പോക്കണോസ് (പെന്‍സില്‍വേനിയ): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ആത്മനിറവോടെ പരിവ്യസാനം. ജൂലൈ 12 ബുധനാഴ്ച ആരംഭിച്ച കുടുംബസംഗമം ശനിയാഴ്ച വിശുദ്ധമായ കുര്‍ബ്ബാനയോടെ സമാപിച്ചു. കിഴക്കിന്റെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായും മലങ്കര ഓര്‍ത്തഡോക്‌സ്  സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിറ സാന്നിധ്യം കോണ്‍ഫറന്‍സിന് ഊര്‍ജ്ജവും ഉന്മേഷവും നല്‍കി. കോണ്‍ഫറന്‍സിന്റെ സമാപനദിനം ശനിയാഴ്ച അതിരാവിലെ 6.30-ന് നമസ്‌ക്കാരങ്ങളോടെ സമാരംഭിച്ചു. തലേന്ന് വിശുദ്ധ കുമ്പസാര ശുശ്രൂഷയില്‍ പങ്കെടുത്തവരും ഹൂസോയോ പ്രാപിച്ചവരുമായ അനേകം വൈദികരും വിശ്വാസികളും നേരത്തെ തന്നെ എത്തിച്ചേര്‍ന്നിരുന്നു. പരിശുദ്ധ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടു. ഭദ്രാസന മെത്രാപ്പോലീത്തയും പുരോഹിതന്മാരും കാപ്പായണിഞ്ഞ് ആരാധനയില്‍ പങ്കെടുത്തത് ആത്മീയാനുഭൂതി പകരുന്ന ഒരു കാഴ്ചയായിരുന്നു.

വിശുദ്ധ കുര്‍ബ്ബാനാനന്തരം കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ആരംഭിച്ചു. ഡോ. മിനി ജോര്‍ജ് വേദപുസ്തകം വായിച്ചു. സമ്മേളന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പരിശുദ്ധ ബാവ തിരുമേനി തന്റെ തിരക്കാര്‍ന്ന പരിപാടികളുടെ ഇടയില്‍ വെറും നാലു ദിവസത്തെ പരിപാടിക്കായി അമേരിക്കയില്‍ വന്നതില്‍ പ്രത്യേകം നന്ദി പറയുകയും പരിശുദ്ധ ബാവായുടെ സാന്നിധ്യം എല്ലാവര്‍ക്കും അനുഗ്രഹീതമായ ഊര്‍ജം നല്‍കുകയും ചെയ്തുവെന്ന് പ്രസ്താവിച്ചു.
ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ സഭയ്ക്കായി വാങ്ങിയ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിന്റെ ഉദ്ഘാടനം പരിശുദ്ധ കാതോലിക്ക ബാവയെ കൊണ്ടു തന്നെ നടത്തിക്കണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണ് പരിശുദ്ധ പിതാവിനെ നിര്‍ബ്ബന്ധപൂര്‍വ്വം ക്ഷണിക്കേണ്ടി വന്നതെന്ന് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അറിയിച്ചു. സാധാരണ ഗതിയില്‍ അമേരിക്കയിലേക്കുള്ള യാത്രകള്‍ കുറയ്ക്കണമെന്ന തീരുമാനത്തിലാണ് താനെങ്കിലും ഇവിടുത്തെ സഭാ, മക്കളെ കാണാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനാണെന്നും വിശിഷ്യാ ഭദ്രാസനം സ്വന്തമായി വാങ്ങിയ സെമിനാരിയും സ്ഥലവും ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം കൊണ്ടാണെന്നും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും പരി. ബാവ അറിയിച്ചു.

തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ ഭദ്രാസന കൗണ്‍സിലിനെ അനുമോദനങ്ങള്‍ നേരുന്നതിനും ആദരിക്കുന്നതിനുമുള്ള സമയമായിരുന്നു. സ്ഥാനമൊഴിഞ്ഞ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. എം. കെ. കുര്യാക്കോസ് (ഭദ്രാസന സെക്രട്ടറി), ഫാ. ഷിബു ഡാനിയേല്‍, ഫാ. ആന്‍ഡ്രൂ (ലീസണ്‍) ഡാനിയേല്‍, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി കെ. വറുഗീസ്, അജിത് വട്ടശ്ശേരില്‍, ഡോ. സാഖ് സക്കറിയ, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം വറുഗീസ് പോത്താനിക്കാട് എന്നിവരുടെ ത്യാഗോജ്വലമായ പ്രവര്‍ത്തനപാടവത്തെ ശ്ലാഘിക്കുകയും റിട്രീറ്റ് സെന്റര്‍ വാങ്ങുന്നതിനുള്ള പ്രക്രിയയില്‍ സജീവ സാന്നിധ്യമായിരുന്ന ഇവരെ അനുമോദിക്കുകയും ചെയ്തു കൊണ്ട് എല്ലാവര്‍ക്കും പ്രശംസ ഫലകങ്ങള്‍ പരി. ബാവ നല്‍കി.

യോഗത്തില്‍ കോണ്‍ഫറന്‍സിന്റെ നാലു ദിവസത്തെ പരിപാടികളെ അവലോകനം ചെയ്തു. ഫിലിപ്പ് തങ്കച്ചന്‍ (ഡോവര്‍ സെന്റ് തോമസ്), അലക്‌സ് ജോണ്‍ (ലിന്‍ഡണ്‍ സെന്റ് മേരീസ്), മാര്‍ഷലിന്‍ വിന്‍സെന്റ് (ടൊറന്റൊ സെന്റ് ഗ്രിഗോറിയോസ്) എന്നിവര്‍ തങ്ങളുടെ അനുഭവം സദസ്സുമായി പങ്കിട്ടു. കലഹാരി റിസോര്‍ട്ട് എല്ലാവര്‍ക്കും ഹൃദ്യമായെന്നും ഇനിയും അവിടെ തന്നെ കോണ്‍ഫറന്‍സ് നടത്തുന്നതില്‍ തെറ്റില്ലെന്നും പൊതുവേ അഭിപ്രായമുണ്ടായി. കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അക്ഷീണം പ്രവര്‍ത്തിച്ച് കോണ്‍ഫറന്‍സ് വിജയമാക്കിയ വിവിധ സബ് കമ്മിറ്റികള്‍ക്കും അണിയറയിലും അല്ലാതെയും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നിക്കോളോവോസ് മെത്രാപ്പോലീത്ത നന്ദിയര്‍പ്പിച്ചു.

കോണ്‍ഫറന്‍സിലെ ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തിയ സ്ലൈഡ് ഷോ പ്രദര്‍ശനവും ഉണ്ടായിരുന്നു. ബിബിന്‍ മാത്യുവാണ് ഇതു ക്രമീകരിച്ചത്.

കോണ്‍ഫറന്‍സ് ഭക്ഷണസമയങ്ങളിലെ നിറസാന്നിധ്യമായിരുന്ന ബാലന്‍ എബിന്‍ ലൂക്കോസിനെ പ്രത്യേകമായി അഭിനന്ദിക്കുകയും തദ്ദവസരത്തില്‍ പരി.ബാവ തിരുമേനിക്ക് ചായ നല്‍കിയ എബിനെ പരി.ബാവ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. ഈ കാഴ്ച സദസ്സിന് കൗതുകമായി.

വ്യാഴാഴ്ച നടന്ന കായികമത്സരത്തില്‍ വടം വലിക്ക് വിജയം നേടിയ ടീമിനു വേണ്ടി സജി താമരവേലില്‍ പരി. ബാവയില്‍ നിന്നും റോളിങ് ട്രോഫി ഏറ്റു വാങ്ങി. പ്രധാന പ്രാസംഗികര്‍ക്കും സൂപ്പര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും പരി.ബാവ പ്രശംസ ഫലകം നല്‍കി ആദരിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ കോര്‍ഡിനേറ്റര്‍ റവ.ഡോ. വറുഗീസ് എം. ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ ജീമോന്‍ വറുഗീസ് എന്നിവരുടെ മികച്ച പ്രവര്‍ത്തനഫലമായി ഈ കോണ്‍ഫറന്‍സിന്റെ വിജയത്തെ കാണേണ്ടിയിരിക്കുന്നുവെന്ന് മാര്‍ നിക്കോളോവോസ് അനുസ്മരിച്ചു.

അടുത്ത വര്‍ഷത്തെ കോര്‍ഡിനേറ്ററായി റവ.ഡോ.വറുഗീസ് എം. ഡാനിയേലിനെയും ജനറല്‍ സെക്രട്ടറിയായി ജോര്‍ജ് തുമ്പയിലിനെയും വീണ്ടും നിയമിക്കുന്നതോടൊപ്പം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ജീമോന്‍ വറുഗീസിനു പകരം മാത്യു വറുഗീസിനെ (ബേബി, എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്) ട്രഷററായും സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത നിയമിച്ചു. കോര്‍ഡിനേറ്റര്‍ റവ.ഡോ. വറുഗീസ് എം. ഡാനിയേല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ പരിപാടികള്‍ നിയന്ത്രിക്കുകയും നന്ദി പറയുകയും ചെയ്തു.

കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ക്കെല്ലാം പരി.ബാവ ശ്ലൈഹിക വാഴ്‌വുകള്‍ നല്‍കി അനുഗ്രഹിച്ചു.
തുടര്‍ന്ന് ബ്രഞ്ച് കഴിച്ച് ഒട്ടുമിക്കവരും ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്റര്‍ ഉദ്ഘാടന കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ഡാല്‍ട്ടണ്‍ കൗണ്ടിയിലേക്ക് യാത്ര തിരിച്ചു.

നിലവിലുണ്ടായിരുന്ന പല റെക്കോഡുകളും ഭേദിച്ച് ചരിത്രമെഴുതിയ കോണ്‍ഫറന്‍സായിരുന്നു ഇത്തവണത്തേത്. പരി. ബാവയുടെ സാന്നിധ്യമായിരുന്നു കോണ്‍ഫറന്‍സിലെ ഏറ്റവും വലിയ സവിശേഷത. സഭയുടെ വൈദിക ട്രസ്റ്റിയുടെയും അത്മായ ട്രസ്റ്റിയുടെയും  സാന്നിധ്യവും ഭദ്രാസനത്തിലെ 53 ഇടവകകളില്‍ നിന്നുമുള്ള പ്രാതിനിധ്യവുമായിരുന്നു ശ്രദ്ധേയം. ആയിരത്തിലേറെ പേര്‍ പങ്കെടുത്ത കോണ്‍ഫറന്‍സിനു വേദിയായത് ലോകോത്തര കണ്‍വന്‍ഷന്‍ സെന്ററായ കലഹാരി റിസോര്‍ട്‌സ് ആയിരുന്നു. കൃത്യസമയത്ത് തന്നെ 345 പേജുള്ള ബിസിനസ്സ് സുവനിയര്‍ പ്രസിദ്ധീകരിച്ചു 1,26,000 ഡോളര്‍ സമാഹരിക്കാന്‍ സാധിച്ചതൊക്കെയും കഠിനാധ്വാനത്തിന്റെ ബാക്കിപത്രങ്ങളായി മാറുന്നു. ആത്മീയ സത്യ പൊരുളുകളുടെ ചുരുള്‍ തേടിയും വിശുദ്ധ കുമ്പസാര കൂദാശയിലേക്ക് നയിച്ച ഹൃദയദ്രവീകരണ മൊഴിമുത്തുകള്‍ക്ക് വഴിയൊരുക്കിയും കോണ്‍ഫറന്‍സ് വന്‍ വിജയമായെന്ന് വിശ്വാസികള്‍ ഒന്നടങ്കം പറഞ്ഞു.

LastDay-5

LEAVE A REPLY

Please enter your comment!
Please enter your name here