തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ മൂന്നാഴ്ചയായി നടത്തിവന്ന സമരം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ രമ്യമായി ഒത്തുതീര്‍ന്നു. ഇതനുസരിച്ച് 50 കിടക്ക വരെയുളള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം 20,000 രൂപയായിരിക്കും. 50 കിടക്കകള്‍ക്കുമീതേ വരുന്ന ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം പുനര്‍നിര്‍ണയിക്കാന്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. നഴ്സുമാരുടെ പരിശീലന കാലാവധി, പരിശീലന കാലത്തെ സ്റ്റൈപൻഡ് എന്നീ കാര്യങ്ങളും ഈ സമിതി പരിശോധിക്കും. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തൊഴില്‍, ആരോഗ്യം, നിയമം വകുപ്പുകളുടെ സെക്രട്ടറിമാരും ലേബര്‍ കമ്മിഷണറും സമിതിയിലെ അംഗങ്ങളാണ്. സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നഴ്സുമാരുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. മാനേജ്മെന്റുകളെയും സർക്കാരിനെയും സമ്മർദത്തിലാക്കുന്നതിനായി നഴ്സുമാർ കൂട്ടത്തോടെ അവധിയെടുത്തു നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള നിർണായക ചർച്ച. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ സമരം പിൻവലിക്കാൻ തീരുമാനിച്ചതായി നഴ്സുമാരുടെ സംഘടനയായ യുഎൻഎ അറിയിച്ചു. സമരം വിജയകരമായി പര്യവസാനിച്ചതായും സംഘടനാ പ്രതിനിധികൾ അവകാശപ്പെട്ടു. സമരം നടത്തിയവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികളോട് നിർദ്ദേശിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here