????????????????????????????????????

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍പെട്ട സൂപ്പര്‍താരം ദിലീപ്, മത സ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ നടത്തിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ എന്നിവരേക്കാള്‍ വലിയ കുഴപ്പത്തിലെത്തിയ സംസ്ഥാന ബിജെപി കരകയറാന്‍ കാലിട്ടടിക്കുന്നു. സ്വകാര്യ മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദ് അഞ്ച് കോടി 60 ലക്ഷം രൂപ വാങ്ങിയെന്നാണ് പുറത്തുവന്നിരിക്കുന്നത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് അതിന്റെ പങ്കുപറ്റിയെന്നും. രമേശ് നിഷേധിച്ചിട്ടുണ്ട്. അതുകൊണ്ട് തീരുമെന്നു തോന്നുന്നില്ല. പണം കൊടുത്തയാളുടെ പരാതി നേതൃത്വത്തിന് ലഭിച്ചതിനേത്തുടര്‍ന്ന് മുതിര്‍ന്ന നേതാവ് കെ പി ശ്രീശന്‍ ഉള്‍പ്പെട്ട കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചിരുന്നു. ആ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് കേരളത്തില്‍ ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടി കേന്ദ്ര ഭരണം ഉപയോഗിച്ചു നടത്തുന്ന അഴിമതിയേക്കുറിച്ച് വിശദാംശങ്ങളുള്ളത്. കേരള ബിജെപിയില്‍ രൂക്ഷമായി നിലനില്‍ക്കുന്ന ഗ്രൂപ്പു പോരിന്റെ ഭാഗമായാണ് കോഴ പുറത്തുവന്നതെങ്കിലും സംഗതി അടിസ്ഥാനമില്ലാത്തതല്ലെന്നു വന്നതോട ഗുരുതരമായി മാറിയിരിക്കുകയാണ്.

വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടുകഴിഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് അങ്ങനെതന്നെ ലഭിച്ച മാധ്യമങ്ങള്‍ സ്വാഭാവികമായും അത് ആഘോഷിക്കുകയും ചര്‍ച്ചയാക്കി മാറ്റുകയും ചെയ്തു. ബിജെപിക്കുള്ളില്‍ ഉണ്ടാകാവുന്ന പൊട്ടിത്തെറികള്‍ പുറത്തുണ്ടാകാവുന്ന ആക്ഷേപങ്ങള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്ത് ബിജെപിയുടെ മിഷന്‍ 2019 എങ്ങനെയാക്കുമെന്ന് കണ്ടുതന്നെ അറിയണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കള്ളനോട്ട് കേസില്‍ കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാക്കള്‍ ജയിലില്‍ കിടക്കുകയാണ്. എവിടെ നിന്നെങ്കിലും കിട്ടിയ നോട്ട് അറിയാതെ കൈവശം വച്ചതിനല്ല, സ്വന്തം വീട്ടില്‍ കള്ളനോട്ട് അടിച്ച് ഉപയോഗിച്ചതിനാണ് കേസ്. തിരുവനന്തപുരം കോര്‍പറേഷനിലെ നികുതികാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ടെക്‌നോപാര്‍ക്കിലെ കമ്പനിക്ക് കോടികളുടെ നികുതി ഇളവ് ചെയ്തുകൊടുക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നിലനില്‍ക്കുകയാണ്. അതിനെതിരേയും ബിജെപിയിലെത്തന്നെ ഒരു വിഭാഗമാണ് രംഗത്തുള്ളത്. തിരുവനന്തപുരത്തെ ചില നേതാക്കള്‍ക്കെതിരേ ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ആരോപണ വിധേയരായ നേതാക്കള്‍ക്കെതിരേ ബിജെപി സംസ്ഥാന പ്രഡിസന്റ് കുമ്മനം രാജശേഖരന്‍ നടപടിയെടുത്തേക്കുമെന്ന് സൂചനയുണ്ട്. നടപടിയുണ്ടായാലും ഇല്ലെങ്കിലും കേരളത്തിലെ ബിജെപിയില്‍ ചേരിപ്പോര് രൂക്ഷമാകും. മറുവശത്ത് വിജിലന്‍സ് കേസും മറ്റുമായി ചില നേതാക്കള്‍ പ്രശ്‌നത്തിലാവുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here