ന്യൂഡല്‍ഹി: ഇന്ത്യയിലെ കോടിക്കണക്കിനുവരുന്ന പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത. ജോലിചെയ്യുന്ന രാജ്യത്തു വച്ചുതന്നെ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പ്രവാസികളെ അനുവദിക്കുന്നതിനു ജനപ്രാതിനിധ്യ നിയമം (ആര്‍പിഎ) ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതി ബില്‍ എപ്പോള്‍ തയാറാകുമെന്നു രണ്ടാഴ്ചയ്ക്കകം അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചു. പ്രവാസികള്‍ക്കു വിദേശത്തു വോട്ടുചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ടു ദുബായിലെ സംരംഭകന്‍ ഡോ.വി.പി.ഷംഷീര്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

പ്രവാസി വോട്ട് സാധ്യമാക്കാന്‍ നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിമാരുടെ സംഘം കഴിഞ്ഞ ദിവസം തീരുമാനിച്ചതായി അറ്റോര്‍ണി ജനറല്‍ (എജി) കെ.കെ.വേണുഗോപാല്‍ കോടതിയെ അറിയിച്ചു. പാര്‍ലമെന്റ് 2010ല്‍ പാസാക്കിയ ഭേദഗതിപ്രകാരം, പ്രവാസികള്‍ക്ക് ഇന്ത്യയിലെ തങ്ങളുടെ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം; തിരഞ്ഞെടുപ്പു ദിവസം മണ്ഡലത്തിലുണ്ടെങ്കില്‍ വോട്ടുചെയ്യാം. പ്രവാസികള്‍ വോട്ടു ചെയ്യണമെങ്കില്‍ മണ്ഡലത്തില്‍ നേരിട്ടു വന്നേ മതിയാവൂ എന്നത് അനീതിയാണെന്നു വ്യക്തമാക്കിയാണു ഡോ.ഷംഷീര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍, ഇലക്‌ട്രോണിക് തപാല്‍ വോട്ട്, പകരക്കാരനെ (പ്രോക്‌സി) ഉപയോഗിച്ചുള്ള വോട്ട് എന്നിവ സാധ്യമാണെന്ന് അറിയിച്ചു. നിയമഭേദഗതി വേണമോയെന്നു വ്യക്തമാക്കാന്‍ 2014 നവംബറില്‍ കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചെങ്കിലും വ്യക്തമായൊരു മറുപടിക്കു രണ്ടരവര്‍ഷം വേണ്ടിവന്നു. ഇതിനിടെ, നിയമം ഭേദഗതി ചെയ്യണമോ, അതോ തിരഞ്ഞെടുപ്പു നടത്തിപ്പുചട്ടത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയോ എന്നതില്‍ തിരഞ്ഞെടുപ്പു കമ്മിഷനും ഹര്‍ജിക്കാരനും ഭിന്ന നിലപാടെടുത്തതും ശ്രദ്ധേയമായി. നിയമ ഭേദഗതി വേണമെന്ന നിലപാടു കമ്മിഷന്‍ ആവര്‍ത്തിച്ചപ്പോള്‍ ചട്ടം പരിഷ്‌കരിച്ചാല്‍ മതിയാകുമെന്നാണു കരുതുന്നതെന്നു കോടതി വാക്കാല്‍ പറഞ്ഞു.

1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 20എ വകുപ്പും 1951ലെ നിയമത്തിലെ 60–ാം വകുപ്പും ഭേദഗതി ചെയ്യണമെന്നു കമ്മിഷനുവേണ്ടി മീനാക്ഷി അറോറ വ്യക്തമാക്കി. ഹര്‍ജിക്കാരനുവേണ്ടി ഹാരീസ് ബീരാന്‍ ഹാജരായി. നിയമഭേദഗതിയെന്ന തീരുമാനം വ്യക്തമാക്കിയെങ്കിലും അക്കാര്യത്തില്‍ സര്‍ക്കാരിനു തിടുക്കമില്ലെന്ന സൂചനയാണ് എജി കോടതിക്കു നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here