കൊച്ചി:യുഎസ് മലയാളി വിമല്‍ കോലപ്പ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനു തയാറെടുക്കുന്നു. തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ് ഇദ്ദേഹം. രണ്ടുവര്‍ഷം മുമ്പ് വിമലിന്റെ മാതാവ് വിമല പത്മനാഭന് മരണാനന്തര ആദരമായി യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിനു മുകളില്‍ അമേരിക്കന്‍ പതാക പറത്തിയതു വാര്‍ത്തയായിരുന്നു. യുഎസ് ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതയ്ക്കുവേണ്ടി പാര്‍ലമെന്റിനു മുകളില്‍ പതാക ഉയര്‍ന്നത്. വിമലയുടെ മകന്‍ വിമല്‍ കോലപ്പയെന്ന വ്യവസായപ്രമുഖനോട് യുഎസ് സര്‍ക്കാര്‍ കാണിച്ച സ്‌നേഹവായ്പ്പിന്റെ പ്രതീകം കൂടിയായിരുന്നു ആ പതാക.

നാടിനോടുള്ള അടങ്ങാത്ത ആവേശവുമായി വിമല്‍ കേരളത്തിലും വമ്പന്‍ നിക്ഷേപത്തിനൊരുങ്ങുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും സേവന മേഖലയിലായിരിക്കുമെന്നാണു സൂചന. നിലവില്‍ യുഎസിലെ നോര്‍ത്ത് കാരലൈന കേന്ദ്രീകരിച്ച് ഇരുപതിലധികം ഹോട്ടലുകളുടെ ഉടമയാണു വിമല്‍. 400 ലധികം പേര്‍ക്കു തൊഴില്‍ നല്‍കുന്നു. 1976ലാണു യുഎസിലെത്തിയത്. യുഎസ് രാഷ്ട്രീയ രംഗത്തും സ്വാധീനമുള്ള വിമല്‍ നോര്‍ത്ത് കാരലൈന പാര്‍ലമെന്റ് അംഗം ജോര്‍ജ് ഹോള്‍ഡിങ്ങിന്റെ വിശ്വസ്തനാണ്.
കേരളത്തില്‍ നിക്ഷേപത്തിനൊരുങ്ങുമ്പോഴും ഇവിടുത്തെ പരിമിതികളെക്കുറിച്ചു വ്യക്തമായ ബോധ്യമുണ്ട് വിമലിന്. വൃത്തി സംബന്ധിച്ചു കൃത്യമായ ഒരു മാര്‍ഗനിര്‍ദേശമില്ലാത്തതാണു ഹോട്ടല്‍, ടൂറിസം രംഗങ്ങളില്‍ ഇന്ത്യ രാജ്യാന്തര നിലവാരത്തിലേക്ക് ഉയരാത്തതിനു കാരണം. സ്വകാര്യതലത്തില്‍ ഇതു ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകണം. അഴിമതിയും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവും നാട്ടിലുണ്ടായാല്‍ അമേരിക്കന്‍ മലയാളികള്‍ക്കു നിക്ഷേപം നടത്താന്‍ സന്തോഷമേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
അമ്മയുടെ മരണനാളുകളില്‍ ആദരത്തിന്റെ പതാക പറന്ന ദിവസത്തെക്കുറിച്ച് വിമല്‍ പറയുന്നതിങ്ങനെ: ഇതെങ്ങനെ സംഭവിച്ചുവെന്നതില്‍ എനിക്കിപ്പോഴും അദ്ഭുതമാണ്. അമ്മ മരിച്ചതു നാട്ടില്‍ വച്ചാണ്. മരണമറിഞ്ഞയുടന്‍ തന്നെ ഞാന്‍ തൈക്കാട്ടേക്കു തിരിച്ചു. മൂന്നുദിവസം ഞാനിവിടെയായിരുന്നു. തിരിച്ചെത്തിയപ്പോള്‍ ജോര്‍ജ് ഹോള്‍ഡിങ്‌സ് എന്റെ ഫോണിലേക്കു വിളിച്ചു. നേരിട്ടു കാണണമെന്നും എന്തോ സാധനം ഏല്‍പ്പിക്കാനുണ്ടെന്നും പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍മൂലം എനിക്കു പോകാനായില്ല. പിറ്റേന്നു തന്നെ കൊറിയറായി ഒരു പാക്കറ്റ് വീട്ടിലെത്തി. തുറന്നു നോക്കിയപ്പോള്‍ യുഎസ് പതാകയും ചില സര്‍ട്ടിഫിക്കറ്റുകളും. ഇതെന്താണെന്നു കൃത്യമായി അറിയാത്തതുകൊണ്ട് ഞാന്‍ കാര്യമായി ശ്രദ്ധിച്ചില്ല.
പിറ്റേന്നു വീട്ടിലെത്തിയ ഒരു സുഹൃത്താണു പാക്കറ്റ് കണ്ട് കാപ്പിറ്റോള്‍ ഫ്‌ലാഗ് പ്രോഗ്രാമിനെക്കുറിച്ചു പറഞ്ഞത്. അവധി ദിനങ്ങളിലൊഴികെ യുഎസ് പാര്‍ലമെന്റിനു മുകളില്‍ പറത്തുന്ന പതാക ഓരോരുത്തരുടെയും പേരിലുള്ള ആദരമാകും. ഇതു ലോകനേതാക്കള്‍ മുതല്‍ ശ്രദ്ധനേടിയ വിശിഷ്ടവ്യക്തികള്‍ വരെയാകാം. 24 മണിക്കൂര്‍ കാപിറ്റോളിനു മുകളില്‍ പറത്തിയശേഷം ഈ പതാക, ആ വ്യക്തിയുടെ കുടുംബത്തിനു സമ്മാനിക്കും. ഇതില്‍ എന്നെപ്പോലൊരു സാധാരണക്കാരന്റെ അമ്മയെക്കൂടി ഉള്‍പ്പെടുത്താന്‍ യുഎസ് സര്‍ക്കാര്‍ കാണിച്ച സ്‌നേഹം വളരെ വലുതാണ്. ഇതാണ് ആ നാടിന്റെ പ്രത്യേകതയും. പുറത്തുനിന്നു വരുന്നവരെ രണ്ടാംകിട പൗരന്മാരായി കാണാതെ അവര്‍ ഒപ്പം ചേര്‍ത്തു നിര്‍ത്തും-അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here