തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ ശക്തമായി അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ ദേശീയ പ്രചാരണം. നരേന്ദ്രമോഡി പ്രധാനമന്ത്രിയായ ശേഷം ദേശീയ തലത്തില്‍ അഴിമതി ഇല്ലാതാക്കി എന്നും ബിജെപി അവകാശപ്പെട്ടു. കേരളത്തിലും ബിജെപി അഴിമതിക്കെതിരായ യുദ്ധത്തിലാണെന്നായിരുന്നു അവകാശവാദം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ പ്രവര്‍ത്തനം. മറ്റ് പാര്‍ട്ടികളില്‍നിന്ന് മുതിര്‍ന്ന നേതാക്കളെ റാഞ്ചിയെടുക്കാനുള്ള ശ്രമവും ആര്‍എസ്എസും ബിജെപിയും ദേശീയ തലത്തില്‍ തന്നെ ഇടപെട്ട് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇതിനിടയിലാണ് മെഡിക്കല്‍ കോളെജ് കോഴ ഇടപാട് പുറത്തുവന്നത്.
മെഡിക്കല്‍ കോളേജ് കോഴയ്ക്ക് തൊട്ടുപിന്നാലെ തന്നെ നരേന്ദ്ര മോഡിയും അമിത് ഷായും പങ്കെടുത്ത ദേശീയ കൗണ്‍സില്‍ യോഗം നടത്തിപ്പിലെ അഴിമതിയേക്കുറിച്ചുള്ള പരാതി സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നു. മലപ്പുറത്ത് റാങ്ക് ലിസ്റ്റില്‍ ഉള്‍പെടുത്താമെന്ന വ്യാജേന 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയാണ് ഏറ്റവും ഒടുവിലത്തേത്. പാര്‍ട്ടിക്കകത്ത് തന്നെയാണ് കോഴ വാങ്ങിയെന്ന പരാതികള്‍ മിക്കതും ഉയരുന്നതും. വിഭാഗീയതയുടെ ഭാഗമായി നേതാക്കള്‍ ചേരി തിരിഞ്ഞ് പോരടിക്കുന്ന സാഹചര്യത്തില്‍ കോഴ ഇടപാടുകളേക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഇനിയും പുറത്തുവന്നേക്കും.
ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയാണ് മറ്റൊന്ന്. ബിജെപി സഹയാത്രികനായ പ്രമുഖനെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തെ ഗവര്‍ണറാക്കാം എന്ന് പറഞ്ഞാണ് വന്‍ തുക വാങ്ങിയത്. പാര്‍ട്ടി കമ്മിറ്റികളില്‍ ഈ ആരോപണം ഉയര്‍ന്നുവന്നെങ്കിലും അന്വേഷണമോ തുടര്‍ നടപടികളോ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
കേന്ദ്രസര്‍ക്കാരിന് കീഴിലെ ഒരു ഉന്നതപദവി വാഗ്ദാനം ചെയ്ത് ഒരു വ്യവസായിയില്‍നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം നേരത്തേയുണ്ടായിരുന്നു. പദവിയുടെ വില്‍പന പാര്‍ട്ടിയില്‍ ശക്തമായ വിമര്‍ശനമായി വന്നു. പിന്നീട് നേതൃത്വം ഇടപെട്ട് ഒതുക്കിതീര്‍ക്കുകയാണ് ചെയ്തത്. കോഴയായി വാങ്ങിയ പണവും അതിന്റെ പലിശയും തിരിച്ചുനല്‍കിയാണ് ഒതുക്കിയതെന്ന് ബിജെപി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ഇക്കാര്യം പുറത്തുവരാതെ നോക്കാന്‍ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിട്ടവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയതായി പാര്‍ട്ടിക്കകത്ത് തന്നെ പരാതിയുണ്ട്. തേജസ്വിനി കെട്ടിടത്തിന് നികുതിയിളവ് നല്‍കാമെന്ന വ്യാജേന 88 ലക്ഷം രൂപ നടത്തിയതായാണ് പരാതി. വിഷയത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതിനേക്കുറിച്ച് സംസ്ഥാന സമിതി യോഗം തീരുമാനിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിട്ടുള്ളത്.

നേതാക്കളിലൊരാള്‍ വിമാനത്താവളത്തിലെ സ്ഥലം മാറ്റത്തിനായി അഞ്ച് ലക്ഷം രൂപ വാങ്ങിയതിനേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വടക്കേ ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലമാറ്റം തരപ്പെടുത്താമെന്ന് പറഞ്ഞാണ് കോഴ വാങ്ങിയത്.
ബിജെപി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില്‍ നാഥ് ബാങ്ക് ടെസ്റ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പെടുത്താനെന്ന വ്യാജേന കോഴ വാങ്ങിയെന്ന പരാതിയും പുറത്തുവന്നു. ബിജെപി നേതാവ് ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും 10 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പണം തിരികെ നല്‍കി പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ മെഡിക്കല്‍ കോളെജ് സ്ഥാപിക്കാനായി ബിജെപി നേതാക്കള്‍ 5.6 കോടി വാങ്ങിയതാണ് പുറത്ത് അറിഞ്ഞതില്‍വെച്ചേറ്റവും വലിയ കോഴ ഇടപാട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍നിന്ന് അനുമതി വാങ്ങിക്കൊടുക്കാനായി 5.6 കോടി രൂപ ബിജെപി നേതാക്കള്‍ കൈപ്പറ്റിയെന്നാണ് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെപി ശ്രീശന്റെ നേതൃത്വത്തിലുള്ള സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് ലഭിച്ച ശേഷവും അത് പൂഴ്ത്തിവെച്ച ബിജെപി നേതൃത്വം നടപടിയെടുക്കാന്‍ തയ്യാറായില്ല.
ഓരോ വീടുകളില്‍ നിന്നും ഓരോ രൂപവീതം സ്വീകരിച്ച് പാര്‍ട്ടി ഫണ്ട് പിരിവും പ്രചരണവും നടത്താന്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ സമ്പന്നരുടെ പക്കല്‍ നിന്നും വന്‍ തുക വാങ്ങി പിരിവ് അവസാനിപ്പിക്കുകയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് വെച്ച് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗം നടത്തിപ്പില്‍ വന്‍ അഴിമതി നടന്നതായും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനത്തിന്റെയും സ്ഥലം മാറ്റത്തിന്റെയും പേരില്‍ നിരവധി കോഴ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടും അഴിമതി നടന്നിട്ടുണ്ട്. അഴിമതിയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here