ ഖേദപ്രകടനം നടത്തിയെങ്കിലും മുകേഷ് ഇപ്പോഴും ദിലീപിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്തതിലെ പ്രേക്ഷക രോഷമാണ് ബഡായി ബംഗല്‍വിന്റെ റേറ്റിംഗ് താഴുന്നതില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍.

മൂന്നു വര്‍ഷത്തോളമായി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്‌ളാവില്‍ മുകേഷ് ബംഗ്‌ളാവ് ഉടമയും രമേശ് പിഷാരടി, ആര്യ എന്നിവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അവിടുത്തെ താമസക്കാരുമാണ്. വിവിധ സിനിമകളുടെ പ്രമോഷണല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താരങ്ങളെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും അതിഥികളാക്കിയാണ് ഇതിന്റെ കൂടുതല്‍ എപ്പിസോഡുകളും വന്നത്. ദിലീപ് ഒന്നിലധികം തവണ ഈ പരിപാടിയില്‍ അതിഥിയായി എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here